വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ യു.എസ്. അന്താരാഷ്ട്രസഹായം തേടുന്നു. കടലിടുക്ക് തുറക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ അന്താരാഷ്ട്രസഖ്യം രൂപവത്കരിക്കാനാണ് യു.എസ്. ലക്ഷ്യമിടുന്നത്. സഖ്യത്തിന്റെ ഭാഗമാകാൻ യു.എസ്. വിദേശകാര്യവകുപ്പ് മറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവില നാലുവർഷത്തെ ഏറ്റവും ഉയർന്നനിലയിലെത്തിയ സാഹചര്യത്തിലാണ് നീക്കം.

To advertise here,

'മാരിടൈം ഫ്രീഡം കൺസ്ട്രക്ട്' എന്നപേരിലാകും യു.എസ്. രൂപവത്കരിക്കുന്ന അന്താരാഷ്ട്രസഖ്യം അറിയപ്പെടുക. വിവരങ്ങളുടെ കൈമാറ്റം, നയതന്ത്രമാർഗത്തിലെ ഏകോപനം, ഉപരോധങ്ങൾ നടപ്പാക്കാൻ സഹായം എന്നിവയാകും ഈ സഖ്യം ചെയ്യുകയെന്നാണ് യു.എസ്. വിദേശകാര്യവകുപ്പ് നൽകുന്ന വിവരം.

ഇത്തരമൊരു സഖ്യത്തിൽ അംഗമാകുന്നതിനെക്കുറിച്ച് ഫ്രാൻസും ബ്രിട്ടനുമുൾപ്പെടെ ഏതാനും രാജ്യങ്ങൾ ചർച്ചനടത്തിയിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചശേഷം മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ഇറാനിൽ സാധ്യമായ പുതിയ സൈനികനടപടികളെക്കുറിച്ച് യു.എസ്. സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വിശദീകരിക്കുമെന്ന് യു.എസ്. മാധ്യമമായ 'ആക്‌സിയോസ്' റിപ്പോർട്ടുചെയ്തു. സമാധാനചർച്ച വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സമ്മർദത്തിലാക്കുകയാണ് യു.എസിന്റെ ലക്ഷ്യം. ഈ വാർത്തവന്നതോടെ വ്യാഴാഴ്ച ബ്രെൻഡ് അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 125 ഡോളർവരെയെത്തി. 2022 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

യുദ്ധം ഔപചാരികമായി അവസാനിക്കുകയും കപ്പൽഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ ആണവപദ്ധതിയെക്കുറിച്ചുള്ള ചർച്ച മാറ്റിവെച്ചാൽ കരാറിലെത്താമെന്നാണ് ഇറാൻ മുന്നോട്ടുവെച്ച അവസാനനിർദേശം. ഇതേക്കുറിച്ച് യു.എസ്. 'നിരീക്ഷണങ്ങൾ' പങ്കുവെച്ചിട്ടുണ്ടെന്നും ഇനി പ്രതികരിക്കേണ്ടത് ഇറാനാണെന്നും മധ്യസ്ഥരായ പാകിസ്താൻ പറഞ്ഞു.

രണ്ടുമാസമായി തുടരുന്ന സംഘർഷം ഇറാന്റെയും യു.എസിന്റെയും സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. 2500 കോടി ഡോളറാണ് (2.4 ലക്ഷംകോടി രൂപ) യുദ്ധത്തിനായി യു.എസ്. ഇതുവരെ ചെലവാക്കിയത്.

യു.എസിന്റെ ഉപരോധം പരാജയപ്പെടുമെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഇറാനെ ലക്ഷ്യമിട്ട് യു.എസ്. ഏർപ്പെടുത്തിയ നാവിക ഉപരോധം പരാജയപ്പെടുമെന്നും യു.എസ്. നടപടി മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യാഴാഴ്ച പറഞ്ഞു. ഏപ്രിൽ 13-നാരംഭിച്ച ഉപരോധം മാസങ്ങളോളം നീളാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞതിനുപിന്നാലെയാണ് പ്രതികരണം. യു.എസിന്റെ ഉപരോധം ഇറാനിൽ ഭിന്നത സൃഷ്ടിക്കാനും ഉള്ളിൽനിന്ന് തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും ഈ ശ്രമത്തെ ഒരുമിച്ചുനിന്ന് പരാജയപ്പെടുത്തണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് ബുധനാഴ്ച പറഞ്ഞു.