ഫ്ലോറിഡ: ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കാൻ ശ്രമിക്കില്ലെന്നും അതിന് മുതിർന്നാൽ ആക്രമിക്കാൻ ഉദ്ദേശിക്കുന്ന ഒന്നുരണ്ട് ലക്ഷ്യങ്ങൾ അമേരിക്കയുടെ മുന്നിൽ ബാക്കിയുണ്ടെന്നും പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാൻ ആണവ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് സംശയിക്കുന്ന 'പിക്ആക്സ് മൗണ്ടൻ' എന്ന ഭൂഗർഭ ആണവകേന്ദ്രം ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ തന്റെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

To advertise here,

ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ നന്നായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും ടെഹ്‌റാന്റെ വിശ്വാസ്യതയിൽ ട്രംപ് സംശയം പ്രകടിപ്പിച്ചു. ഒരു കരാറിൽ ഒപ്പിട്ട ശേഷം അതിൽനിന്ന് പിന്മാറുന്ന ശീലമാണ് ഇറാനുള്ളത്. ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ട്. അതിൽ കാര്യം വ്യക്തമാകും. ഇറാന്റെ സൈനിക, ആണവ ശേഷികളുടെ വലിയൊരു ഭാഗം യുഎസ് ഇതിനകം തകർത്തുകഴിഞ്ഞു. ഇനി ബാക്കിയുള്ള ഒന്നോ രണ്ടോ കേന്ദ്രങ്ങൾ തകർക്കാൻ വെറും 10 മിനിറ്റ് മാത്രം മതിയാകും- ട്രംപ് പറഞ്ഞു.

അതേസമയം, പിക്ആക്സ് മൗണ്ടനിലെ കേന്ദ്രത്തിൽ ആണവ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് ഇറാൻ സർക്കാരിന്റെ നിലപാട്. എന്നിരുന്നാലും, വീണ്ടും ആക്രമണം തുടരുന്നതിനെതിരെ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ തുടരുമ്പോഴും ഇറാനെ പൂർണമായി തകർക്കണമോ എന്ന കാര്യം തൻ്റെ  പരിഗണനയിലുണ്ടെന്നാണ് ട്രംപിൻ്റെ വാദം.

നവംബർ മൂന്നിന് നടക്കാനിരിക്കുന്ന യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം  ഇറാനെതിരെ 'എപ്പിക് ഫ്യൂറി'  മാതൃകയിൽ വീണ്ടും സൈനിക നടപടി ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. നവംബർ മൂന്നിന് ശേഷം സൈനിക നീക്കത്തിന് തയ്യാറെടുക്കാൻ വാഷിങ്ടൺ ഗൾഫ് അറബ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾ നടത്തുന്ന കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നയതന്ത്ര പരിഹാരത്തിനുള്ള ചർച്ചകൾ തുടരുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.