തൃപ്പൂണിത്തുറ : ഇങ്ങനെയൊരു ദുരിതയാത്ര. എന്നിട്ടും നിശ്ശബ്ദമായി സഹിച്ചുപോകുകയാണ് ജനങ്ങൾ. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിന് പുറകിലായിട്ടുള്ള ഇരുമ്പുപാലത്തിലൂടെയുള്ള യാത്രയാണ് കഠിനം. പാലത്തിലാകെ കുഴികളാണ്.
പൊതുമരാമത്ത് വകുപ്പാകട്ടെ ഇവിടെ യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന മട്ടാണ്. ബലക്ഷയത്തെ തുടർന്ന് ഇരുചക്രവാഹനങ്ങൾക്ക് മാത്രമായി വാഹനയാത്ര പരിമിതപ്പെടുത്തിയിട്ടുള്ള ഇരുമ്പുപാലം അടച്ചിട്ടിട്ട് ആറ് വർഷത്തിലേറെയായി. ഇവിടെ പുതിയ പാലം നിർമാണം ഉണ്ടാകുമെന്ന് പാലം അടച്ചപ്പോൾ അധികൃതർ പറഞ്ഞിരുന്നു. കുറച്ച് നടപടികളൊക്കെ ഉണ്ടായി. എന്നാൽ പുതിയ പാലം എന്നുവരും എന്നു ചോദിച്ചാൽ അത് കണ്ടുതന്നെ അറിയേണ്ടിവരും. കാര്യങ്ങൾ വർഷങ്ങളായി കടലാസിൽ തന്നെയാണ് എന്നതാണ് യാഥാർഥ്യം.
എന്നാൽ നിലവിലുള്ള പാലത്തിലെ കുഴികളെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഒന്നടച്ചുകൂടേ? ഈ ചോദ്യം ജനങ്ങളിൽ നിന്നും ഉയരാൻ തുടങ്ങിയിട്ടും വർഷങ്ങളേറെയായി. പൂർണത്രയീശ ക്ഷേത്രത്തിൽ പ്രധാനമായ വൃശ്ചികോത്സവം ഡിസംബർ 7-ന് കൊടിയേറുകയാണ്. ക്ഷേത്രത്തോട് ചേർന്നുള്ള രണ്ട് നടപ്പാലങ്ങളിൽ ഒരെണ്ണം തകർന്ന് താഴെ പുഴയിൽ വീണിട്ടും ഏറെയായി. മറുഭാഗത്തെ നടപ്പാലവും തകർന്നതിനാൽ വർഷങ്ങളായി അതും അടച്ചിട്ടിരിക്കുകയാണ്.
ഉത്സവദിവസങ്ങളിൽ ഇരുമ്പുപാലത്തിലൂടെ നൂറുകണക്കിനാളുകൾ നടന്നു പോകേണ്ടതാണ്. ഒപ്പം ഇരുചക്രവാഹനങ്ങളും. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതും രാജഭരണകാലത്ത് നിർമിച്ചതുമായ ഇരുമ്പുപാലത്തിലൂടെ നിത്യവും നിരനിരയായി ഇരുഭാഗങ്ങളിൽ നിന്നുമായി ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണ് കുഴികളിൽ ചാടിച്ചാടി പോകുന്നത്.
പുഴയ്ക്കക്കരെ പടിഞ്ഞാറേക്കരയിൽ നിന്നായി പൂർണത്രയീശ ക്ഷേത്രത്തിൽ ദർശനത്തിനായും മറ്റാവശ്യങ്ങൾക്കുമൊക്കെയായും മറുകരയിലേക്ക് നടന്നു വരുന്നതും ഇരുമ്പുപാലത്തിലൂടെ തന്നെ.
നടപ്പാലത്തിൽ ആൾത്തിരക്ക് കൂടുമെന്നതിനാൽ താത്കാലികമായി അടയ്ക്കുന്നു എന്ന് പറഞ്ഞാണ് മുൻപ് ഒരു വൃശ്ചികോത്സവക്കാലത്ത് ആകെ ഉണ്ടായിരുന്ന നടപ്പാലങ്ങളിലൊന്ന് അടച്ചത്. അത് പിന്നീട് തുറന്നിട്ടില്ല.
തൃപ്പൂണിത്തുറ പൂർണാനദിക്ക് കുറുകേയുള്ള ഇരുമ്പുപാലം ബ്രിട്ടീഷുകാർ പണിതീർത്തതാണ്.തൃപ്പൂണിത്തുറയെയും കൊച്ചി നഗരസഭയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇരുമ്പുപാലത്തിന്റെ മധ്യഭാഗം വള്ളം പോലെ വളഞ്ഞു. ചേർന്നുള്ള നടപ്പാലങ്ങൾ പണിതിട്ട് രണ്ട് പതിറ്റാണ്ടായിട്ടേയുള്ളൂ. രണ്ടും തകർന്നു. അതിലൊന്ന് നിലംപൊത്തി.
ഇരുമ്പുപാലത്തിലെ കുഴികൾ അടച്ചാൽ തന്നെ യാത്ര കുറെ സുഗമമാകും. അതേപോലെതന്നെ നിലവിലുള്ള ഒരു നടപ്പാലം അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കുന്നതും ജനോപകാരപ്രദമാകും.
ഉണ്ടായിരുന്ന യാത്രാസൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയാണ് വർഷങ്ങളായി ഇവിടെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
Published: 12 Nov 2026, 03:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented