വാഷിങ്ടൺ: എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങുമായി പ്രണയബന്ധത്തിലാകാൻ ചൈനീസ് വ്യവസായി ആലിസ് ഹുവാങ്ങിന് ചൈന നിർദ്ദേശം നൽകിയതിനോ ഇതൊരു ചാരപ്രവർത്തനത്തിന്റെ ഭാഗമാണെന്നതിനോ യാതൊരു തെളിവുമില്ലെന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

To advertise here,

സിഐഎ, എഫ്ബിഐ, നാഷണൽ സെക്യൂരിറ്റി ഏജൻസി, ഓഫീസ് ഓഫ് ദി ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് എന്നീ ഏജൻസികളിലെ ഉദ്യോഗസ്ഥർ കോൺഗ്രഷണൽ സ്റ്റാഫർമാർക്കായി നടത്തിയ രഹസ്യ ബ്രീഫിങ്ങിലാണ് ഈ വിലയിരുത്തൽ പങ്കുവെച്ചത്. ലഭ്യമായ തെളിവുകൾ പ്രകാരം എൻവിഡിയ സിഇഒയെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ഇന്റലിജൻസ് ഓപ്പറേഷനായിരുന്നില്ല ഇതെന്നും, മറിച്ച് തികച്ചും വ്യക്തിപരമായ ബന്ധമായിരിക്കാമെന്നുമാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, വിവരങ്ങൾ തേടി സമീപിച്ച ചൈനയുടെ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുമായി ആലിസ് ഹുവാങ് ബന്ധം പുലർത്തിയിരുന്നതായി ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ ചൈനീസ് ഏജൻസിക്ക് പ്രധാനപ്പെട്ട വിവരങ്ങളൊന്നും ആലിസ് നൽകിയതായി കണ്ടെത്താനായിട്ടില്ലെന്നും വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആലിസ് ഹുവാങ്ങിന്റെ ഭർത്താവായി പലപ്പോഴും പരിചയപ്പെടുത്തിയിട്ടുള്ള കാങ് വെയ് എന്ന വ്യക്തിയെ ചൈനീസ് ഇന്റലിജൻസിന്റെ ഏജന്റായാണ് ബ്രീഫിങ്ങിൽ വിശേഷിപ്പിക്കുന്നത്. ചൈനയുടെ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുമായി കൂടുതൽ അടുത്ത ബന്ധം പുലർത്തിയിരുന്നത് കാങ് വെയ് ആണെന്നാണ് വിവരം.

ഈ കണ്ടെത്തലുകൾ ആലിസ് ഹുവാങ്ങിന് പൂർണ്ണമായ ക്ലീൻ ചിറ്റ് നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൈനയിലേക്കുള്ള എൻവിഡിയ ചിപ്പുകളുടെ അനധികൃത കൈമാറ്റവുമായി ആലിസിനുള്ള പങ്കും അവരുടെ മറ്റ് ബന്ധങ്ങളും ഇന്റലിജൻസ് ഏജൻസികൾ തുടർന്നും പരിശോധിച്ചുവരികയാണ്. പ്രണയബന്ധം ആരംഭിച്ചതിനുശേഷം ആലിസ് ഹുവാങ് ചൈനയ്ക്ക് രഹസ്യവിവരങ്ങൾ കൈമാറിയിട്ടുണ്ടാകാമെന്ന സാധ്യത യുഎസ് ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടില്ലെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.