വാഷിങ്ടൺ: യുഎസ് നാവിക ഉപരോധം ലംഘിച്ച് ഇറാനിലെ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചരക്ക് കപ്പലിന് നേരെ മിസൈൽ തൊടുത്ത് അമേരിക്കൻ സൈന്യം. ഗാംബിയൻ പതാക വഹിച്ച ലിയാൻ സ്റ്റാർ എന്ന ചരക്ക് കപ്പലിന് നേരെയാണ് ഗൾഫ് ഓഫ് ഒമാനിൽ വെച്ച് ആക്രമണം ഉണ്ടായതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലൂടെ ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന കപ്പലിന്റെ എഞ്ചിൻ റൂമിലാണ് മിസൈൽ പതിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് മിസൈൽ ആക്രമണം ഉണ്ടായത്.
സൈനിക നടപടി സ്വീകരിക്കുന്നതിന് മുൻപ് കപ്പലിന് ഇരുപതിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കരുത് എന്ന നിർദ്ദേശങ്ങൾ കപ്പൽ അധികൃതർ ആവർത്തിച്ച് അവഗണിക്കുകയായിരുന്നു. മിസൈൽ ആക്രമണത്തിൽ എഞ്ചിൻ തകരാറിലായതോടെ കപ്പൽ കടലിൽ നിശ്ചലമായ അവസ്ഥയിലാണ്. കപ്പൽ നിലവിൽ ഇറാനിലേക്ക് നീങ്ങുന്നില്ലെന്നും എന്നാൽ, യുഎസ് സൈന്യം കപ്പലിനുള്ളിൽ പ്രവേശിച്ചിട്ടില്ലെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഉപരോധം ആരംഭിച്ചതിന് ശേഷം ഇതുവരെ ഇറാനിലേക്ക് നീങ്ങിയ ആറ് കപ്പലുകളാണ് യുഎസ് സൈന്യം തടഞ്ഞത്. ഇതിനോടകം ഏകദേശം 116-ലധികം കപ്പലുകളെ മറ്റ് ദിശകളിലേക്ക് വഴിതിരിച്ചുവിട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെയാണ് യുഎസ് ഈ കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തിയത്.
മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായുള്ള വെടിനിർത്തൽ കരാർ തുടരുന്നതിനിടയിലാണ് പുതിയ സൈനിക നടപടി ഉണ്ടായത്. വെടിനിർത്തൽ കാലാവധി നീട്ടുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
Content Highlights: US forces disable a cargo ship in the Gulf of Oman for breaching the naval blockade against Iran. Stay updated on the latest US-Iran conflict developments.
Published: 31 May 2026, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented