വാഷിങ്ടൺ: പത്നി ഉഷയുടെ മതത്തെക്കുറിച്ചുള്ള തൻ്റെ പരാമർശങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് രൂക്ഷപ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഉഷ ഒരു ക്രിസ്ത്യാനിയല്ലെന്നും മതം മാറാൻ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജയും ഹിന്ദുമത വിശ്വാസത്തിൽ വളർന്നവളുമായ ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയാൽ തനിക്ക് സന്തോഷമാകുമെന്ന് പറഞ്ഞതിന് വിമർശിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ വിശദീകരണം.

To advertise here,

എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ തനിക്കെതിരായ വിമർശനങ്ങളെ അറപ്പുളവാക്കുന്നത് എന്ന് വിശേഷിപ്പിച്ചു. തൻ്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം വ്യക്തിപരമാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ താൻ അത് ഒഴിവാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേകവിഭാഗത്തിൽനിന്ന് താൽക്കാലിക അംഗീകാരം നേടുന്നതിനായി സ്വന്തം ഭാര്യയുടെ മതത്തെ പരസ്യമായി തള്ളിപ്പറയുന്നത് വിചിത്രമാണെന്ന് വാൻസിനെ വിമർശിച്ചുള്ള എക്സിലെ പ്രത്യേക പോസ്റ്റിന് മറുപടിയായി വാൻസ് മൂന്ന് കാര്യങ്ങളിലൂടെ സ്വയം വിശദീകരിച്ചു.

"ഒന്നാമതായി, എൻ്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം എൻ്റെ ആശയങ്ങളോട് യോജിക്കാത്ത ഒരാളിൽ നിന്നായിരുന്നു. ഞാനൊരു പൊതുപ്രവർത്തകനാണ്, ആളുകൾക്ക് ആകാംക്ഷയുണ്ടാകും, ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല”, വാൻസ് കുറിച്ചു.

സുവിശേഷം മനുഷ്യർക്ക് നല്ലതാണെന്ന് തനിക്കറിയാവുന്നത് ക്രിസ്തുമതത്തിലൂടെയാണെന്ന് വാൻസ് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് തൻ്റെ വിശ്വാസത്തിലേക്ക് വീണ്ടും ഇടപഴകാൻ പ്രോത്സാഹിപ്പിച്ചത് ഭാര്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.

"അവൾ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാൻ പദ്ധതികളുമില്ല. എന്നാൽ ഒരു മിശ്രവിവാഹത്തിലോ അല്ലെങ്കിൽ ഏതൊരു മിശ്രബന്ധത്തിലോ ഉള്ള പലരെയും പോലെ, അവളും ഒരുനാൾ ഞാൻ കാണുന്നതുപോലെ കാര്യങ്ങൾ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു. ആ പോസ്റ്റിനെ അദ്ദേഹം അപലപിക്കുകയും അത് മതഭ്രാന്ത് നിറഞ്ഞതാണെന്നും വാൻസ് കൂട്ടിച്ചേർത്തു.

"അതെ, ക്രിസ്ത്യാനികൾക്ക് വിശ്വാസങ്ങളുണ്ട്. അതെ, ആ വിശ്വാസങ്ങൾക്ക് പല അനന്തരഫലങ്ങളുമുണ്ട്, അതിലൊന്ന് ഞങ്ങൾ അത് മറ്റുള്ളവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്. അത് തികച്ചും സാധാരണമായ ഒരു കാര്യമാണ്, അങ്ങനെയല്ലെന്ന് നിങ്ങളോട് പറയുന്ന ആർക്കും ഒരു പ്രത്യേക അജണ്ടയുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. വാൻസിനെ വിമർശിച്ചുള്ള പോസ്റ്റ് എക്സിൽ ഇപ്പോൾ ലഭ്യമല്ല.

ബുധനാഴ്ച മിസിസിപ്പിയിൽ നടന്ന ടേണിങ് പോയിൻ്റ് യുഎസ്എ പരിപാടിയിൽ വാൻസ് സംസാരിച്ചത് ഇപ്രകാരമായിരുന്നു. "ഇപ്പോൾ, മിക്ക ഞായറാഴ്ചകളിലും ഉഷ എൻ്റെ കൂടെ പള്ളിയിൽ വരും. ഞാൻ അവളോട് പറഞ്ഞിട്ടുള്ളതുപോലെ, പരസ്യമായി പറഞ്ഞിട്ടുള്ളതുപോലെ, എൻ്റെ ഏറ്റവും അടുത്ത 10,000 സുഹൃത്തുക്കളുടെ മുന്നിൽ ഞാൻ ഇപ്പോൾ പറയുന്നതുപോലെ - പള്ളിയിൽ വെച്ച് എന്നെ സ്പർശിച്ച അതേ കാര്യം അവളെയും ഒരുനാൾ സ്പർശിക്കുമെന്ന് ഞാൻ ആത്മാർഥമായി അത് ആഗ്രഹിക്കുന്നു, കാരണം ഞാൻ ക്രിസ്തീയ സുവിശേഷത്തിൽ വിശ്വസിക്കുന്നു, എൻ്റെ ഭാര്യയും ഒരുനാൾ അത് അതേ രീതിയിൽ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”. ഇതാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചത്.