ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമീനിയെ വധിക്കാൻ സകലവഴിയും നോക്കിയെന്നും എന്നാല്‍ എവിടെയെന്ന്‌ കണ്ടെത്താന്‍ കഴിയാതെ പോയതിനാലാണ് അതിന് സാധിക്കാതെ വന്നതെന്നും തുറന്നുപറഞ്ഞ് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഖമീനി തങ്ങളുടെ കണ്ണില്‍പെട്ടിരുന്നെങ്കിൽ വധിക്കുമായിരുന്നു. എന്നാൽ തങ്ങളുടെ ഭീഷണി മനസിലാക്കി ഖമീനി ഭൂമിക്കടിയിൽ പോയി ഒളിച്ചെന്നും അതിനാൽ അത് നടക്കാതെ പോയെന്നും കാറ്റ്സ് കാന്‍ പബ്ലിക് ടെലിവിഷന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.  

To advertise here,

ഖമീനിയെ വധിക്കാൻ ഇസ്രയേൽ സകലവഴിയും നോക്കിയെന്നും എന്നാൽ ഒളിച്ചതിനാൽ അതിന് സാധിച്ചില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. ഖമീനി ഞങ്ങളുടെ കണ്ണില്‍പെട്ടിരുന്നെങ്കിൽ ഞങ്ങള്‍ അദ്ദേഹത്തെ പുറത്തെത്തിക്കുമായിരുന്നു. ഞങ്ങള്‍ക്ക് ഖമീനിയെ ഇല്ലാതാക്കണമെന്നുണ്ട്. പക്ഷേ അതിനുള്ള അവസരം ലഭിച്ചില്ല. - കാറ്റ്‌സ് പറഞ്ഞു. ഖമീനി ഈ ഭീഷണി തിരിച്ചറിഞ്ഞെന്നും തുടര്‍ന്ന് ഭൂമിക്കടിയില്‍ പോയി ഒളിച്ചെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. വെടിനിർത്തലിന് പിന്നാലെ ഇസ്രായേലിനെതിരേ ഇറാൻ വിജയം കൈവരിച്ചതായി ഖമീനി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ കനത്ത അടിയാണെന്നും അദ്ദേഹം ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. 

ആധുനികകാലത്തെ ഹിറ്റ്‌ലറാണ് ഖമീനിയെന്നും ഖമീനിയെ ഇല്ലാതാക്കുമെന്നും നേരത്തേ കാറ്റ്‌സ് പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരുന്നു. ഖമീനി എവിടെയാണുള്ളതെന്ന് യുഎസിന് അറിയാമെന്നും അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണെന്നും എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ട്രംപ് അന്ന് പറഞ്ഞത്.

ഇതിന് പിന്നാലെ ഖമീനി ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയതായും സൈന്യത്തിന് അധികാരങ്ങള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖമീനി തന്റെ സുപ്രധാന അധികാരങ്ങള്‍ ഇറാന്‍ സൈന്യത്തിന്റെ സുപ്രീംകൗണ്‍സിലിന് കൈമാറിയതായാണ് പുറത്തുവന്ന വിവരം. ഖമീനിയും കുടുംബാംഗങ്ങളും വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ബങ്കറിലേക്ക് മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മകന്‍ മുജ്തബ ഉള്‍പ്പെടെയുള്ളവരാണ് ഖമീനിക്കൊപ്പം ബങ്കറിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസമാണ് വെടിനിർത്തലിന് ശേഷം ഖമീനിയുടെ ആദ്യ പ്രതികരണമെത്തുന്നത്. യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിൽ ഇസ്രയേൽ പൂർണമായും നശിപ്പിക്കപ്പെടുമെന്ന് കരുതിയാണ് യു.എസ് ആക്രമണത്തിൽ പങ്കെടുത്തതെന്നും എന്നാൽ യുദ്ധത്തിൽ അവർക്ക് യാതൊരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ഖമീനി പറഞ്ഞിരുന്നു. 

യുഎസിന്റെ മുഖത്ത് കനത്ത പ്രഹരമേൽപിക്കാൻ ഇസ്ലാമിക് റിപ്പബ്ലിക്കിനായെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. മേഖലയിലെ പ്രധാന യുഎസ് താവളങ്ങളിലൊന്നായ അൽ-ഉദൈദ് വ്യോമതാവളത്തിൽ ആക്രമണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി ഖമീനി പറഞ്ഞു. ഭാവിയിൽ വേണ്ടിവന്നാൽ ഇത്തരം നടപടി ആവർത്തിക്കപ്പെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.