വാഷിങ്ടൺ: നിലവിലെ വെടിനിർത്തൽ തകരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനികശേഷിയെ ലക്ഷ്യമിട്ട് പുതിയ ആക്രമണ പദ്ധതികൾ അമേരിക്ക തയ്യാറാക്കുന്നു. ഹോർമുസ് കടലിടുക്ക്, ദക്ഷിണ അറേബ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് നീക്കമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് നിയന്ത്രിക്കാൻ ഇറാൻ ഉപയോഗിക്കുന്ന അതിവേഗ ആക്രമണ ബോട്ടുകൾ, മൈനുകൾ വിന്യസിക്കുന്ന കപ്പലുകൾ തുടങ്ങിയവയും യുഎസിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ഹോർമുസിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകൾ തകർക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദേശം നൽകിയതായി കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു.
പുതിയ ആക്രമണത്തിന്റെ സാധ്യത ഉയർത്തിക്കൊണ്ട് യുഎസിന്റെ മൂന്നാമത്തെ വിമാനവാഹിനി കപ്പലും അതിനെ അനുഗമിക്കുന്ന യുദ്ധക്കപ്പലുകളും ഇറാൻ തീരത്തിന് സമീപം എത്തിയിട്ടുണ്ട്. യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യു ബുഷ് വിമാനവാഹിനി കപ്പലാണ് എത്തിയത്. ഇത് ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങളുടെ നിയന്ത്രണ പരിധിയിൽ വ്യാഴാഴ്ച എത്തിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിക്കുകയും ചെയ്തു. യുഎസ്എസ് ജെറാൾഡ് ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ വിമാനവാഹിനി കപ്പലുകൾ നിലവിൽതന്നെ പശ്ചിമേഷ്യയിലുണ്ട്.
ഹോർമുസ് അടച്ചിടുന്നത് ആഗോള സമ്പദ് വ്യവസ്ഥയിൽ വലിയ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുന്നത്. അമേരിക്കയിൽ പണപ്പെരുപ്പം കുറയ്ക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്കും ഇത് ഭീഷണിയായെന്ന് യുഎസ് മാധ്യമങ്ങൾ പറയുന്നു. ഈ സാഹചര്യത്തിലാണ് ഹോർമുസ് തുറക്കുന്നതിനായുള്ള ആക്രമണ പദ്ധതികൾ യുഎസ് തയ്യാറാക്കുന്നത്. വെടിനിർത്തലിന് മുമ്പ് യുഎസ് നടത്തിയ ആക്രമണങ്ങൾ ഹോർമുസിൽനിന്ന് അകലെയുള്ള ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു.
പുതിയ പദ്ധതികൾ അനുസരിച്ച്, തന്ത്രപ്രധാനമായ ഹോർമുസിന് ചുറ്റും കൂടുതൽ കേന്ദ്രീകൃതമായ ബോംബാക്രമണം നടത്തും. എന്നാൽ, കടലിടുക്ക് തുറക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ഇത് സങ്കീർണ്ണമാക്കുമെന്നാണ് വിലയിരുത്തൽ. ഇറാൻ നാവികസേനയുടെ മിസൈലുകളിൽ വലിയൊരു ശതമാനം കേടുപാടു കൂടാതെയിരിക്കുന്നുവെന്നാണ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, ഇറാന്റെ കൈവശം ഒട്ടേറെ ചെറിയ ഹൈസ്പീഡ് ബോട്ടുകളുമുണ്ടെന്നും സിഎൻഎൻ പറയുന്നു.
അതേസമയം, നേരത്തെ നടത്തിയ ആക്രമണങ്ങളിൽ നശിപ്പിക്കപ്പെടാതെ അവശേഷിച്ചതും അല്ലെങ്കിൽ വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം പുതിയ തന്ത്രപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റിയതുമായ മിസൈലുകൾ, ലോഞ്ചറുകൾ, മറ്റു സൈനിക ശേഷികൾ എന്നിവയുപയോഗിച്ചുള്ള പുതിയ ആക്രമണ സാധ്യതയുണ്ടെന്ന് യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. ആയിര കണക്കിന് ഡ്രോണുകളും മിസൈൽ ലോഞ്ചറുകളും ഇറാനിൽ ഇപ്പോഴും അവശേഷിക്കുന്നുവെന്നും ഇവ മാറ്റി സ്ഥാപിച്ചതായും യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ച, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇറാൻ ഒരു കരാറിന് സമ്മതിച്ചില്ലെങ്കിൽ ആ ലക്ഷ്യങ്ങൾ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: US military developing targeted strike plans for Iranian assets in the Strait of Hormuz., Deployment of three US aircraft carriers including USS George H.W. Bush near Iran.
Published: 24 Apr 2026, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented