വാഷിങ്ടൺ: യു.എസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും വീണ്ടും യുദ്ധം ആരംഭിക്കുന്നതുമൊഴിവാക്കാനായി മാരത്തൺ ചർച്ചകളുമായി ഖത്തർ. യുഎസ്സിലെ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഒരു കരാറിലെത്താൻ ഖത്തർ നയതന്ത്രജ്ഞർ വെള്ളിയാഴ്ച ടെഹ്റാനിൽ 12 മണിക്കൂറിലധികം നീണ്ട ചർച്ചകൾ നടത്തി. നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ആക്സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഖത്തറിൽ ചർച്ചകൾ തുടരും.
ഇറാനുമേൽ കനത്ത നാശനഷ്ടം വിതയ്ക്കുന്ന ഒരു സൈനിക നീക്കത്തിന് യുഎസ് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചർച്ചകൾ. വെള്ളിയാഴ്ചത്തെ മാരത്തൺ ചർച്ചയ്ക്കിടയിൽ ഖത്തർ നയതന്ത്രജ്ഞരും വൈറ്റ് ഹൗസും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
അനുകൂലമായ പുരോഗതിയുണ്ടെന്നാണ് ചർച്ചകൾക്കുശേഷം നയതന്ത്ര ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ചർച്ചകൾ പുനരാരംഭിക്കണമെങ്കിൽ ഇറാൻ ആണവ പദ്ധതികളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. എന്നാൽ, യുഎസ് ആദ്യം നാവിക ഉപരോധം നീക്കണമെന്നും മരവിപ്പിച്ച ഫണ്ട് റിലീസ് ചെയ്യണമെന്നും എണ്ണ വിൽക്കാൻ അനുവദിക്കണമെന്നുമാണ് ഇറാൻ നിബന്ധന വെക്കുന്നത്. വിശ്വാസ്യത ഉയർത്തുന്നതിന്റെ ഭാഗമായി ആണവ കേന്ദ്രങ്ങൾ സന്ദർശിക്കാൻ യുഎൻ ഉദ്യോഗസ്ഥരെ അനുവദിക്കാൻ ഖത്തർ ഇറാനെ പ്രേരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇറാനെ നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിൽ അഭിപ്രായഭിന്നത തുടരുന്നുണ്ടെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ഇറാനിയൻ ഭരണകൂടവുമായി ഒരു ആണവ കരാറിലെത്താൻ കഴിയുമെന്ന കാര്യത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും. ആക്രമണങ്ങളിലൂടെയും മറ്റു വഴികളിലൂടെയും ഇറാനിയൻ ഭരണകൂടത്തെ കൂടുതൽ ദുർബലപ്പെടുത്തണമെന്നാണ് ഇവരുടെ വാദം. എന്നാൽ വൈസ് പ്രസിഡന്റ് വാൻസും ട്രംപിന്റെ ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതേസമയം തനിക്ക് സ്വീകാര്യമായ ഒരു കരാറിന് ഇറാൻ
സമ്മതിക്കുമെന്ന കാര്യത്തിൽ ട്രംപിനും സംശയമുണ്ട്.
'ചർച്ചകൾ നടക്കുന്നുണ്ട്. അവർക്ക് സംസാരിക്കണം. അവർ സംസാരിച്ചുകൊണ്ടിരിക്കുന്നു... വ്യക്തമായി പറഞ്ഞാൽ ഞങ്ങൾക്ക് സമയമുണ്ട്. ഇതൊരു യുദ്ധമാണ്, പക്ഷേ ഇതൊരു സാധാരണ യുദ്ധമല്ല' വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. ഖത്തറിനെ കൂടാതെ പാകിസ്താൻ, സൗദി, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളും ഇറാനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നാൽ ട്രംപ് ഒരു വലിയ സൈനിക നടപടിക്ക് ഉത്തരവിടാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
'തനിക്ക് അപമാനമോ അവഗണനയോ നേരിട്ടതായി തോന്നിയാൽ അദ്ദേഹം ശക്തമായ എന്തെങ്കിലും ചെയ്യും. അതാണ് എല്ലാവരും ഇറാനികളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു കരാറിലെത്താൻ അവർക്കുള്ള ഏറ്റവും നല്ല അവസരം ഇപ്പോൾ തന്നെയാണ്' യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.
നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് സൗദി അറേബ്യയുടെയും തുർക്കിയുടെയും നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനെതിരെ സംയുക്ത സൈനിക നീക്കം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന്മേൽ സമ്മർദ്ദം ചെലുത്തിവരികയാണ്. യുദ്ധം വീണ്ടും ആരംഭിക്കുന്നത് ഇറാനിൽ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലും വൻ നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ആഗോള ഊർജ്ജ പ്രതിസന്ധി കൂടുതൽ വഷളാക്കുകയും ചെയ്യും.
Content Highlights: Qatari diplomats held over 12 hours of talks in Tehran to restart US-Iran negotiations., Efforts aim to prevent a potential US military strike on Iran following the mid-term elections., Discussions cover US demands on nuclear programs and Iran's demands for lifting sanctions and unfreezing funds., Divisions persist within the Trump administration regarding diplomacy versus military action.
Published: 31 Oct 2026, 10:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented