വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാർ വൈകുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയും വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയെയും വിമർശിച്ച് ടെക്സസ് സെനറ്ററും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ടെഡ് ക്രൂസ്.

To advertise here,

ട്രംപിന്റെ തീരുവ നയങ്ങളെ രഹസ്യയോഗങ്ങളിൽ ക്രൂസ് പരിഹസിച്ചതായി ചോർന്ന ഓഡിയോ റെക്കോർഡിങുകൾ വെളിപ്പെടുത്തുന്നു. പീറ്റർ നവാരോ, ജെ.ഡി. വാൻസ്, ചിലപ്പോഴൊക്കെ ട്രംപ് എന്നിവരാണ് ഇന്ത്യയുമായുള്ള കരാർ അംഗീകരിക്കുന്നതിന് തടസ്സം നിൽക്കുന്നതെന്ന് ക്രൂസ് ആരോപിച്ചു.

ഇത്തരം തീരുവ നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകർക്കുമെന്നും ട്രംപിന്റെ ഇംപീച്ച്‌മെന്റിലേക്ക് വരെ നയിച്ചേക്കാമെന്നും 2028-ലെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിത്വം ലക്ഷ്യമിടുന്ന ക്രൂസ് മുന്നറിയിപ്പ് നൽകി. തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ സെനറ്റർമാർ നടത്തിയ ചർച്ചയിൽ ട്രംപ് പ്രകോപിതനായി പെരുമാറുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തതായി ക്രൂസ് വെളിപ്പെടുത്തി.

ഉഭയകക്ഷി വ്യാപാര കരാറിനായുള്ള നീക്കങ്ങൾക്കിടയിൽ അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ ഈ ഭിന്നതകൾ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി. ഇന്ത്യയുടെ കാർഷിക-ക്ഷീര മേഖലകൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തുറന്നുനൽകണമെന്ന അമേരിക്കയുടെ കടുത്ത നിബന്ധനകൾ കാരണമാണ് ഉഭയകക്ഷി വ്യാപാര കരാർ ഇതുവരെ ഒപ്പിടാൻ സാധിക്കാത്തത്. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക താരിഫ് ചുമത്തിയതോടെ ആകെ തീരുവ 50 ശതമാനമായി ഉയരുകയും ചെയ്തിരുന്നു.