വാണിയംകുളം : ടൗൺ നവീകരണം പൂർത്തിയായിട്ടും വാണിയംകുളത്ത് കൊണ്ടുവന്ന ഗതാഗത പരിഷ്‌കരണം 11 മാസമായിട്ടും നടപ്പായില്ല. 2025 നവംബർ ഒന്ന് മുതൽ നടപ്പാക്കിയ ഗതാഗത പരിഷ്‌കരണമാണ് വൈകുന്നത്.
തൃശ്ശൂർ-ഷൊർണൂർ, പട്ടാമ്പി-ഗുരുവായൂർ, ഭാഗത്തുനിന്ന് വരുന്ന ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന ബസുകൾ വാണിയംകുളം-വല്ലപ്പുഴ റോഡിനു സമീപമുള്ള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മുന്നിലാണ് നിലവിൽ നിർത്തേണ്ടത്.
ഇവിടെ ബസ്‌സ്റ്റോപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും ബസുകൾ നിർത്തുന്നത് പെട്രോൾപമ്പിന് സമീപത്തുനിന്ന് 50 മീറ്ററിലേറെ മാറിയാണ്. ഇതോടെ ഇവിടെയിറങ്ങുന്ന യാത്രക്കാർ വല്ലപ്പുഴ-ചളവറ-കയിലിയാട് ഭാഗത്തേക്ക് പോകുന്ന ബസ് കയറാൻ തിരിച്ച് നടക്കേണ്ട സ്ഥിതിയാണ്.
ഇതിനാൽ പലപ്പോഴും ബസുകൾ ലഭിക്കാതെ വരുന്നതായി യാത്രക്കാർ പറഞ്ഞു. നേരത്തേ ഗതാഗതക്കുരുക്കഴിയുന്നതിനായി 2024-ൽ പുതിയ ഗതാഗത പരിഷ്ക്കാരത്തിൽ ബസ്‌സ്റ്റോപ്പുകൾ മാറ്റിയിരുന്നു. എന്നാൽ ഇതിനെതിരേ യാത്രക്കാരുടെ പരാതികളും ഒപ്പം ടൗൺ നവീകരണം കഴിഞ്ഞതോടെ വീണ്ടും ബസ്‌സ്റ്റോപ്പുകൾ മാറ്റുകയായിരുന്നു. സ്റ്റോപ്പുകളിൽ ബസുകൾ നിർത്തുന്നതിനായി വീതികൂട്ടിയ റോഡിന്റെ വശത്ത് അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ റോഡിന്റെ വശങ്ങളിലെ വാഹനങ്ങളുടെ അനധികൃത പാർക്കിങ് നിരോധിച്ചിരുന്നു.
എന്നാൽ നടപ്പാതകളിലുൾപ്പെടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥിതിയാണിപ്പോൾ.
ഇതോടെ കാൽ നടയാത്രക്കാർ റോഡിലൂടെ ഇറങ്ങിനടക്കേണ്ട സ്ഥിതിയാണ്. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിത വേഗത്തിലാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നു. വല്ലപ്പുഴ-വാണിയംകുളം റോഡ് മുതൽ കോതകുറുശ്ശി വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ നിർത്തി കച്ചവടം ചെയ്യുന്നതും നിരോധിച്ചതാണ്.
എന്നാൽ 11 മാസമായിട്ടും നടപ്പായില്ല. ഈ മാസം 15-ാം തീയതി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിൽ റോഡിലെ അനധികൃത പാർക്കിങ്, തെരുവോരക്കച്ചവടങ്ങൾ തുടങ്ങിയവ നിരോധിക്കുന്നതിനും ഗതാഗതതടസ്സം ഒഴിവാക്കുന്നതിനുള്ള മറ്റ് കാര്യങ്ങളിലും തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഓരോന്നും നടപ്പാക്കിയാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ പറഞ്ഞു.
Published: 28 Sept 2026, 02:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented