വാഷിങ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുമേൽ ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവയെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക്കുമായി വാക്കേറ്റമുണ്ടായതായി റിപ്പോർട്ടുകൾ. ന്യൂയോർക്ക് ടൈംസ് പത്രപ്രവർത്തകരായ മാഗി ഹേബർമാനും ജോനാഥൻ സ്വാനും ചേർന്നെഴുതിയ “റെജിം ചേഞ്ച്: ഇൻസൈഡ് ദി ഇംപീരിയൽ പ്രസിഡൻസി ഓഫ് ഡൊണാൾഡ് ട്രംപ്” എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുകൾ ഉള്ളത്.

To advertise here,

അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുമേൽ ഇന്ത്യ 175 ശതമാനമോ അതിലധികമോ നികുതി ചുമത്തുന്നുണ്ടെന്ന് ട്രംപ് വിശ്വസിച്ചിരുന്നു. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ ‘നികുതികളുടെ മഹാരാജാവ്’ എന്നാണ് വിശേഷിപ്പിച്ചത്. ഔദ്യോഗിക കണക്കുകൾ കാണിച്ച ലുട്ട്‌നിക്കിനോട് ട്രംപ് രൂക്ഷമായി പ്രതികരിച്ചുവെന്നാണ് വെളിപ്പെടുത്തൽ.

സർക്കാർ നൽകുന്ന കണക്കുകൾ വിശ്വസനീയമല്ലെന്നും തനിക്ക് ആരും കൃത്യമായ വസ്തുതകൾ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് ആരും കൃത്യമായ കണക്കുകൾ നൽകുന്നില്ല. ചൈനയും ഇന്ത്യയും എത്ര നികുതി ചുമത്തുന്നു എന്നതിനെക്കുറിച്ച് സത്യസന്ധമായ രേഖകൾ വേണം. നിങ്ങൾ നൽകുന്നതെല്ലാം വെറും അസംബന്ധമായ കണക്കുകളാണ്’, എന്ന് ട്രംപ് പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു.

തർക്കങ്ങൾക്ക് പിന്നാലെ 2025 ഓഗസ്റ്റിൽ ഇന്ത്യക്കുമേൽ ട്രംപ് 25 ശതമാനം അധിക നികുതി ചുമത്തിയിരുന്നു. റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ പുതിന്റെ യുക്രൈൻ യുദ്ധത്തെ സഹായിക്കുകയാണെന്ന് ട്രംപ് അന്ന് ആരോപിച്ചിരുന്നു. ഇതോടെ ഇന്ത്യക്കുമേലുള്ള ആകെ നികുതി 50 ശതമാനമായി ഉയർത്തുകയും ചെയ്തു. അമേരിക്ക ഏറ്റവുംകൂടുതൽ നികുതിചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയും ഇടംപിടിച്ചു.

നീണ്ട ചർച്ചകൾക്കൊടുവിൽ, 2026 ഫെബ്രുവരി രണ്ടിന് ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിൽ ധാരണയിലെത്തി. കരാർ നടപ്പിലാകുന്നതോടെ ഇന്ത്യക്കുമേലുള്ള നികുതി 18 ശതമാനമായി കുറയും. പകരം, അമേരിക്കയിൽനിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ, പഴങ്ങൾ, വൈൻ തുടങ്ങിയവയുടെ നികുതി ഇന്ത്യയും കുറയ്ക്കും.

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്താമെന്ന ഇന്ത്യയുടെ ഉറപ്പിന്മേൽ മുൻപ് ചുമത്തിയ 25 ശതമാനം അധിക നികുതി പിൻവലിക്കാൻ ട്രംപ് തയ്യാറാവുകയും കഴിഞ്ഞ വെള്ളിയാഴ്ച ഇതിനായുള്ള ഉത്തരവിൽ ഒപ്പിടുകയും ചെയ്തു. കരാറിന്റെ അവസാനഘട്ട ചർച്ചകൾക്കായി യുഎസ് വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ ഈ ആഴ്ച ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.