ടെഹ്റാൻ/വാഷിങ്ടൺ: ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ. ട്രംപിന്റെ പുതിയ സാമ്പത്തിക ശിക്ഷാനടപടികൾ പരാജയപ്പെട്ട നയങ്ങളുടെ തുടർച്ച മാത്രമാണെന്നും ഇത് അമേരിക്കയ്ക്ക് കൂടുതൽ തിരിച്ചടികൾ മാത്രമേ നൽകൂയെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുടെ ഇത്തരം സാമ്പത്തിക ഭീകരത ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് ഇറാനെതിരെയുള്ള കടുത്ത നടപടികൾ പ്രഖ്യാപിച്ചത്. ഒരു രാജ്യത്തിനെതിരെയും ഇന്നേവരെ സ്വീകരിക്കാത്ത തരത്തിലുള്ള ഏറ്റവും കടുത്ത സാമ്പത്തിക നടപടിയായിരിക്കും ഉണ്ടാകുകയെന്നും സമാനതകളില്ലാത്ത സാമ്പത്തിക ഏറ്റുമുട്ടലിനും ഒറ്റപ്പെടുത്തലിനുമാണ് തുടക്കമിടുന്നതെന്നും ട്രംപ് പറഞ്ഞു.

ഇറാന് ഏതെങ്കിലുംതരത്തിലുള്ള സാമ്പത്തിക സഹായങ്ങളോ പിന്തുണയോ നൽകുന്ന രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മറ്റ് രാജ്യങ്ങളിലെ ധനകാര്യസ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ വഴി ഇറാന് യാതൊരുവിധ സഹായവും നൽകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ പുതിയ നീക്കം സ്വന്തം പ്രതിസന്ധികളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രം മാത്രമാണെന്ന് അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു. ഇതുവരെയില്ലാത്ത വലിയ കടബാധ്യതയും ഉയർന്നുവരുന്ന പലിശനിരക്കും നേരിടുന്ന അമേരിക്ക സ്വന്തം പ്രശ്നങ്ങളിൽനിന്ന് ആളുകളുടെ ശ്രദ്ധതിരിക്കാനാണ് ‘ഇക്കണോമിക് ഡി-ഡേ’ എന്ന പേരിൽ ഇങ്ങനെയൊരു നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പരാജയപ്പെട്ട ഇത്തരം നയങ്ങൾ ഇറാനികൾക്ക് അമേരിക്കയോടുള്ള ശത്രുത വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അരാഗ്ചി വ്യക്തമാക്കി. ഭീഷണികൾ കൊണ്ടോ ഉപരോധങ്ങൾകൊണ്ടോ തങ്ങളുടെ വഴി മാറ്റാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഇറാൻ.