കോട്ടയം: കോൺഗ്രസിനുള്ളിലെ തർക്കത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. പരസ്പരം പോരടിക്കുന്നവർ പാർട്ടിക്ക് ഒരു സംസ്കാരം ഉണ്ടെന്ന് ഓർക്കണമെന്നും പരിധി വിടരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 'കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞുപോയി. ഇനി അതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പാർട്ടിക്ക് ഒരു സംസ്കാരം ഉണ്ടെന്നാണ് എല്ലാവരും ഓർക്കേണ്ടത്. പൊതുയിടത്തിലാണെങ്കിലും സൈബർ ഇടത്തിലാണെങ്കിലും സംസ്കാരം വിട്ട് പ്രവർത്തിക്കരുത്' ചാണ്ടി ഉമ്മൻ പറഞ്ഞു.

To advertise here,

ജെ.എസ് അഖിലിനെതിരായ നേമം ഷജീറിന്റെ വിമർശനത്തിൽ ചാണ്ടി ഉമ്മൻ ഇങ്ങനെ പ്രതികരിച്ചു, 'മറ്റൊരാളെ മോശക്കാരനാക്കി കാണിച്ചതുകൊണ്ട് എന്താണ് നേട്ടം? എന്റെ പിതാവ് ജീവിച്ചിരുന്നപ്പോൾ കഴക്കൂട്ടം സീറ്റിലേക്ക് നോമിനേറ്റ് ചെയ്യാൻ ആഗ്രഹിച്ച ഒരു വ്യക്തിയാണ് ജെ.എസ്.അഖിൽ. വർഷങ്ങളുടെ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. സമരങ്ങളിലൂടെ വളർന്നുവന്ന നേതാവാണ്. ആരെയും വില കുറച്ച് കാണാതിരിക്കാം' ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഗ്രൂപ്പിനപ്പുറം പൊതുജീവിതത്തിൽ ആദർശം പാലിക്കണമെന്ന് വിചാരിക്കുന്ന ഒരു കൂട്ടം ആൾക്കാരാണ് ഈ പാർട്ടിയിലുള്ളത്. ആദർശം വാക്കിലും പ്രവൃത്തിയിലും വേണം. ആദർശം നിലനിർത്താൻ ജീവിതംകൊണ്ട് നമ്മുടെ മുന്നിൽ തെളിയിച്ച ആളാണ് എ.കെ.ആന്റണിയെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.