സർക്കാർ ഓഫീസുകളിലേക്ക് വരുന്നവർ പ്രയാസത്തിൽ

To advertise here,

ഒറ്റപ്പാലം : '’കോടതിയിൽ കേസുമായി ബന്ധപ്പെട്ട ആവശ്യത്തിന് എത്തിയതായിരുന്നു. രാവിലെമുതൽ വൈകീട്ടുവരെ നിൽക്കേണ്ടി വന്നു.

ഇതിനിടയിൽ പ്രാഥമിക ആവശ്യം നിർവഹിക്കാൻ വഴിയില്ലാതെ ഞാനും രണ്ടു പെണ്മക്കളും വളരെ ബുദ്ധിമുട്ടി’’. അമ്പലപ്പാറ കണ്ണമംഗലം സ്വദേശികളായ കുടുംബത്തിന് അനുഭവിക്കേണ്ടി വന്ന ദുരിതമാണിത്. ഇത്തരത്തിൽ നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങൾക്ക് ഒറ്റപ്പാലത്ത് സർക്കാർ ഓഫീസുകളിലേക്ക് എത്തുന്നത്. അവർക്കൊന്നും പ്രാഥമിക കൃത്യം നിർവഹിക്കാൻ സർക്കാർ ഓഫീസുകളുടെ പരിസരത്ത് ശൗചാലയ സൗകര്യമില്ല. കോടതിയിലെ ആവശ്യത്തിന് എത്തുന്നവർക്കുവേണ്ടി ബാർ അസോസിയേഷൻ ഓഫീസിനുസമീപം ശൗചാലയ കെട്ടിടം നിർമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല.

നഗരസഭയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡിൽ നിർമിച്ച വഴിയിട വിശ്രമകേന്ദ്രവും പ്രവർത്തനം തുടങ്ങാതെ കിടക്കുകയാണ്. റവന്യൂ ഡിവിഷൻ ആസ്ഥാനമായ ഒറ്റപ്പാലത്ത് സബ് കളക്ടർ ഓഫീസ്, താലൂക്ക് ഓഫീസ്, മജിസ്ട്രേറ്റ്, മുൻസിഫ് കോടതികൾ, സബ് രജിസ്ട്രാർ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, വില്ലേജ് ഓഫീസുകൾ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വെറ്ററിനറി പോളി ക്ലിനിക്ക്, പോലീസ് സ്റ്റേഷൻ തുടങ്ങിയവയാണ് അടുത്തടുത്തായി പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ. ഇവിടങ്ങളിലേക്ക് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ആളുകളെത്തുന്നുണ്ട്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ കണക്കിലെടുത്താണ് ഈ രണ്ട്‌ കെട്ടിടങ്ങളും നിർമിച്ചിരുന്നത്.

നഗരസഭയുടെ 2021-22 വർഷത്തെ പദ്ധതിയിൽ എട്ടുലക്ഷം രൂപ ചെലവിലാണ് വഴിയിട വിശ്രമകേന്ദ്രം 2025-ൽ നിർമിച്ചത്. റവന്യൂ വിഭാഗമാണ് ഇതിനുവേണ്ടി സ്ഥലം അനുവദിച്ചിരുന്നത്. ഒരു കഫെറ്റീരിയ, വിശ്രമിക്കാനുള്ള സ്ഥലം, ഭിന്നശേഷിക്കാർക്കുള്ള ശൗചാലയം, രണ്ടുവീതം പുരുഷ, വനിത ശൗചാലയങ്ങൾ, ഇത് കൂടാതെ പൊതുവായ ശൗചാലയവുമാണ് കെട്ടിടത്തിൽ സജ്ജമാക്കിയിരുന്നത്.

13.60 ലക്ഷം രൂപ ചെലവിലാണ് നാല് ശൗചാലയങ്ങൾ റാമ്പ് സൗകര്യത്തോടെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്കുസമീപം 2024-ൽ നിർമിച്ചത്. ഇത് രണ്ടും പരിപാലനത്തിന് ആളെ കിട്ടാത്തത് കാരണം അടഞ്ഞുകിടപ്പാണ്. ഏറ്റെടുത്ത് നടത്തുന്നതിന് പാലപ്പുറം മേഖലയിലെ കുടുംബശ്രീ യൂണിറ്റിൽനിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചു പ്രവർത്തനം തുടങ്ങാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർപേഴ്‌സൺ എം.കെ. ജയസുധ, വൈസ് ചെയർമാൻ കെ. രാജേഷ് എന്നിവർ അറിയിച്ചു.