വാഷിങ്ടൺ: ഇറാനിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും സാമ്പത്തിക ശൃംഖലകൾക്കും നേരെ ഉപരോധം ഏർപ്പെടുത്തി യുഎസ്. സമാധാനപരമായ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നു എന്ന് ആരോപിച്ചും ദശലക്ഷക്കണക്കിന് ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നും ആരോപിച്ചാണ് നടപടി. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആണ് വ്യാഴാഴ്ച ഈ നടപടികൾ പ്രഖ്യാപിച്ചത്.

To advertise here,

അടിച്ചമർത്തലും ഏകദേശം ഒരാഴ്ച നീണ്ടുനിന്ന ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടും കാരണം സമീപ ദിവസങ്ങളിൽ പ്രതിഷേധങ്ങൾ കുറഞ്ഞതായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ഇറാനിലെ ജനതയുടെ ആവശ്യങ്ങൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ശക്തമായി പിന്തുണ നൽകുന്നു.' ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപരോധം നേരിടുന്നവരിൽ ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലരിജാനിയും ഉൾപ്പെടുന്നു. അടിച്ചമർത്തലിന് നിർദ്ദേശം നൽകിയെന്നും പ്രക്ഷോഭകർക്കെതിരെ ബലപ്രയോഗത്തിന് ആഹ്വാനം ചെയ്‌തെന്നുമുള്ള കുറ്റമാണ് വാഷിങ്ടൺ അദ്ദേഹത്തിനുമേൽ ആരോപിക്കുന്നത്. ലോറസ്താൻ, ഫാർസ് പ്രവിശ്യകളിലെ അടിച്ചമർത്തലിൽ പങ്കുവഹിച്ചതിന് ഇറാനിയൻ നിയമ നിർവഹണ സേനയുടെയും റെവല്യൂഷണറി ഗാർഡുകളുടെയും നാല് പ്രാദേശിക കമാൻഡർമാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇറാനിൽ സമാധാനപരമായി പ്രകടനം നടത്തിയ നിരവധി ആളുകളെ ഫാർസിലെ സുരക്ഷാ സേന കൊലപ്പെടുത്തിയെന്നും ആശുപത്രികളിൽ വെടിയേറ്റ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ മറ്റ് രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുന്നില്ലെന്നും സ്‌കോട്ട് ബെസെന്റ് ആരോപിച്ചു. യുഎഇ, സിംഗപ്പൂർ, ബ്രിട്ടൻ എന്നിവിടങ്ങളിലെ മുന്നിട്ട് നിൽക്കുന്ന കമ്പനികളിലൂടെ ഇറാനിയൻ എണ്ണ വിൽപ്പനയിൽ നിന്നുള്ള വരുമാനം വെളുപ്പിക്കുന്ന 'ഷാഡോ ബാങ്കിങ്' ശൃംഖലകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

കമ്പനികളും കറൻസി എക്‌സ്‌ചേഞ്ച് ഹൗസുകളും ഉപയോഗിച്ച് ഈ ശൃംഖലകൾ പ്രതിവർഷം ബില്ല്യൺ കണക്കിന് ഡോളറുകളുടെ ഇടപാടുകൾ നടത്തുന്നതായും യുഎസ് ആരോപിച്ചു. ഇതിനിടയിൽ ഇറാനിലെ പൗരന്മാർ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ഉപരോധം ചുമത്തപ്പെട്ടവരുടെ യുഎസ് ആസ്തികൾ മരവിപ്പിക്കുകയും അമേരിക്കക്കാർക്ക് അവരുമായി ബിസിനസ്സ് ചെയ്യുന്നതിനുള്ള അവസരം നിഷേധിക്കുകയും ചെയ്യും.

ഉപരോധം ചുമത്തപ്പെട്ട ഇറാനിലെ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുന്ന പക്ഷം കടുത്ത ഉപരോധ നടപടികൾക്ക് ഇവർ വിധേയരാകേണ്ടിവരും. ഇറാനുമേൽ പരമാവധി സമ്മർദ്ദം ചെലുത്തുക എന്ന ട്രംപ് ഭരണകൂടത്തിന്റെ കാമ്പെയ്നിന്റെ തുടർച്ചയാണ് ഈ നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്.