കോലഞ്ചേരി : പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ മൂറോൻ കൂദാശയുടെ ശുശ്രൂഷകൾക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാർമികത്വത്തിൽ തുടക്കമായി. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെയ്ന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തന്നെ സഭയിലെ വൈദികർ പ്രാരംഭ പ്രാർഥന തുടങ്ങി. തുടർന്ന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയെ, ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിൽ സഭയിലെ മെത്രാപ്പോലീത്തമാരും പാത്രിയാർക്കൽ പ്രതിനിധികളും വൈദികരും സഭാ ഭാരവാഹികളും ചേർന്ന് പ്രദക്ഷിണമായി സെയ്ന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായിലേക്ക് ആനയിച്ചു. സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ സ്ലീബയുമായി മുന്നിൽ നടന്നു. വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർക്കു പിന്നാലെ സഭയിലെ മെത്രാപ്പോലീത്തമാരും, വൈദികരും വിശ്വാസികളും ചേർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയെ കത്തീഡ്രൽ പള്ളിയിലേക്ക് ആനയിച്ചു. തുടർന്ന് ബാവ പ്രാർഥനക്കു ശേഷം മൂറോൻ കൂദാശയുടെ പ്രാരംഭ ശുശ്രൂഷ തുടങ്ങി.

To advertise here,

ആറു മണിയോടെ തുടങ്ങിയ രണ്ടാംഘട്ട മൂറോൻ കൂദാശാ ശുശ്രൂഷകൾ രാത്രി എട്ടുമണിയോടെ അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രദക്ഷിണത്തിനുള്ള പാത ശുദ്ധീകരണത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

രാവിലെ 7-ന് പ്രഭാത പ്രാർഥനയോടെ വെള്ളിയാഴ്ച ചടങ്ങുകൾ തുടങ്ങും. 7.45-ന് പാത്രിയർക്കീസ് ബാവയും ശ്രേഷ്ഠ കാതോലിക്കാ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും പ്രദക്ഷിണമായി പാത്രിയർക്കാ സെന്ററിൽ നിന്ന് വിശുദ്ധ മദ്ബഹായിലേക്ക് എത്തും. 8-ന് മൂറോൻ കൂദാശാ ശുശ്രൂഷകൾ തുടങ്ങും. തുടർന്ന് വിശുദ്ധ കുർബാന. പരിശുദ്ധ ബാവയോടൊപ്പം എത്തിയ മെത്രാപ്പോലീത്തമാരായ കോപ്റ്റിക് സഭയിലെ തോമസ് മൗറീസ് ഷൗക്കി മഖ്‌ലൂഫ, അർമേനിയൻ എച്ച്മിയാഡ്സിൻ സഭയിലെ അഷോട്ട് മാത്സകന്യാൻ, അർമേനിയൻ- സിലീഷ്യയിലെ യെസ്സായി ഹൈഗസൂൺ അഷ്‌കരിയാൻ, തെയോഫിലോസ് ജോർജ് സലീബാ, നിക്കോദിമോസ് ദാവൂദ് ഷറഫ് തിമോത്തിയോസ് മൂസ്സാ തുടങ്ങിയവരും യാക്കോബായ സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും വിശുദ്ധ മൂറോൻ കൂദാശയിൽ പങ്കെടുക്കും. വിദേശത്തു നിന്നെത്തിയ നാല്പതോളം സഭാംഗങ്ങളും സംബന്ധിക്കും.

ഉച്ചയ്ക്ക് 2-ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേരും. 3-ന് മുളന്തുരുത്തി സുന്നഹദോസിന്റെ നൂറ്റിയൻപതാം വാർഷികാഘോഷ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.