കരക്കാസ്: “അന്തോണിയോ, നീ വിളികേൾക്ക്. ഇത് അമ്മയാണ്, ഞാനിവിടെയുണ്ട്.” കരക്കാസിൽ നിലംപൊത്തിയ 22 നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തന്റെ പൊന്നോമനയെ തിരയുന്നതിനിടെ ഏങ്ങലടിച്ച് ആ അമ്മ വിളിച്ചുപറഞ്ഞു. “ടാനിയാ, ടാനിയാ...” ഇതേസമയം സമീപത്തുനിന്ന് മറ്റൊരു വിളിയുയർന്നു. എന്നാൽ, കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽനിന്ന് ഒന്നിനും മറുപടിയുണ്ടായില്ല. കണ്ടുനിന്നവർക്ക് കണ്ണീരുമടക്കാനായില്ല.

To advertise here,

കരക്കാസുകാരെ സംബന്ധിച്ച് ബുധനാഴ്ച രാത്രിക്ക് മരണത്തിന്റെ മണമായിരുന്നു. നിന്നനിൽപ്പിൽ പലർക്കും സകലതും നഷ്ടമായി. കണ്ടുനിൽക്കേ വീടുൾപ്പെടെ സർവതും നിലംപൊത്തി. സംഭവിച്ചതെന്തെന്ന് അവർ സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തുംമുൻപ് ഇരുട്ടുവീണു. ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞ ഉറ്റവർക്കും ഉടയവർക്കുമായി ഇരുട്ടിനെ വകഞ്ഞുമാറ്റി തിരച്ചിലായി. സിമന്റുകളും കല്ലുകളും നീക്കിത്തുടങ്ങി.

റസ്റ്ററന്റുകളാലും കഫേകളാലും ചുറ്റപ്പെട്ട ലോസ് പലോസ് ഗ്രാൻഡേഴ്‌സിലെ പെടൂനിയ റെസിഡെൻഷ്യൽ കോംപ്ലക്സിലെ 22 നില കെട്ടിടമാണ് തകർന്നത്. ടോർച്ചും വെളിച്ചത്തിനുള്ള മറ്റ് സംവിധാനങ്ങളും നന്നേ കുറവായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചെന്ന് സന്നദ്ധപ്രവർത്തകർ പറഞ്ഞു. തുടർചലനമുണ്ടാകുമെന്ന ഭീതിയിൽ വെനസ്വേലക്കാരിൽ പലരും തുറസ്സായ ഇടങ്ങളിലും തെരുവുകളിലും മറ്റുമാണ് ബുധനാഴ്ചരാത്രി കഴിച്ചുകൂട്ടിയത്.

ട്രുജില്ലോ, കരബോബോ, മിരാണ്ട, ല ഗ്വാറിയ എന്നീ സംസ്ഥാനങ്ങളെ ഭൂകമ്പം കാര്യമായി ബാധിച്ചു. ഇവിടെ വൈദ്യുതി മുടങ്ങി. തീരദേശനഗരമായ മോറോമിന് പടിഞ്ഞാറ് 21 കിലോമീറ്റർ അകലെ 22 കിലോമീറ്റർ ആഴത്തിലാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. ഈ സ്ഥലത്തുനിന്ന് 45 കിലോമീറ്റർ അകലെ 10 കിലോമീറ്റർ ആഴത്തിലാണ് 7.5 തീവ്രതയുള്ള രണ്ടാം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

കാര്യമായ കേടുപാടുകളുണ്ടായതിനെത്തുടർന്ന് കരക്കാസിലെ അന്താരാഷ്ട്രവിമാനത്താവളം അടച്ചത് അന്താരാഷ്ട്ര സഹായമെത്തിക്കുന്നതിനുള്ള ശ്രമങ്ങളെ സങ്കീർണമാക്കി. 2025 ജനുവരിയിൽ യു.എസ്. സൈന്യം കരക്കാസിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുകയും സർക്കാരിനെ അട്ടിമറിക്കുകയും ചെയ്തതോടെ വെനസ്വേല രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യം ഭൂകമ്പത്തെ നേരിടുന്നത്.

ഒരുനൂറ്റാണ്ടിനിടെയുണ്ടായ ശക്തമായ ഭൂകമ്പം

ഒരുനൂറ്റാണ്ടിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനംകൂടിയാണിത്. 1900-ലുണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പമാണ് രാജ്യത്ത് ഇതിനു മുൻപുണ്ടായതിൽ ഏറ്റവും ശക്തിയേറിയത്. 1997-ലുണ്ടായ ഭൂകമ്പത്തിൽ 73 പേരും 1967-ലുണ്ടായ ഭൂകമ്പത്തിൽ 236 പേരും മരിച്ചിരുന്നു. 

പിന്തുണയുമായി ലോകം

കരാക്കസ്: വെനസ്വേലയിൽ ഭൂകമ്പംവിതച്ച നാശനഷ്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖമറിയിച്ചു. രാജ്യത്തിന് സാധ്യമായ സഹായമെല്ലാം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും വിഷമഘട്ടത്തിൽ വെനസ്വേലൻ ജനതയ്ക്കൊപ്പം ചേർന്നുനിൽക്കുന്നതായും മോദി പറഞ്ഞു. പിന്തുണയ്ക്ക് വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് നന്ദി പറഞ്ഞു.

ഉടനടിയുള്ള സഹായമായി 85 രക്ഷാപ്രവർത്തകരെ ഫ്രാൻസും 54 സൈനികരെ സ്‌പെയിനും വെനസ്വേലയിലേക്കയച്ചു. യൂറോപ്യൻ സഖ്യകക്ഷികളുമായിച്ചേർന്ന് വെനസ്വേലൻജനതയ്ക്ക് കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്ന് ഫ്രാൻസ് അറിയിച്ചു.

ഭൂകമ്പബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും സഹായമെത്തിക്കുന്നതിനുമായി ആറ് സേനാവിമാനങ്ങൾ അയക്കുമെന്ന് ജർമനി പറഞ്ഞു. വെനസ്വേലയിലെ ജനങ്ങളെ സഹായിക്കാൻ യു.എസ്. തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

‘അമേരിക്കയുടെ പുതിയ, മഹത്തായ സുഹൃദ് രാജ്യമായ വെനസ്വേലയ്ക്കായി നിലകൊള്ളു’മെന്നും പറഞ്ഞു. ചൈനയും ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, എൽ സാൽവദോർ, ക്യൂബ, അർജന്റീന, ചിലി, കോസ്റ്ററീക്ക, യുറഗ്വായ്, എക്വഡോർ എന്നിവയും വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.