വാഷിങ്ടൺ: ഇറാന്റെ ജീവവായുവായ എല്ലാ സാമ്പത്തിക സ്രോതസ്സുകളും വിച്ഛേദിക്കുക ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിൽ കടുത്ത ഉപരോധനടപടികൾ പ്രഖ്യാപിച്ച് അമേരിക്ക. തിങ്കളാഴ്ച യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ടുള്ള ‘ഇക്കണോമിക് ഡി-ഡേ’യ്ക്ക് തുടക്കമിട്ടതായി അറിയിച്ചത്. പുതിയ നീക്കത്തിന്റെ ഭാഗമായി ഇറാനുമായി ബന്ധപ്പെട്ട ഏകദേശം 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്ക്കെതിരേ ഉപരോധം ഏർപ്പെടുത്തി. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ഡോളർ അടിസ്ഥാനമാക്കിയുള്ള ധനകാര്യ വ്യവസ്ഥയിൽനിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്. അവയ്ക്കുമേൽ ദ്വിതീയ ഉപരോധമേർപ്പെടുത്തുമെന്നാണ് ഭീഷണി. അതേസമയം, ഏതൊക്കെ വ്യാപാരപങ്കാളികളെയാണ് ലക്ഷ്യമിടുന്നതെന്നോ നടപടികൾ എപ്പോൾ പ്രാബല്യത്തിൽവരുമെന്നോ പറഞ്ഞിട്ടില്ല.

To advertise here,

ഇറാന്റെ ആണവ-മിസൈൽ സാങ്കേതികവിദ്യാ സംഭരണം, സൈബർ പ്രവർത്തനങ്ങൾ, എണ്ണവരുമാനം എന്നിവയ്ക്ക് സഹായം നൽകുന്ന ശൃംഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇറാൻ തകർച്ചയിലാണെന്നും ചരിത്രത്തിലെ തന്നെ വലിയ മാനുഷിക പ്രതിസന്ധി നേരിടുകയാണെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.

തങ്ങളുടെ സാമ്പത്തിക-ദേശീയ താത്പര്യങ്ങൾക്ക് ഭീഷണിയുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം തടയാൻ തക്കവണ്ണമുള്ള സാമ്പത്തിക സാഹചര്യത്തിലല്ല നിലവിൽ അമേരിക്കയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘേർ ഖാലിബാഫ് അവകാശപ്പെട്ടു. അവരുടെ ഭീഷണികളും പൊള്ളയായ വാക്കുകളും ആരും വിലയ്ക്കെടുക്കില്ലെന്നും പറഞ്ഞു. ചൈനയും റഷ്യയും അമേരിക്കൻ സമ്മർദത്തിന് വഴങ്ങാതെ തങ്ങളുമായി ബന്ധം തുടരുമെന്ന പ്രതീക്ഷയാണ് ഇറാനുള്ളത്.

ഉപരോധത്തിൽ നാല് ഇന്ത്യൻ കമ്പനികളും

ഇറാനിൽനിന്നുള്ള എണ്ണ, പെട്രോകെമിക്കൽ ഉത്‌പന്നങ്ങളുടെ വ്യാപാരത്തിൽ പങ്കാളികളായെന്നാരോപിച്ച് ഇന്ത്യ ആസ്ഥാനമായ നാല് കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റി’ന്റെ ഭാഗമാണിത്.

പോർട്ട്ഈസ് പാർട്ണേഴ്സ്, സദാശിവ ഒാവർസീസ്, പി.പി. സോഫ്റ്റ്ടെക്, പ്രകൃതീസ് ഇൻഫ്ര ഇംപെക്സ് ഇന്ത്യ എന്നിവയാണ് കമ്പനികൾ. ഇവർ ഇറാനിൽനിന്നുള്ള എണ്ണയുടെ ഇടപാടുകളിൽ അറിവോടെയും നേരിട്ടും പങ്കെടുത്തെന്നാണ് ആരോപണം. പോർട്ട്ഈസ് പാർട്ണേഴ്സ് കമ്പനിയുടെ പങ്കാളികളായ ഇന്ദ്രിസ്മിയ അഷറഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര റങ്കി എന്നിവരെയും ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തി.

സദാശിവ ഒാവർസീസ് 2024 ഫെബ്രുവരിമുതൽ 2025 ജൂൺവരെ 6.9 കോടി ഡോളർ മൂല്യമുള്ള ഇറാൻ പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തെന്നാണ് അമേരിക്കയുടെ ആരോപണം.

ലക്ഷ്യം ഇറാൻ എണ്ണ

ഇറാന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണക്കയറ്റുമതിയാണ് അമേരിക്കയുടെ ഉന്നം. ഇറാനിയൻ എണ്ണ അന്താരാഷ്ട്ര വിപണിയിലെത്തിക്കാൻ സഹായിക്കുന്ന വ്യാപാരികൾ, ഇടനിലക്കാർ, കപ്പൽ കമ്പനികൾ, ടാങ്കറുകൾ തുടങ്ങിയവ ഉപരോധപരിധിയിൽ വരുന്നു. ഉപരോധം മറികടക്കാൻ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പൽശൃംഖലകളും ലക്ഷ്യമിടുന്നു. കപ്പലുകളുടെ ഉടമസ്ഥാവകാശം മറച്ചുവെച്ചും ഇടനില കമ്പനികളെ ഉപയോഗപ്പെടുത്തിയും ഇറാനിയൻ എണ്ണയുടെ ഉറവിടം മറച്ചുവെക്കുന്ന ശൃംഖലകളെ തകർക്കാനാണ് ശ്രമം.

സാങ്കേതികവിദ്യ, സ്വർണം

എണ്ണയ്ക്കുപുറമേ ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, കപ്പൽഗതാഗതം തുടങ്ങിയ മേഖലകളിലേക്കും ഉപരോധം. ഇറാന്റെ സൈനിക-തന്ത്രപ്രധാന പദ്ധതികൾക്ക് ആവശ്യമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാക്കുന്നത് തടയുകയാണ് ലക്ഷ്യം.

ചൈനയാണ് വെല്ലുവിളി

ഇറാൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ചൈനീസ് കമ്പനികളാണ് അമേരിക്കൻ നടപടിയിലെ നിർണായക ഘടകം. എന്നാൽ, പ്രധാന ചൈനീസ് ബാങ്കുകളെ ഇപ്പോഴത്തെ നടപടിയിൽ നേരിട്ട് ഉന്നംവെച്ചിട്ടില്ല. ചൈനയുമായുള്ള സാമ്പത്തിക-വ്യാപാര ബന്ധം കൂടുതൽ സംഘർഷഭരിതമാകാതിരിക്കാനുള്ള നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. ചൈനീസ് എണ്ണശുദ്ധീകരണശാലകളുടെ ഇറാൻ എണ്ണ ഇറക്കുമതിയിൽ വലിയ ഇടിവുണ്ടായതായി റിപ്പോർട്ടുണ്ട്. ഫെബ്രുവരിയിൽ പ്രതിദിനം ഏകദേശം 15.7 ലക്ഷം വീപ്പ ഇറക്കുമതിചെയ്തിരുന്നത് ഓഗസ്റ്റിൽ 5.34 ലക്ഷം വീപ്പയായി കുറഞ്ഞു.

ഹോർമുസിലെ മൈനുകൾ നീക്കിയെന്ന് ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിരുന്ന എല്ലാ കടൽമൈനുകളും നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തെന്ന് ട്രംപ്. പുതിയ മൈനുകൾ സ്ഥാപിക്കുന്ന കപ്പലുകളെയും ബോട്ടുകളെയും തകർക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകിയതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസിലെ ഓരോ ഭാഗവും ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളും അമേരിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവകാശപ്പെട്ടു.