അറബ്-ജൂത യുദ്ധത്തെത്തുടര്‍ന്ന് ഇസ്രയേലായി മാറിയ പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തവരുടെ പിന്‍ഗാമികളാണ് ഗാസ മുനമ്പിലെ ഭൂരിപക്ഷം പലസ്തീനികളും. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. കിഴക്ക് ഇസ്രയേല്‍. പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍. തെക്കുപടിഞ്ഞാറ് ഈജിപ്ത്. പലസ്തീന്‍ രാജ്യത്തിന്റെ ചിതറിക്കിടക്കുന്ന രണ്ടു ഭാഗങ്ങളിലൊന്നായ ഇസ്രയേലിനുള്ളില്‍ ഒരു ദ്വീപുപോലെ അവശേഷിക്കുന്ന ഗാസാ മുനമ്പിന്റെ ഭൂമിശാസ്ത്രമിങ്ങനെയാണ്.

To advertise here,

ഗാസയുടെ കടലും കരയും ആകാശവുമെല്ലാം ഇസ്രയേല്‍ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിച്ചുപോന്നു. ഗാസയില്‍ ആരു വരണം, പോവണം എന്നെല്ലാം ഒരര്‍ഥത്തില്‍ ഇസ്രയേല്‍ തീരുമാനം പോലെയായിരുന്നു. ഗാസക്കാര്‍ക്ക് ഇവിടെനിന്ന് പുറത്തുകടക്കാന്‍ രണ്ടു വഴിയേയുള്ളൂ. ഒന്ന് ഗാസയുടെ വടക്കേയറ്റത്തുള്ള ബെയ്ത് ഹനൂണ്‍ (ഇറെസ്) അതിര്‍ത്തി. ഇസ്രയേലിലേക്ക് കടക്കാന്‍ നിലവിലുള്ള ഒരേയൊരു കവാടമാണിത്. പലസ്തീന്റെ പ്രധാന ടെറിട്ടറിയായ വെസ്റ്റ്ബാങ്കിലേക്ക് കരമാര്‍ഗം പോകാനുള്ള ഒരേയൊരു മാര്‍ഗവും. വടക്കന്‍ ഗാസയില്‍നിന്ന് വെസ്റ്റ്ബാങ്കിലെ ഹീബ്രൂണിലേക്ക് 50 കിലോ മീറ്ററേ ദൂരമുള്ളൂ. പക്ഷേ, ഇസ്രയേലിലൂടെയുള്ള ഈ യാത്ര ഗാസക്കാര്‍ക്ക് അത്രയെളുപ്പമല്ല. ബെയ്ത് ഹനൂണ്‍ അതിര്‍ത്തിയൊഴിച്ച് ബാക്കി ഭാഗങ്ങളിലെല്ലാം ഇസ്രയേല്‍ കോണ്‍ക്രീറ്റ് ഭിത്തിയും ഇരട്ട വയര്‍ ഫെന്‍സിങ്ങും തീര്‍ത്തിട്ടുണ്ട്. അനധികൃതമായി ഇതിന്റെ ഒരു കിലോ മീറ്റര്‍ പരിധിയില്‍ പോലും പ്രവേശിക്കുന്നവരെ ഇസ്രയേല്‍ സൈന്യം വെടിവെച്ചിടും. ഈയൊരു കിലോ മീറ്റര്‍ പ്രദേശം ഗാസയുടെ മണ്ണിലേക്ക് കയറ്റിയെടുത്താണ് ഇസ്രയേല്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നതെന്നത് മറ്റൊരു കാര്യം. ശക്തമായ കാവലുമുണ്ടിവിടെ.

ഈജിപ്താണ് രണ്ടാമത്തെ വഴി. പട്ടിണിയും സംഘര്‍ഷവും നിറഞ്ഞ ഗാസ വിട്ട് ഇസ്രയേലിന്റെ തോക്കിന്‍മുനയില്‍ പെടാതെ മറ്റു രാജ്യങ്ങളിലേക്കോടിപ്പോവണമെങ്കില്‍ ഈജിപ്തു മാത്രമാണ് പിന്നെയവര്‍ക്കു മുമ്പിലുള്ളത്. പക്ഷേ, ഒന്നരപ്പതിറ്റാണ്ടോളം ഗാസ ജനതയോട് അത്ര കണ്ട് അലിവൊന്നും ഈജിപ്തും കാട്ടിയില്ല. ഈജിപ്തിന്റെ സഹായത്തോടെ ഇസ്രയേല്‍ ഗാസയെ ഒരു തുറന്ന ജയിലാക്കി മാറ്റിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിക്കുന്നു. പിന്നെ മുമ്പിലുള്ളത് മെഡിറ്ററേനിയന്‍ കടല്‍ മാത്രം. 

placeholder
ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ വനിത | ഫോട്ടോ: എ.എഫ്.പി

മെഡിറ്ററേനിയന്‍ കടലില്‍ ഗാസാ നിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഇസ്രയേല്‍ നാവികസേന 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ നിയന്ത്രിച്ചിരിക്കുകയാണ്. തുറമുഖം അനുവദിച്ചിട്ടുമില്ല. ആകാശമാര്‍ഗം പോവാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളൊന്നുമില്ല. ഗാസയിലും വെസ്റ്റ്ബാങ്കിലുമായി നാല് വിമാനത്താവളങ്ങളുണ്ടായിരുന്നെങ്കിലും ഒന്നും പ്രവര്‍ത്തനക്ഷമമല്ല. പല തവണയായി വന്ന യുദ്ധങ്ങളില്‍ ഇസ്രയേല്‍ തകര്‍ത്തതും അടച്ചുപൂട്ടിയതുമാണിതെല്ലാം. 1998-ല്‍ ഗാസയില്‍ തുറന്ന യാസര്‍ അറഫാത്ത് അന്താരാഷ്ട്ര വിമാനത്താവളം 2001-ലാണ് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരേ പലസ്തീനില്‍ പ്രക്ഷോഭമുയര്‍ന്ന (രണ്ടാം ഇന്‍തിഫാദ) സമയമായിരുന്നു ഇത്. ബുള്‍ഡോസറുകള്‍ കൊണ്ട് റണ്‍വേകള്‍ തകര്‍ത്തെറിഞ്ഞു.

  • ഹമാസിന്റെ വരവും ഗാസ അടച്ചുപൂട്ടലും

2007 ജൂണില്‍ പാലസ്തീനിലെ ഫതഹ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തില്‍നിന്ന് ഗാസയുടെ രാഷ്ട്രീയ നിയന്ത്രണം തീവ്രസ്വഭാവമുള്ള ഹമാസ് പിടിച്ചെടുത്തു. അന്നുമുതല്‍ ലോക്ഡൗണിനു സമാനമായ അവസ്ഥയിലായിരുന്നു ഗാസ. ഹമാസിന്റെ നീക്കം മാറിനിന്ന് നിരീക്ഷിച്ച ഇസ്രയേല്‍ മറുഭാഗത്ത് കരുക്കള്‍ നീക്കി. തീവ്രസ്വഭാവമുള്ള ഹമാസിന്റെ വിജയം അംഗീകരിക്കില്ലെന്നു കാട്ടി ഇസ്രയേല്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ പലസ്തീനുമേല്‍ ഉപരോധമേര്‍പ്പെടുത്തി. ഈ രാജ്യങ്ങളെല്ലാം ഹമാസിനെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ നേരത്തേ ഉള്‍പ്പെടുത്തിയതാണ്. 100,000-ലധികം ഗാസക്കാര്‍ ഇസ്രയേലില്‍ തൊഴിലെടുക്കുന്ന സമയമായിരുന്നു അത്. ഇതോടെ ഗാസക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് ഇസ്രയേല്‍ നിര്‍ത്തുകയും അതിര്‍ത്തികളടയ്ക്കുകയും ചെയ്തു.
  
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഒരു രാജ്യത്തിന്റെ തന്നെ രണ്ടു ഭാഗങ്ങളായ ഗാസയെയും വെസ്റ്റ്ബാങ്കിനെയും ഇസ്രയേല്‍ വേര്‍പെടുത്തി. ഇരുപ്രദേശങ്ങളും തമ്മിലുള്ള ആശയവിനിമയവും ആളുകള്‍ തമ്മില്‍ കാണാനുള്ള സാഹചര്യവും പൂര്‍ണമായും നിര്‍ത്തിച്ചു. ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങളിലൂടെയുള്ള വളഞ്ഞ വഴികളുപയോഗിച്ചുള്ള ഗാസക്കാരുടെ യാത്രയും ഇസ്രയേല്‍ നിയന്ത്രിച്ചു. ഗാസയില്‍നിന്ന് വെസ്റ്റ്ബാങ്കിലേക്ക് തീവ്രവാദ ശൃംഖല വളര്‍ന്നുവരുന്നത് തടയാനാണിതെന്നവര്‍ വാദിച്ചു. തങ്ങളുടെ കുടിയേറ്റക്കാര്‍ താമസിക്കുന്ന പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാവാന്‍ അനുവദിക്കില്ല, ഹമാസും മറ്റു സായുധ സംഘങ്ങളും ബെയ്ത് ഹനൂണ്‍ വഴി യാത്ര ചെയ്യാന്‍ അനുമതിയുള്ള ഗാസ നിവാസികളെ റിക്രൂട്ട് ചെയ്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം കൈമാറപ്പെടാം എന്നൊക്കെയായിരുന്നു ഇസ്രയേലിന്റെ മറ്റു വാദങ്ങള്‍. വൈദ്യുതിക്കും വെള്ളത്തിനും ഇസ്രയേലിനെയാണ് ഗാസാ നിവാസികള്‍ ആശ്രയിച്ചിരുന്നത്. അതും നിലച്ചു. ഒപ്പം ഗാസയിലേക്കുള്ള ചരക്കുകളുടെ വരവുംപോക്കും. പട്ടിണിയും മരണഭയവും മാത്രം മുതല്‍ക്കൂട്ടായ ഗാസയിലെ സാധാരണക്കാര്‍ ദുരന്തമുഖത്ത് വലഞ്ഞു.

placeholder
ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ വനിതയെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നു | ഫോട്ടോ: എ.എഫ്.പി
  • ഞെരുങ്ങിനശിച്ച് ഗാസാ പ്രൊഫഷണലുകള്‍


ഇസ്രയേലിന്റെ അടച്ചുപൂട്ടല്‍ നയങ്ങളില്‍ വീര്‍പ്പുമുട്ടിയവരേറെയാണ്. ഗാസയിലെ പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍ എന്നിവര്‍ക്ക് സ്വന്തം രാജ്യത്ത് അവസരങ്ങളുണ്ടായിരുന്നില്ല. ഇറെസ് (ബെയ്ത് ഹനൂണ്‍) അതിര്‍ത്തി കടന്ന് വെസ്റ്റ് ബാങ്കിലേക്കും അതുവഴി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും മത്സരങ്ങളില്‍ പങ്കെടുക്കാനും ജോലിക്കായും പോവാനുള്ള ഇവരുടെ അഭ്യര്‍ഥനകള്‍ ഇസ്രയേല്‍ ഭരണകൂടം മുഖവിലക്കെടുത്തില്ല. ഇക്കാര്യങ്ങള്‍ പലരും മനുഷ്യാവകാശ സംഘടനയ്ക്കു നല്‍കിയ അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 

പുറംരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനോ പഠനത്തിനു പോവാനോ ആവാതെ ലോകമവര്‍ക്ക് ഗാസ മാത്രമായി ചുരുങ്ങി. ഒരു പെട്ടിക്കുള്ളില്‍ അടച്ചിട്ടപോലത്തെ ജീവിതം. പല അര്‍ഥത്തിലുമത് ജയില്‍ തന്നെയായിരുന്നു. ഇറെസ് അതിര്‍ത്തി തുറന്നാല്‍ ഇസ്രയേല്‍ വഴി പാലസ്തീന്‍ ടെറിട്ടറിയായ വെസ്റ്റ്ബാങ്കിലേക്ക് (കിഴക്കന്‍ ജറുസലേമും ജോര്‍ദാനും ചാവുകടലുമായി വെസ്റ്റ്ബാങ്ക് അതിര്‍ത്തി പങ്കിടുന്നു) പോകാമെന്നും അവിടെനിന്ന് ജോര്‍ദാനിലേക്കു കടന്ന് വ്യോമമാര്‍ഗം വിദേശത്തേക്കും പോകാമെന്നും പലരും കണക്കുകൂട്ടി. പക്ഷേ, ഇസ്രയേല്‍ അനുമതി നല്‍കിയില്ല. അടിയന്തര വൈദ്യചികിത്സയ്ക്കായി ജറുസലേമിലേക്കോ വെസ്റ്റ് ബാങ്കിലേക്കോ പോവാന്‍ ശ്രമിക്കുന്ന ചുരുക്കം ചിലര്‍ക്കുവേണ്ടിമാത്രമാണ് ഒന്നരപ്പതിറ്റാണ്ടിനിടെ ഇസ്രയേല്‍ അതിര്‍ത്തി തുറന്നത്.

ജറുസലേമില്‍നിന്ന് ഏകദേശം 100 കിലോ മീറ്റര്‍ മാത്രമാണ് ഗാസയിലേക്ക്. എന്നാല്‍, കര്‍ശനമായ സുരക്ഷാ നടപടികള്‍ കാരണം യാത്രാസമയം മണിക്കൂറുകളോളം നീളും. 2015-നും 2018-നുമിടെ പ്രതിദിനം ശരാശരി 373 പലസ്തീനികള്‍ ഇറെസ് വഴി ഗാസ വിട്ടിട്ടുണ്ട്. 2000 സെപ്റ്റംബറിലെ പ്രതിദിന ശരാശരി 26,000 ആണെന്നിരിക്കെയാണിത്. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനുമായി ഒപ്പുവെച്ച 1995-ലെ ഓസ്ലോ കരാറിന്റെ ലംഘനമാണ് യാത്രാനിഷേധത്തിലൂടെ ഇസ്രയേല്‍ നടത്തുന്നതെന്ന് മനുഷ്യവകാശസംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍, രാജ്യത്ത് ആരു പ്രവേശിക്കാമെന്ന് തീരുമാനിക്കാനുള്ള പരമാധികാരം തങ്ങള്‍ക്കു മാത്രമാണെന്ന് ഇസ്രയേല്‍ തിരിച്ചടിച്ചു.

placeholder
ഹമാസിന് നേരെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രയേല്‍ സൈനികര്‍ | ഫോട്ടോ: എ.എഫ്.പി
  • ഈജിപ്തും റഫാ അതിര്‍ത്തിയും

രാജ്യത്ത് എന്തെങ്കിലും അനിഷ്ടം നടന്നാല്‍ ഗാസക്കാര്‍ക്ക് രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗമായിരുന്നു എക്കാലത്തും റഫാ അതിര്‍ത്തി. ഈജിപ്തിലേക്കും ഇവിടെനിന്ന് മറ്റ് അറബ് രാജ്യങ്ങളിലേക്കും പോവാനുള്ള വഴി. റഫയിലൂടെ പോവുന്നവര്‍ക്ക് ഏകദേശം 400 കിലോ മീറ്റര്‍ (250 മൈല്‍) അകലെയുള്ള കെയ്‌റോയിലേക്കുള്ള വഴിയില്‍ നിരവധി ചെക്ക്‌പോസ്റ്റുകള്‍ കടന്ന് സിനായ് മരുഭൂമിയിലൂടെ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ യാത്ര ചെയ്യണം. അധിനിവേശ വെസ്റ്റ്ബാങ്കില്‍ നിന്നുള്ള പലസ്തീനികള്‍ക്ക് റഫാ അതിര്‍ത്തിയിലൂടെ ഗാസയിലേക്ക് പോവാന്‍ അനുമതിയില്ലെന്നതാണ് മറ്റൊരു കാര്യം. മാത്രമല്ല, റഫ വഴി ഗാസ വിട്ടാല്‍ ഇറെസ് ക്രോസിങ് വഴി മടങ്ങിവരാന്‍ ഇസ്രയേല്‍ സമ്മതിക്കില്ല. മടക്കയാത്ര സാധ്യമായേക്കില്ലെന്നര്‍ഥം. റഫാ അതിര്‍ത്തി വഴി ചരക്കുനീക്കവും നടന്നുപോന്നു.

  • ഈജിപ്തും അതിര്‍ത്തിയടച്ചപ്പോള്‍

2007-ല്‍ ഹമാസ് ഗാസയുടെ ഭരണം പിടിച്ചതോടെ ഈജിപ്ത് റഫാ അതിര്‍ത്തിയടച്ചു. ഈജിപ്ത് വഴി ഹമാസ് രാജ്യത്തേക്ക് ആയുധങ്ങള്‍ കടത്തുമെന്ന് ഭയക്കുന്നതായി ഇസ്രയേല്‍ പറഞ്ഞിരുന്നു. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം പലസ്തീന്‍ നിലനില്‍പു പോലുമില്ലാത്ത ഒരു രാഷ്ട്രമാണ്. അടച്ചുപൂട്ടലിന്റെ ആഘാതം ഈജിപ്തും വര്‍ധിപ്പിച്ചു. ഇതോടെ പ്രദേശത്ത് ചരക്കുവരവ് കുറഞ്ഞു. 2008-ല്‍ റഫാ അതിര്‍ത്തിയുടെ മതില്‍കെട്ടുകളുടെ ഒരു ഭാഗം ഹമാസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയും പതിനായിരക്കണക്കിന് പലസ്തീനികള്‍ വിശന്നുവലഞ്ഞ് ഈജിപ്തിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഓടിയെത്തുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. പലസ്തീനികള്‍ക്കു മുന്‍പില്‍ അതിര്‍ത്തിയടച്ചതും ഇസ്രയേലുമായുള്ള സഹകരണവുമെല്ലാം അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന് സ്വന്തം രാജ്യത്തുനിന്ന് വിമര്‍ശനങ്ങള്‍ വാങ്ങിക്കൊടുത്തു. 2011-ല്‍ ഹുസ്‌നി മുബാറക്കിന് അധികാരം നഷ്ടമായി. പിന്നീട് അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാര്‍ റഫാ അതിര്‍ത്തി സ്ഥിരമായി തുറന്നിടുമെന്ന് പ്രഖ്യാപിച്ചു. ഈജിപ്തിനും ഗാസയ്ക്കുമിടയില്‍ പലസ്തീനികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം മുഴുവനായും കിട്ടിയ സമയമായിരുന്നു അത്. ദിനംപ്രതി 1200 ആളുകള്‍ക്കുവരെ പോവാന്‍ അന്ന് അനുമതി കിട്ടി. പിന്നീട് അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സിക്ക് 2013-ല്‍ അധികാരം നഷ്ടപ്പെട്ടതോടെ അതിര്‍ത്തിവഴിയുള്ള യാത്രാപെര്‍മിറ്റ് ആദ്യം വെട്ടിക്കുറയ്ക്കുകയും പിന്നീട് നിര്‍ത്തലാക്കുകയും ചെയ്തു.

2018 മെയ് മുതല്‍, ഈജിപ്ത് റഫ അതിര്‍ത്തി സ്ഥിരമായി തുറന്നു. എങ്കിലും, കടമ്പകള്‍ വേറെയുമുണ്ടായി. യാത്രാനുമതിക്കായി ആഴ്ചകളോളം കാത്തിരിക്കണം. യാത്ര വേഗത്തിലാക്കാന്‍ ഈജിപ്ഷ്യന്‍ അധികാരികളുമായി ബന്ധമുള്ള ട്രാവല്‍ കമ്പനികള്‍ക്ക് വലിയ തുക നല്‍കണം, അല്ലാത്ത പക്ഷം പ്രവേശനം നിഷേധിക്കും. 2019-ല്‍ പതിനായിരക്കണക്കിന് ഗാസക്കാര്‍ സ്ഥിരമായി രാജ്യം വിട്ടുവെന്നാണ് കണക്ക്.  

  • റഫാ അതിര്‍ത്തിയിലെ രഹസ്യടണലുകള്‍

നേരായ മാര്‍ഗത്തിലൂടെയുള്ള അതിര്‍ത്തി അടയ്ക്കപ്പെട്ടപ്പോള്‍ രഹസ്യമായി പ്രവര്‍ത്തിച്ച ഭൂഗര്‍ഭതുരങ്കങ്ങളായിരുന്നു പിന്നീട് ഗാസാ നിവാസികളെ ഊട്ടിയത്. മനുഷ്യാവകാശ സംഘടനകളെത്തിച്ച ചെറിയ അളവിലുള്ള ഭക്ഷണം ഗാസക്കാര്‍ക്ക് തികയുമായിരുന്നില്ല. അതിനാല്‍ ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് ഗാസയിലേക്കും ഗാസയില്‍നിന്ന് ഇസ്രയേലിലേക്കും രഹസ്യമായി ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മിക്കപ്പെട്ടു. 2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ റഫാ അതിര്‍ത്തിമേഖലയില്‍ 1600-ഓളം തുരങ്കങ്ങള്‍ പ്രവര്‍ത്തിച്ചെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. തുരങ്കത്തിന്റെ പ്രവേശനമുഖം പലപ്പോഴും അതിര്‍ത്തിയിലെ വീടുകള്‍ക്കുള്ളിലായിരിക്കും. ഭക്ഷണം, ഇന്ധനം, മരുന്ന്, ഇലക്ട്രോണിക്‌സ്, നിര്‍മാണസാമഗ്രികള്‍ തുടങ്ങിയവ പലസ്തീനികള്‍ക്ക് ലഭ്യമായത് ഇങ്ങനെയാണ്. ഒരു കള്ളക്കടത്തുശൃംഖല പോലെ തുരങ്കവ്യാപാരം ശക്തി പ്രാപിക്കുകയും ചെയ്തു.

ചരക്കുകള്‍ക്കുപുറമെ, ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍നിന്ന് റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും തുരങ്കങ്ങള്‍ വഴിയെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോംബാക്രമണങ്ങളില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കാന്‍ ഇസ്രയേല്‍ വഴി ആവശ്യത്തിന് നിര്‍മാണസാമഗ്രികള്‍ ഗാസയിലേക്ക് എത്തിയിരുന്നില്ല. ഇസ്രയേല്‍ നല്‍കിയ പരിമിതമായ സാമഗ്രികള്‍ ഉപയോഗിച്ചാണെങ്കില്‍ ചുരുങ്ങിയത് 80 കൊല്ലമെങ്കിലുമെടുക്കുമായിരുന്നു കെട്ടിടംപണികള്‍ പുനര്‍നിര്‍മിക്കാനെന്ന് ഹമാസ് പറഞ്ഞു. തുരങ്കങ്ങള്‍ വഴിയെത്തിയ സാധനങ്ങളുപയോഗിച്ചവര്‍ നിര്‍മാണം നടത്തുകയും ചെയ്തു. തുരങ്കങ്ങള്‍ വഴി ആളുകളും സഞ്ചരിക്കാറുണ്ടായിരുന്നു.

അതേസമയം, ഇസ്രയേലും ഈജിപ്തും തുരങ്കങ്ങള്‍ തകര്‍ക്കാന്‍ പലവിധ ശ്രമങ്ങള്‍ നടത്തി. 2009-ല്‍ റഫാ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ നടത്തി. 2010-ല്‍ തുരങ്കത്തിലൂടെ ഈജിപ്ത് രഹസ്യവാതകം കടത്തിവിട്ടത് ഏതാനും പാലസ്തീനികളുടെ മരണത്തിലേക്ക് നയിച്ചു. 2013-ഓടെ 1600-ഓളം ടണലുകള്‍ ഈജിപ്തിലെ അല്‍ സീസി സര്‍ക്കാര്‍ നശിപ്പിച്ചു. ഇസ്രയേലിന്റെ ശുപാര്‍ശപ്രകാരം മെഡിറ്ററേനിയന്‍ കടലില്‍നിന്ന് ടണലുകളിലേക്ക് വെള്ളം പമ്പ് ചെയ്യുകയായിരുന്നു സൈന്യം സ്വീകരിച്ച മറ്റൊരു വഴി. ഇത് മേഖലയെ വലിയ പാരിസ്ഥിതികപ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഇതിനെല്ലാം പുറമെ, ടണലുകള്‍ പ്രവര്‍ത്തിച്ച റഫാ അതിര്‍ത്തിയില്‍ ഈജിപ്തും കിലോ മീറ്ററോളം ബഫര്‍സോണുണ്ടാക്കി.

  • ലാന്‍ഡ് ക്രോസിങ്ങുകള്‍ ഏഴെണ്ണം; നിയന്ത്രണം ഇസ്രയേലിന്

ഗാസയ്ക്കു ചുറ്റും ഏഴ് അതിര്‍ത്തി കവാടങ്ങളുണ്ടായിരുന്നു. ഇന്ന് പ്രവര്‍ത്തിക്കുന്നത് മൂന്നെണ്ണം മാത്രം. കെറം ഷാലോം ക്രോസിങ് (കരേം അബു സലേം ക്രോസെന്ന് പലസ്തീനില്‍ അറിയപ്പെടുന്നു) ആണ് ഒന്ന്. ഗാസ-ഈജിപ്ത് അതിര്‍ത്തിയും ഗാസ-ഇസ്രയേല്‍ അതിര്‍ത്തിയും സന്ധിക്കുന്ന ഇവിടം ഏറെക്കാലം ഗാസയുടെ പ്രധാന വാണിജ്യ കവാടമായിരുന്നു, ഗാസയിലെ ഉല്‍പന്നങ്ങള്‍ പുറംരാജ്യത്ത് വില്‍പനയ്ക്കു കൊണ്ടുപോകുന്നതിനും മറ്റുമായും ഉപയോഗിച്ചുപോന്നിരുന്നു. ഇസ്രയേലില്‍നിന്നും ഈജിപ്തില്‍നിന്നും ഇതുവഴി ഗാസയിലേക്ക് ചരക്കു ട്രക്കുകളെത്തി. 2007 മുതല്‍ ഇവിടെ ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ വെച്ചു. അതിര്‍ത്തിവഴി കൊണ്ടുവരാവുന്ന വസ്തുക്കളുടെ എണ്ണം വെട്ടിക്കുറച്ചു. ഇറെസും റഫയുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്ന മറ്റു രണ്ട് അതിര്‍ത്തികള്‍.

ഗാസയുടെ വടക്കുകിഴക്കുള്ള അല്‍ മുന്താര്‍ (കര്‍ണി) ക്രോസിങ് ഇസ്രയേലി കുടിയേറ്റക്കാര്‍ക്ക് ഗാസയിലെ സെറ്റില്‍മെന്റുകളിലേക്ക് പ്രവേശിക്കാനും മറ്റുമായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് 2007-ല്‍ ഇസ്രയേല്‍ താല്‍കാലികമായും 2011-ല്‍ സ്ഥിരമായും പൂട്ടിട്ടു. കിഴക്കന്‍ റഫയിലെ അല്‍ ഔദ (സുഫ) നിര്‍മാണവസ്തുക്കള്‍ കൊണ്ടുവരാനുപയോഗിച്ച ചെറിയൊരു കവാടമായിരുന്നു. 2007-ല്‍ ഇസ്രയേല്‍ ഇത് അടച്ചുപൂട്ടി. അല്‍ ഷുജയ്യയാണ് (നഹല്‍ ഔസ്) മറ്റൊന്ന്. വാതകങ്ങള്‍, ബെന്‍സീന്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ഭൂഗര്‍ഭ പൈപ്പ് ലൈന്‍ വഴി ഗാസയിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിച്ചുപോന്നു. 2010-ല്‍ ഇതും അടച്ചു. ഖാന്‍ യൂനിസിനു കിഴക്കായി സ്ഥിതി ചെയ്യുന്ന അല്‍-കരാര (കിസ്സുഫിം) 2005-ലാണ് ഇസ്രയേല്‍ അടച്ചത്. ഗാസയില്‍ സൈനിക അധിനിവേശം നടക്കുമ്പോള്‍ ടാങ്കുകള്‍ക്കും സൈനിക വാഹനങ്ങള്‍ക്കും ഇവിടേക്ക് കടക്കാനുള്ള പ്രവേശനകവാടമായിട്ടാണ് ഇസ്രയേല്‍ പിന്നീത് ഇതുപയോഗിച്ചത്.  

placeholder
യുദ്ധത്തെ തുടര്‍ന്ന് ഗാസയില്‍നിന്നു പലായനം ചെയ്യുന്നവര്‍ | ഫോട്ടോ: എ.എഫ്.പി
  • പാലസ്തീന്‍ ഭരണം രണ്ടായതിങ്ങനെ

1950-കള്‍ തൊട്ട് പലസ്തീനിയന്‍ രാഷ്ട്രീയത്തില്‍ ഫതഹ് പാര്‍ട്ടിക്കായിരുന്നു ആധിപത്യം. പക്ഷേ, 2006-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹമാസിന് ഭൂരിപക്ഷം കിട്ടി.  അഴിമതിക്കാരും കാര്യക്ഷമതയില്ലാത്തവരുമാണ് ഫതഹ് ഭരണകര്‍ത്താക്കളെന്നും ജനങ്ങളുടെ അതൃപ്തിയാണ് തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും ഹമാസ് ആരോപിച്ചു. ഇതിനെല്ലാം ശേഷം ഹമാസ്-ഫതഹ് സഖ്യസര്‍ക്കാരുണ്ടാക്കി. ഫതഹ് പാര്‍ട്ടിയുടെ മഹ്‌മൂദ് അബ്ബാസ് പ്രസിഡന്റും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ പ്രധാനമന്ത്രിയുമായി. പക്ഷേ, അഭിപ്രായ ഭിന്നതകളില്‍ കുരുങ്ങി ഭരണം കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. ഇസ്രയേലില്‍നിന്നും യു.എ.ഇ.യില്‍ നിന്നുമൊക്കെയുള്ള സമ്മര്‍ദം കാരണവും അഭിപ്രായ ഭിന്നതകള്‍ കാരണവും ഹമാസിനൊപ്പം ഭരണം നടത്താന്‍ ഫതഹ് പാര്‍ട്ടി തയ്യാറായില്ല. ഹമാസിനെ ഭരണത്തില്‍നിന്ന് പുറത്താക്കാനവര്‍ ശ്രമിച്ചു. മഹമൂദ് അബ്ബാസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഹമാസ് പ്രധാനമന്ത്രിയെ പുറത്താക്കി. ഇതംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ഹമാസ് ഹനിയയെ നേതാവായി പ്രഖ്യാപിച്ചു.

വൈകാതെ പലസ്തീന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്തി. 2007 ജൂണില്‍, ഹമാസ് ഗാസ മുനമ്പിന്റെ നിയന്ത്രണം സൈനികനീക്കത്തിലൂടെ ഏറ്റെടുത്തു. വലിയ ഭൂപ്രദേശമായ വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം ഫതഹിനു കീഴിലും. ഹമാസ് ഫതഹ് ഉദ്യോഗസ്ഥരെ ഗാസയില്‍നിന്ന് പുറത്താക്കി. ഇരുവിഭാഗത്തിന്റെ പ്രവര്‍ത്തകരും സേനകളും പരസ്പരം ഏറ്റുമുട്ടി. അതോടെ, ഭൂമിശാസ്ത്രം പോലെ അധികാരത്തിലും പലസ്തീന്‍ രണ്ടറ്റത്തായി. ഐക്യസര്‍ക്കാരിനുള്ള ശ്രമങ്ങള്‍ പിന്നെയും നടന്നെങ്കിലും ഫലമുണ്ടായില്ല.

  • 2022-ല്‍ ഇസ്രയേലിന്റെ ഇളവ്

2021-ല്‍, ഹമാസുമായുള്ള 11 ദിവസത്തെ യുദ്ധത്തെത്തുടര്‍ന്ന് ഇസ്രയേല്‍ തങ്ങളുടെ നയങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിരുന്നു. ഗാസയിലെ പലസ്തീനികള്‍ക്ക് 2007-ന് മുമ്പെന്നപോലെ ഇസ്രയേലില്‍ തൊഴിലെടുക്കാനുള്ള വഴിതുറന്നു. നിര്‍മാണമേഖലയിലും കാര്‍ഷിക മേഖലയിലുമടക്കം ജോലി ചെയ്യുന്നതിന് ഗാസക്കാര്‍ക്ക് 20,000 പെര്‍മിറ്റുകള്‍ക്ക് നല്‍കുമെന്ന് അന്നത്തെ ഇസ്രയേലി പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് 2022 മാര്‍ച്ചില്‍ പ്രഖ്യാപിച്ചു. പക്ഷേ, പ്രഖ്യാപിച്ച അത്രയും പെര്‍മിറ്റുകള്‍ ഇസ്രയേല്‍ നല്‍കിയിരുന്നില്ലെന്ന് ഇസ്രയേലി അവകാശ ഗ്രൂപ്പായ ഗിഷ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസ
41 കിലോ മീറ്റര്‍ നീളവും 6 മുതല്‍ 12 കിലോ മീറ്റര്‍ വരെ വീതിയുമുള്ള, ചെറിയൊരു മേഖല. 365 ചതുരശ്ര കിലോ മീറ്ററില്‍ 23 ലക്ഷത്തോളം ജനങ്ങള്‍ കഴിയുന്ന ഇവിടം ലോകത്തെ ഏറ്റവും ജനസാന്ദ്രമായ പ്രദേശങ്ങളിലൊന്നാണ്. ഇതില്‍ പകുതിയോളം അഭയാര്‍ഥികളും. തൊഴിലില്ലായ്മ 46.4 ശതമാനം. ജനസംഖ്യയുടെ ഭൂരിപക്ഷവും സുന്നി മുസ്ലീങ്ങള്‍. ചെറിയൊരു വിഭാഗം ക്രിസ്ത്യന്‍ ന്യൂനപക്ഷവും. അഞ്ച് ഗവര്‍ണറേറ്റുകളാണ് ഗാസയ്ക്കുള്ളത്.