വാഷിങ്ടണ്‍: പുതിയ കുടിയേറ്റക്കാര്‍ക്ക് 'ഗ്രീന്‍ കാര്‍ഡുകള്‍' നല്‍കുന്നത് മരവിപ്പിക്കുകയും എച്ച് -1 ബി, എച്ച് -4 എച്ച്.1 ബി വിസയില്‍ എത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് നല്‍കുന്നത്‌ അടക്കം വിദേശികള്‍ക്കുള്ള തൊഴില്‍ വിസ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. 

To advertise here,

എന്നാല്‍, ഇപ്പോള്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ല. എച്ച് -1 ബി വിസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിന്റെ ദിശയിലേക്ക് നീങ്ങാനും ട്രംപ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിര്‍ത്താന്‍ വൈറ്റ് ഹൗസ് ഉത്തരവിറക്കിയത്. 

ഏറ്റവും പ്രഗത്ഭരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാനും അമേരിക്കക്കാരുടെ ജോലികള്‍ സംരക്ഷിക്കാനുമാണ് ട്രംപ് ഭരണകൂടം കുടിയേറ്റ നയം പരിഷ്‌കരിക്കുന്നത്. പരിഷ്കാരങ്ങള്‍ അനുസരിച്ച്, എച്ച് -1 ബി പദ്ധതി ഏറ്റവും ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള അപേക്ഷകരെ പ്രവേശിപ്പിക്കുമെന്ന് ഉറപ്പാക്കുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

'അമേരിക്കന്‍ തൊഴിലാളികളെ മാറ്റി കുറഞ്ഞ ചെലവില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസിലെ തൊഴിലുടമകളെ അനുവദിച്ച പഴുതുകളും ട്രംപ് ഭരണകൂടം ഈ പരിഷ്‌കരണത്തിലൂടെ അടയ്ക്കും. പരിഷ്‌കാരങ്ങള്‍ അമേരിക്കന്‍ തൊഴിലാളികളുടെ വേതനം സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ തൊഴിലാളികള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരാണെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്നാണ വൈറ്റ് ഹൗസിന്റെ വിശദീകരണം.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് യുഎസ് കനത്ത സാമ്പത്തികബുദ്ധിമുട്ടിലാണ്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ട്രംപ് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights: US President Trump suspends H-1B and H-4 visas till end of the year