75 വർഷത്തെ മിസ് യൂണിവേഴ്സ് ചരിത്രത്തിൽ കേരളത്തിൽനിന്നുള്ള ആദ്യ പ്രതിനിധിയായി ചരിത്രം കുറിച്ചിരിക്കുകയാണ് കെസിയ ലിസ് മെജോ. പ്രാഥമിക മത്സരങ്ങളും ദേശീയ വേഷമത്സരവും പൂർത്തിയായതോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആരാധകരുടെ പിന്തുണ തേടുകയാണ് താരം. ഇന്ത്യയുടെ നാലാമത്തെ മിസ് യൂണിവേഴ്സ് കിരീടം രാജ്യത്തേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സന്ദേശത്തിൽ കെസിയ പറയുന്നു. മത്സരത്തിന്റെ ബാക്ക്സ്റ്റേജിൽനിന്ന് ചിത്രീകരിച്ച വീഡിയോയിലൂടെയാണ് താരം പിന്തുണ തേടിയത്. പ്രാഥമിക മത്സരങ്ങളും ദേശീയ വേഷമത്സരവും പൂർത്തിയായെന്നും തന്റെ ഭാഗത്തുനിന്ന് പരമാവധി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും കെസിയ പറയുന്നു. ഇനി അടുത്ത ഘട്ടങ്ങളിലേക്ക് മുന്നേറാൻ ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണയാണ് ആവശ്യമെന്നും താരം വ്യക്തമാക്കി.75 വർഷത്തെ മിസ് യൂണിവേഴ്സ് ചരിത്രത്തിൽ കേരളത്തിൽനിന്ന് ആദ്യമായി മത്സരിക്കുന്ന പ്രതിനിധിയാണ് താനെന്നും 140 കോടി ജനങ്ങളുടെ പിന്തുണ ലോകത്തിന് മുന്നിൽ കാണിക്കേണ്ട സമയമാണിതെന്നും കെസിയ വീഡിയോയിൽ പറയുന്നു.

To advertise here,

മിസ് യൂണിവേഴ്സ് ഫാൻ ആപ്പിലൂടെ വോട്ട് ചെയ്യാം

മിസ് യൂണിവേഴ്സിന്റെ ഔദ്യോഗിക ഫാൻ ആപ്പായ MU Fan വഴി തനിക്കായി വോട്ട് ചെയ്യാമെന്നാണ് കെസിയ ആരാധകരെ അറിയിച്ചിരിക്കുന്നത്. ആരാധകരുടെ വോട്ടുകൾ അടുത്ത മത്സരഘട്ടത്തിലേക്ക് മുന്നേറാൻ സഹായിക്കുമെന്നാണ് കെസിയയുടെ പ്രതീക്ഷ. ഔദ്യോഗിക ഫാൻ ആപ്പിൽ ലഭിക്കുന്ന വോട്ടിങ് നിർദേശങ്ങൾ അനുസരിച്ച് ഓരോ വിഭാഗത്തിലും വോട്ട് രേഖപ്പെടുത്താം.

കെസിയയ്ക്ക് വോട്ട് ചെയ്യാൻ ചെയ്യേണ്ടത്

MU Fan ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യുക.

വോട്ടിങ് വിഭാഗത്തിൽ പ്രവേശിക്കുക.ഇന്ത്യയുടെ പ്രതിനിധി കെസിയ ലിസ് മെജോയെ തിരഞ്ഞെടുക്കുക.മിസ് പോപ്പുലർ, നാഷണൽ കോസ്റ്റ്യൂം, പ്രിലിമിനറി തുടങ്ങിയ വിഭാഗങ്ങളിൽ ലഭ്യമായ വോട്ടിങ് ഓപ്ഷനുകൾ പരിശോധിച്ച് വോട്ട് രേഖപ്പെടുത്തുക.ഇന്ത്യയുടെ പ്രതിനിധിക്ക് നിങ്ങളുടെ പിന്തുണ നൽകാം. കേരളത്തിന്റെ അഭിമാനമായി ലോകവേദിയിലെത്തിയ കെസിയയുടെ കിരീടസ്വപ്‌നത്തിനായി കൈകോർക്കാം.ഔദ്യോഗിക വോട്ടിങ് ലിങ്ക്: https://missuniverseorg.com/vote

'ഇന്ത്യയുടെ ശക്തി ലോകത്തിന് കാണിച്ചുകൊടുക്കണം'

140 കോടി ജനങ്ങളുള്ള രാജ്യത്തിന്റെ പിന്തുണ എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമെന്നാണ് കെസിയയുടെ ആഗ്രഹം. ഇന്ത്യയുടെ പ്രതിനിധിയായി ലോകവേദിയിൽ നിൽക്കുമ്പോൾ രാജ്യത്തിന്റെ ഐക്യവും ജനങ്ങളുടെ പിന്തുണയും വലിയ ശക്തിയാണെന്നും താരം പറയുന്നു.'ഇന്ത്യക്കാരിയായിരിക്കുന്നതിന്റെ അർഥവും ഇന്ത്യയുടെ ശക്തിയും ലോകത്തിന് കാണിച്ചുകൊടുക്കണം. മിസ് യൂണിവേഴ്സിന്റെ നാലാമത്തെ കിരീടം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ എന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇനി നിങ്ങളുടെ പിന്തുണ മാത്രമാണ് വേണ്ടത്' എന്നായിരുന്നു കെസിയയുടെ അഭ്യർഥന.തന്നെ ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കാനും താരം മറന്നില്ല. ആരാധകരുടെ സ്‌നേഹവും പിന്തുണയുമാണ് മുന്നോട്ടുപോകാനുള്ള പ്രചോദനമെന്നും കെസിയ പറഞ്ഞു.

ഇന്ത്യയുടെ നാലാമത്തെ കിരീടം ലക്ഷ്യം

1994-ൽ സുസ്മിത സെൻ, 2000ൽ ലാറ ദത്ത, 2021ൽ ഹർനാസ് സന്ധു എന്നിവരാണ് ഇന്ത്യയ്ക്കായി മിസ് യൂണിവേഴ്സ് കിരീടം നേടിയിട്ടുള്ളത്. ഈ പട്ടികയിലേക്ക് നാലാമതൊരു ഇന്ത്യൻ വിജയിയെ ചേർക്കുകയാണ് കെസിയയുടെ ലക്ഷ്യം.75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 24-ന് പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വൽ അഗ്രെലോട്ട് കൊളീസിയത്തിലാണ് നടക്കുന്നത്.