വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതിനിടെ യുദ്ധസന്നാഹങ്ങൾ ഒരുക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലിലേക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന കൂടുതൽ വിമാനങ്ങൾ അയക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. നേരത്തെ, വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ പുതിയ സൈനിക പദ്ധതികൾ ട്രംപിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിന്യാസത്തിനുള്ള നീക്കം.
നിലവിൽ ടെൽ അവീവിന് സമീപമുള്ള ബെൻ ഗുറിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30-ഓളം റീഫ്യൂവലിങ് എയർക്രാഫ്റ്റുകളുണ്ട്. ഇസ്രയേലിന്റെ തെക്ക് ഭാഗത്തുള്ള റാമോൺ വിമാനത്താവളത്തിലും ഇത്രയും വിമാനങ്ങളാണുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ വിന്യസിക്കാൻ അമേരിക്ക തയ്യാറായേക്കുമെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ വിമാനങ്ങളെ സ്വീകരിക്കാൻ ഇസ്രയേൽ സർക്കാരിനോട് യു.എസ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മേഖലയിലെ മറ്റ് താവളങ്ങളെ അപേക്ഷിച്ച് ബെൻ ഗുറിയൻ വിമാനത്താവളം ഇറാൻ ആക്രമണ ഭീഷണി കുറവായതിനാൽ അവിടെ നിന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാനാണ് യു.എസ് സൈന്യത്തിന് താൽപ്പര്യം.
ഹോർമുസ് കടലിടുക്കിന് ചുറ്റും നടത്തുന്ന ആക്രമണങ്ങൾക്കപ്പുറം ഇറാനിലെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്ന രീതിയിൽ സൈനിക നീക്കം വിപുലീകരിക്കാനാണ് പരിഗണനയിലുള്ളത്. ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും വരുംദിവസങ്ങളിൽ സൈനിക നടപടികൾ ശക്തമാക്കാൻ സാധ്യതയുണ്ടെന്ന് യു.എസ്, ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ വൈദ്യുത നിലയങ്ങൾ, ആണവ കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആണവ ഇന്ധനശേഖരം ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തടയുകയാണ് ലക്ഷ്യം. ഇതിനൊപ്പം നിർമ്മാണത്തിലിരിക്കുന്നതെന്ന് സംശയിക്കുന്ന 'പിക്കാക്സ് മൗണ്ടൻ' എന്ന ഭൂഗർഭ കേന്ദ്രവും ആക്രമണ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടേക്കാമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവ വിഷയത്തിൽ ആവശ്യങ്ങൾ അംഗീകരിക്കാനും ഇറാനെ നിർബന്ധിതരാക്കുന്ന തരത്തിലുള്ള ആക്രമങ്ങൾക്ക് ട്രംപ് തയ്യാറെടുക്കുന്നു എന്നാണ് സൂചന. അതേസമയം, അടുത്ത നീക്കത്തെക്കുറിച്ച് ട്രംപ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ എന്നിവരുമായി ചർച്ച നടത്തിവരികയാണെന്ന് വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു.
Published: 18 Jul 2026, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented