ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും അവാമി ലീഗ് മുൻ എംപിയുമായ ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ ആക്രമണം. മഗൂരയിലുള്ള അദ്ദേഹത്തിന്റെ വീടിന് നേരെ ഒരു സംഘം ആളുകൾ പെട്രോൾ ബോംബെറിയുകയും തീയിടാൻ ശ്രമിക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ വെർച്വൽ വാർത്താ സമ്മേളനത്തിൽ ഷാക്കിബ് പങ്കെടുത്തതിന് മണിക്കൂറുകൾക്ക് പിന്നാലെയായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ മോട്ടോർ സൈക്കിളിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. വീടിന്റെ തെക്ക് ഭാഗത്തുള്ള ഇരുമ്പ് ഗേറ്റിന് മുകളിലേക്ക് ഇവർ പെട്രോൾ ബോംബിന് സമാനമായ ഒരു വസ്തു വലിച്ചെറിയുകയായിരുന്നു. ഇതിനെത്തുടർന്ന് തീപ്പിടിത്തം ഉണ്ടായെങ്കിലും അയൽവാസികൾ ഉടൻ തന്നെ ഓടിയെത്തി തീ അണച്ചതിനാൽ വീടിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2024-ൽ അവാമി ലീഗിന് അധികാരം നഷ്ടപ്പെടുന്നതിന് മുൻപ് മഗൂര-1 മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന നിയമസഭാംഗമായിരുന്നു ഷാക്കിബ് അൽ ഹസൻ. തന്റെ ഭരണകൂടം 2024-ലെ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്ത രീതിയെ ന്യായീകരിച്ചും നിലവിലെ നേതൃത്വത്തിനെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ചും ഷെയ്ഖ് ഹസീന നടത്തിയ പ്രസംഗത്തിൽ ഷാക്കിബ് പ്രത്യക്ഷപ്പെട്ടതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും വീടിന് പുറത്ത് കൂടുതൽ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും മഗൂര സദർ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് അബ്ദുള്ള അൽ മാമുൻ അറിയിച്ചു. എറിഞ്ഞ വസ്തു പെട്രോൾ ബോംബ് തന്നെയാണോ എന്ന കാര്യം ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Former Bangladesh captain Shakib Al Hasan's Magura home targeted after Sheikh Hasina's virtual press conference.
Published: 06 Aug 2026, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented