
വാഷിംഗ്ടൺ: ഇറാനെ സാമ്പത്തികമായി പൂർണ്ണമായും തകർക്കാൻ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധങ്ങളുമായി അമേരിക്ക രംഗത്ത്. നിലവിലുള്ള നാവിക ഉപരോധത്തിന് പുറമെയാണ് ഇറാനെതിരെ പുതിയ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നത്. ഇത് ഇറാന് മേലുള്ള ഇരട്ട പ്രഹരമായിരിക്കുമെന്ന് യുഎസ് പ്രതിനിധി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. വൻതോതിലുള്ള സൈനിക നടപടികൾക്ക് പകരം പരമാവധി സാമ്പത്തിക സമ്മർദ്ദം ചെലുത്തി ഇറാൻ ഭരണകൂടത്തെ തകർക്കുകയാണ് അമേരിക്കൻ ലക്ഷ്യം.
ഇറാന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളായ എണ്ണ വിൽപ്പന ശൃംഖലകൾ, സാമ്പത്തിക ഇടപാടുകൾ, കറൻസി എക്സ്ചേഞ്ചുകൾ, കപ്പൽ രജിസ്ട്രികൾ, ഇടനിലക്കാരായ കമ്പനികൾ എന്നിവയെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാജ്യത്തിനെതിരെ ഏർപ്പെടുത്തുന്ന ഏറ്റവും കടുത്ത സാമ്പത്തിക നീക്കമായിരിക്കും ഇതെന്നും ഇറാനുമായി സഹകരിക്കുന്ന മറ്റ് രാജ്യങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനിൽ നിന്ന് കടൽ വഴിയുള്ള എണ്ണ കയറ്റുമതിയുടെ 80 ശതമാനത്തിലധികവും വാങ്ങുന്നത് ചൈനയാണ്. അതിനാൽ തന്നെ ഇറാനെതിരെയുള്ള ഉപരോധം വിജയകരമാക്കാൻ ചൈനയുടെ സഹായം അമേരിക്കയ്ക്ക് അനിവാര്യമാണ്. ആഗോള എണ്ണവ്യാപാരത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ചൈന അമേരിക്കയോടൊപ്പം നിൽക്കണമെന്ന് ബെസന്റ് ആവശ്യപ്പെട്ടു. ചൈന തങ്ങളുടെ ഊർജ്ജ ആവശ്യത്തിന്റെ 50 ശതമാനവും ഗൾഫ് മേഖലയിൽ നിന്നാണ് കണ്ടെത്തുന്നത് എന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ അമേരിക്കയുടെ ഈ നിലപാടിനെ ചൈന പൂർണ്ണമായും തള്ളി. ഉപരോധങ്ങളും സമ്മർദ്ദങ്ങളും പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കില്ലെന്നും, രാഷ്ട്രീയ-നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനാകൂ എന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.
യുഎസിന്റെ പുതിയ സാമ്പത്തിക നീക്കങ്ങളെ ഇറാൻ ശക്തമായി എതിർത്തു. അമേരിക്കയിലെ വർദ്ധിച്ചുവരുന്ന ആഭ്യന്തര കടത്തിൽ നിന്നും പലിശ നിരക്കുകളിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ട്രംപ് ഈ കടുത്ത സാമ്പത്തിക ഉപരോധ പ്രഖ്യാപനം നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഉപരോധങ്ങൾ വർദ്ധിപ്പിക്കുന്നത് പരാജയത്തിലും ഇറാൻ ജനതയുടെ കടുത്ത ശത്രുതയിലുമാണ് കലാശിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: United States introduces historic economic sanctions against Iran to maximize financial pressure., Targeted sectors include oil sales networks, currency exchanges, and shipping registries., US urges China to cooperate on maritime trade routes and the Strait of Hormuz., China rejects the sanctions, advocating for diplomatic solutions instead., Iran condemns the move as a distraction from US domestic debt issues.
Published: 21 Aug 2026, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented