നവീകരണം എം.ടി.ക്കുള്ള ആദരം
പട്ടാമ്പി : വർഷങ്ങളായി ശോച്യാവസ്ഥയിൽക്കിടക്കുന്ന ഓങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ വാടാനാംകുറുശ്ശി കണ്ടംകുളം നവീകരിക്കാനൊരുങ്ങുന്നു. കുളം നവീകരിക്കാൻ മുൻപുതന്നെ ഭരണാനുമതിയായിരുന്നു. പിന്നീട് മഴക്കാലമെത്തി വെള്ളം നിറഞ്ഞതോടെ നടപടി നീണ്ടു. തുടർന്നാണ് വീണ്ടും ശ്രമം. നിലവിൽ പദ്ധതിക്ക് കരാറായിട്ടുണ്ട്. ഡിസംബറോടെ പ്രവൃത്തിയാരംഭിക്കും.
'കുമരനല്ലൂരിലെ കുളങ്ങൾ' എന്ന എം.ടി. വാസുദേവൻനായരുടെ പാരിസ്ഥിതിക ആത്മകഥയിൽ കുളങ്ങളെ വീണ്ടെടുക്കേണ്ടതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. ഇത് പ്രചോദനമായിട്ടായിരുന്നു പട്ടാമ്പി മേഖലയിലെ കുളങ്ങൾ ആധുനികരീതിയിൽ നവീകരിക്കാൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പദ്ധതി തയ്യാറാക്കിയത്.
പത്തിലധികം കുളങ്ങൾ ഇതിന്റെ ഭാഗമായി നവീകരിച്ചു. തുടർന്നാണ് വാടാനാംകുറുശ്ശിയിലെ കണ്ടംകുളവും നവീകരിക്കുന്നത്.പ്രദേശവാസികളുടെ നിരവധി കാലത്തെ ആവശ്യമാണ് കുളം നവീകരിക്കണമെന്നത്. രണ്ടേക്കറോളംവരുന്ന സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുളം പായൽമൂടിയും കാടുപിടിച്ചും ഏറെ ശോച്യാവസ്ഥയിലാണുള്ളത്.
കുളത്തിലേക്കുള്ള വഴിസംബന്ധിച്ച ആശയക്കുഴപ്പമാണ് നവീകരണ പ്രവൃത്തി നീണ്ടുപോകാൻ കാരണം. നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കുളം സന്ദർശിച്ചു. എം.ടി. വാസുദേവൻ നായരുടെ ഓർമ്മകളുമായി ബന്ധപ്പെട്ടാണ് മണ്ഡലത്തിലെ പ്രധാനപ്പെട്ട കുളങ്ങളുടെ നവീകരണം ഏറ്റെടുത്തിരിക്കുന്നതെന്ന് എം.എൽ.എ. പറഞ്ഞു.
നവീകരണം പൂർത്തിയാവുന്നതോടെ സമീപത്തെ ഏക്കറുകണക്കിന് കൃഷിഭൂമിയിലേക്ക് ജലസേചനത്തിനും മറ്റും കർഷകർക്ക് ഏറെ പ്രയോജനപ്പെടും. ഇതോടൊപ്പം നീന്തൽ പരിശീലനത്തിനുള്ള സൗകര്യം, സൗന്ദര്യവത്കരണം, സായാഹ്നങ്ങൾ ചെലവിടാനുള്ള ഇടങ്ങൾ എന്നിവയും ഒരുക്കും. ഓങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. വിജയൻ, വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത് മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും എം.എൽ.എ.യ്ക്കൊപ്പം ഉണ്ടായിരുന്നു.
Published: 20 Nov 2026, 02:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented