വാഷിങ്ടൺ: പാകിസ്താൻ, ബംഗ്ലാദേശ്, റഷ്യ തുടങ്ങിയ 75 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് കുടിയേറ്റ വിസ നൽകുന്നത് അമേരിക്ക അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ജനുവരി 21 മുതൽ ഇത് പ്രാബല്യത്തിൽവരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അറിയിപ്പ്. ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക, കിഴക്കൻ യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിൽനിന്നുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെ ഈ നടപടി.

To advertise here,

പാകിസ്താൻ, ബംഗ്ലാദേശ്, സൊമാലിയ, റഷ്യ, ഇറാൻ, അഫ്ഗാനിസ്താൻ, ബ്രസീൽ, നൈജീരിയ, തായ്‌ലാൻഡ് തുടങ്ങിയ 75 രാജ്യങ്ങളിലുള്ളവരെയാണ് യുഎസിന്റെ പുതിയ തീരുമാനം ബാധിക്കുക. യുഎസ് വിസ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല.

അതേസമയം, ഈ 75 രാജ്യങ്ങളിൽനിന്ന് യുഎസിൽ സ്ഥിരമായി താമസിക്കാനും ജോലിചെയ്യാനുമായി വരുന്നവർക്ക് മാത്രമേ പുതിയ നിയന്ത്രണം ബാധകമാവുകയുള്ളൂ. ടൂറിസ്റ്റ് വിസ, കുടിയേറ്റ ഇതര വിസകൾ, ബിസിനസ് വിസ, താത്കാലിക ജോലിക്കാർ തുടങ്ങിയവർക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല.

ട്രംപ് ഭരണകൂടം ഏർപ്പെടുത്തുന്ന കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായാണ് 75 രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുടിയേറ്റ വിസ നൽകുന്നത് നിർത്തിവെക്കുന്നത്. അമേരിക്കൻ ജനതയുടെ സമ്പത്ത് കവർന്നെടുക്കുന്നവർ, അമേരിക്കയുടെ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് ട്രംപ് ഭരണകൂടം അവസാനിപ്പിക്കുകയാണെന്നായിരുന്നു പുതിയ തീരുമാനത്തെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ടിന്റെ പ്രതികരണം.

കുടിയേറ്റ വിസ നൽകുന്നത് നിർത്തിവെച്ച 75 രാജ്യങ്ങൾ ഇവയെല്ലാം-

അഫ്ഗാനിസ്ഥാൻ, അൽബേനിയ, അൾജീരിയ, ആന്റിഗ്വ, ബാർബുഡ, അർമേനിയ, അസർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബാർബഡോസ്, ബെലാറസ്, ബെലീസ്, ഭൂട്ടാൻ, ബോസ്‌നിയ, ബ്രസീൽ, ബർമ്മ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, കൊളംബിയ, കോംഗോ, ക്യൂബ, ഡൊമിനിക്ക, ഈജിപ്ത്, എറിട്രിയ, എത്യോപ്യ, ഫിജി, ഗാംബിയ, ജോർജിയ, ഘാന, ഗ്രെനഡ, ഗ്വാട്ടിമാല, ഗിനിയ, ഹെയ്തി, ഇറാൻ, ഇറാഖ്, ഐവറി കോസ്റ്റ്, ജമൈക്ക, ജോർദാൻ, കസാക്കിസ്ഥാൻ, കൊസോവോ, കുവൈറ്റ്, കിർഗിസ്ഥാൻ, ലാവോസ്, ലെബനൻ, ലൈബീരിയ, ലിബിയ, മാസിഡോണിയ, മോൾഡോവ, മംഗോളിയ, മോണ്ടിനെഗ്രോ, മൊറോക്കോ, നേപ്പാൾ, നിക്കരാഗ്വ, നൈജീരിയ, പാകിസ്ഥാൻ, റിപ്പബ്ലിക് ഓഫ് കോംഗോ, റഷ്യ, റുവാണ്ട, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്, സെനഗൽ, സിയറ ലിയോൺ, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, ടാൻസാനിയ, തായ്ലൻഡ്, ടോഗോ, ടുണീഷ്യ, ഉഗാണ്ട, ഉറുഗ്വേ, ഉസ്‌ബെക്കിസ്ഥാൻ, യെമൻ.