വാഷിങ്ടൺ: എൻവിഡിയ മേധാവി ജെൻസൻ ഹുവാങിനെ കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ തനിക്ക് പങ്കുണ്ടെന്ന് അവകാശപ്പെട്ടതിന് പിന്നാലെ, ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്കിനെയും താൻ സമാന രീതിയിൽ രക്ഷിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

To advertise here,

തന്റെ ആദ്യ ഭരണകാലത്ത് മസ്ക് വലിയ പ്രതിസന്ധിയിലായിരുന്നെന്നും അന്ന് താൻ ഇടപെട്ട് അദ്ദേഹത്തെ സംരക്ഷിച്ചെന്നുമാണ് ട്രംപിന്റെ വാദം. 'ഞാനില്ലായിരുന്നെങ്കിൽ ഇന്ന് ഇലോൺ ഉണ്ടാകുമായിരുന്നില്ല' എന്നും ട്രംപ് പറഞ്ഞു. എന്നാൽ, മസ്ക് നേരിട്ട സംഭവം എന്തായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. '80 ശതമാനം അതിശയകരമായ ബുദ്ധിശക്തിയും 20 ശതമാനം മറ്റ് പ്രശ്നങ്ങളുമുള്ള വ്യക്തിയാണ് അദ്ദേഹം' എന്നും ട്രംപ് തമാശരൂപേണ പറഞ്ഞു.

2018 മുതൽ 2020 വരെയുള്ള കാലയളവിൽ മസ്ക് നേരിട്ട ചില പ്രതിസന്ധികളാകാം ട്രംപ് പരാമർശിച്ചതെന്നാണ് വിലയിരുത്തൽ. 2018-ൽ ടെസ്‌ലയെ ഓഹരിവിപണിയിൽനിന്ന് പിൻവലിച്ച് സ്വകാര്യ കമ്പനിയാക്കാൻ ആലോചിക്കുന്നുവെന്നും ഇതിനുള്ള പണം ഉറപ്പാക്കിയിട്ടുണ്ടെന്നും മസ്ക് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ഈ നീക്കം നടപ്പായില്ല.

നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് അമേരിക്കൻ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ മസ്കിനെതിരെ നടപടിയെടുത്തിരുന്നു. തുടർന്ന് 20 ദശലക്ഷം ഡോളർ പിഴയടയ്ക്കാനും ടെസ്‌ല ചെയർമാൻ സ്ഥാനം മൂന്ന് വർഷത്തേക്ക് ഒഴിയാനും മസ്ക് സമ്മതിച്ചു. എന്നാൽ, ഈ വിഷയത്തിൽ ട്രംപ് നേരിട്ട് ഇടപെട്ടതിന് വ്യക്തമായ തെളിവുകളില്ല.

2019-ൽ മസ്കിന്റെ സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായിരുന്നു. അമേരിക്കൻ സൈന്യത്തിനുവേണ്ടി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന സ്‌പേസ് എക്‌സിന്റെ പ്രവർത്തനങ്ങളിൽ നിർണായകമായിരുന്നു ഈ അനുമതി.

2020-ൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ കാലിഫോർണിയയിലെ ടെസ്‌ല ഫാക്ടറി വീണ്ടും തുറക്കാനുള്ള മസ്കിന്റെ തീരുമാനത്തെ ട്രംപ് പരസ്യമായി പിന്തുണച്ചിരുന്നു. ഫാക്ടറി തുറക്കാൻ കാലിഫോർണിയ അധികൃതർ അനുവദിക്കണമെന്നായിരുന്നു അന്ന് ട്രംപിന്റെ ആവശ്യം. എന്നാൽ, താൻ പരാമർശിച്ച സംഭവം ഇതിലേതാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.