ധാക്ക/ദുബായ്: ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുൻനിര നേതാക്കളിലൊരാളായ ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി ഫൈസൽ കരീം മസൂദ് ഇന്ത്യയിലേക്ക് കടന്നതായുള്ള ബംഗ്ലാദേശിന്റെ ആരോപണങ്ങൾക്കിടെ താൻ ദുബായിലാണെന്ന് വ്യക്തമാക്കുന്ന ഫൈസലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നു. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും ഒരു തീവ്ര രാഷ്ട്രീയ സംഘടനയാണ് ഇതിന് പിന്നിലെന്നും മസൂദ് വീഡിയോയിൽ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയത്തോടെയാണ് കാണുന്നത്.

To advertise here,

ബംഗ്ലാദേശ് അധികൃതർ തന്നെ ഫൈസൽ കരീം മസൂദിനെ രാജ്യത്തിന് പുറത്തേക്ക് മാറ്റിയെന്നാണ് ഇന്ത്യയുടെ സംശയം. ആഭ്യന്തര സമ്മർദം വഴിതിരിച്ചുവിടാനും അന്വേഷണം ദുർബലപ്പെടുത്താനുമുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇതിനെ കാണുന്നതെന്നും ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു.

ബംഗ്ലാദേശ് ഇമിഗ്രേഷൻ ഡയറക്ടറേറ്റ് ജനറൽ, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ അറിവും അനുമതിയും ഇല്ലാതെ മസൂദിന് വിദേശത്തേക്ക് കടക്കാനാകില്ലെന്നാണ് അധികൃതർ പറയുന്നത്.

ദുബായിൽ ഉണ്ടെന്ന് അവകാശപ്പെട്ട് മസൂദ് പുറത്തുവിട്ട ഒരു വീഡിയോ ഇപ്പോൾ വ്യപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയുടെ ആധികാരികതയുടെ കാര്യത്തിലും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. ബംഗ്ലാദേശ് വിടുന്നതിന് മുമ്പ് ഫൈസൽ കരീം മസൂദ് ഷൂട്ട് ചെയ്ത വീഡിയോ ആണിതെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ ബലമായ സംശയം. പ്രതി ഇപ്പോൾ ബംഗ്ലാദേശിന്റെ അധികാരപരിധിക്ക് പുറത്താണെന്ന് സൂചന നൽകുന്നതിനായി തന്ത്രപരമായി പുറത്തുവിട്ടതാണ് ഈ വീഡിയോ എന്നാണ് ഇന്ത്യ സംശയിക്കുന്നത്.

മസൂദ് നിലവിൽ ദുബായിലുണ്ടെന്ന ബംഗ്ലാദേശിന്റെ അവകാശവാദത്തിൽ ഇന്ത്യൻ ഏജൻസികൾ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ഭീകരവിരുദ്ധ-ഇന്റലിജൻസ് ഏകോപനം ഉണ്ടായിരുന്നിട്ടും, മസൂദിന്റെ യാത്രയുമായി ബന്ധപ്പെട്ട രേഖകളൊന്നും തന്നെ ബംഗ്ലാദേശ്, ഇന്ത്യയ്ക്ക് നൽകിയിട്ടില്ല. വലിയ പ്രാധാന്യമുള്ള കേസുകളിൽ ഇത്തരം വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതാണ്. എന്നാൽ മസൂദിനെ ആരും അറിയാതെ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഈ രേഖകൾ കൈമാറാതിരുന്നതെന്നാണ് ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറയുന്നത്.

ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിൽ പ്രധാന പങ്കുള്ള രണ്ടുപേർ മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നുവെന്നായിരുന്നു ബംഗ്ലാദേശ് പോലീസ് നേരത്തേ പറഞ്ഞിരുന്നത്. ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ പ്രദേശിക സാഹായത്തോടെ ഇന്ത്യയിലേക്കു കടന്നതായി അഡീ. കമ്മിഷണർ എസ്.എൻ. നസ്രുൽ ഇസ്ലാമാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ വാദങ്ങളെ പൂർണമായും തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന മസൂദിന്റെ വീഡിയോ. താൻ നിയമപരമായ വിസയിലാണ് ദുബായിൽ എത്തിയതെന്ന് വീഡിയോയിൽ മസൂദ് അവകാശപ്പെടുന്നുണ്ട്.