വെർജീനിയ: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യു.എസ്. നടത്തിയ ആക്രമണങ്ങളിൽ   ഉപയോ​ഗിച്ച ബങ്കർ ബസ്റ്റർ ബോംബുകളുടെ പരീക്ഷണ ദൃശ്യങ്ങൾ പങ്കുവെച്ച് യു.എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്‌ൻ. സാധാരണ ബോംബുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു ബങ്കർ-ബസ്റ്റർ ബോംബ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉപരിതലത്തിൽ കാണാൻ കഴിയില്ലെന്ന് അദ്ദേ​ഹം പറഞ്ഞു. 

To advertise here,

ഇറാൻ കോൺക്രീറ്റ് ഉപയോഗിച്ച് മൂടാൻ ശ്രമിച്ച ഫോർദോയുടെ വെന്റിലേഷൻ ഷാഫ്റ്റുകളെയാണ് (ventilation shafts) ബോംബുകൾ ലക്ഷ്യം വെച്ചതെന്ന് ജനറൽ കെയ്ൻ പറഞ്ഞു. ആദ്യ ബോംബ് ഷാഫ്റ്റ് തുറന്നു. അതിന് ശേഷമുള്ള നാല് ബോംബുകൾ സെക്കൻഡിൽ 1,000 അടിയിൽ കൂടുതൽ വേഗതയിൽ ഉള്ളിൽ പ്രവേശിച്ചു. അവസാനത്തെ ബോംബ് ഫ്ലെക്സ് വെപ്പൺ ആയി പ്രവർത്തിച്ചു. അദ്ദേ​ഹം വ്യക്തമാക്കി. എന്തെങ്കിലും കാരണത്താല്‍ അതില്‍ ഏതെങ്കിലും ബോംബ് പൊട്ടാതിരുന്നാലും ഉദ്ദേശിച്ച കാര്യം പൂര്‍ത്തിയാക്കാനാണ് ഈ രീതി.

15 വര്‍ഷത്തോളമായി ഫൊര്‍ദൊയിലെ ആണവകേന്ദ്രത്തേ നിരീക്ഷിച്ചിരുന്ന ഡിഫന്‍സ് ത്രെട്ട് റിഡക്ഷന്‍ ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് ആക്രമണ പദ്ധതി നടപ്പിലാക്കിയത്.  15 വര്‍ഷത്തെ ഗവേഷണ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ബോംബ് വികസിപ്പിച്ചതെന്ന് ജനറല്‍ കെയ്ന്‍ വിശദീകരിച്ചു. തുടര്‍ന്ന് വികസന കാലഘട്ടത്തിലെടുത്ത വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ചാണ് എന്താണ് ഫൊര്‍ദൊയില്‍ സംഭവിച്ചിട്ടുണ്ടാവുക എന്ന് അദ്ദേഹം വിശദീകരിച്ചു. വിവിധ മാതൃകയിൽ നൂറുകണക്കിന് പരീക്ഷണങ്ങളാണ് നടത്തിയത്. അദ്ദേ​ഹം പറഞ്ഞു. അതേസമയം നതാൻസിനെക്കുറിച്ചും ഇസ്ഫഹാനെക്കുറിച്ചും ഉദ്യോ​ഗസ്ഥർ പ്രതികരിക്കാൻ തയാറായില്ല. 

യു.എസ്. ആക്രമണം ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്തിയെങ്കിലും ഇറാന്റെ ആണവശേഷി നശിപ്പിച്ചില്ലെന്നും ആണവ പദ്ധതികളെ  ഏതാനും മാസത്തേക്ക് വൈകിപ്പിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ എന്നുമുള്ള രഹസ്യ പ്രതിരോധ ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഡാൻ കെയ്‌നും തള്ളി. റിപ്പോർട്ടിന് വിശ്വാസ്യത കുറവാണെന്നും വിവരങ്ങളിൽ ന്യൂനതയുണ്ടെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.

അവിടെ നിന്ന് യുറേനിയം ഇറാന്‍ മാറ്റിയിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ വിശദീകരിച്ചു. അവിടെ കണ്ട വലിയ ട്രക്കുകളും കാറുകളും ഫൊര്‍ദൊയിലെ വെന്റിലേഷന്‍ ഷാഫ്റ്റുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കാനായി എത്തിച്ച ജോലിക്കാരും സംവിധാനങ്ങളുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ആണവ വസ്തുക്കളെ അവിടെ നിന്ന് മാറ്റുക എന്നത് അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ലെന്നും ട്രംപ് പറഞ്ഞു.