വാഷിങ്ടൺ: ഇറാൻ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് പ്രഖ്യാപിച്ച്, ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള 'എക്കണോമിക് ഡി-ഡേ'യ്ക്ക് തുടക്കമിട്ടതായി യുഎസ്. യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റാണ് ശക്തമായ ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാരം നടത്തുകയോ സാമ്പത്തിക ഇടപാടുകൾ നടത്തുകയോ ചെയ്യുന്ന മൂന്നാം കക്ഷികൾ, ബാങ്കുകൾ, കമ്പനികൾ എന്നിവയെ ലക്ഷ്യമിട്ടാണ് ഈ നീക്കം.

To advertise here,

'പ്രസിഡന്റ് ട്രംപ് ഇറാന്റെ സൈനികശേഷി തകർത്തുതരിപ്പണമാക്കുകയും ആണവ പദ്ധതി അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. നാം ഇപ്പോൾ നിർണായകമായ അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പുലർച്ചയോടെ ഒരു എക്കണോമിക് ഡി-ഡേ ആരംഭിക്കുന്നു', സ്‌കോട്ട് ബെസ്സന്റ് എക്‌സിൽ കുറിച്ചു. യുഎസ് തങ്ങളുടെ ഒരു എതിരാളിക്കെതിരെ ഇതുവരെ അണിനിരത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ സാമ്പത്തിക ആക്രമണമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

'ഒരിക്കലും സാധ്യമാകില്ലെന്ന് പലരും കരുതിയ എല്ലാ ഏജൻസികളെയും അധികാരങ്ങളെയും നടപടികളെയും ഉപയോഗപ്പെടുത്താനുള്ള അനുകൂല സാഹചര്യങ്ങൾ ട്രംപ് സൃഷ്ടിച്ചിരിക്കുന്നു. ടെഹ്‌റാൻ ഒറ്റപ്പെടുന്നതുവരെ ഈ സ്വേച്ഛാധിപത്യ ഭരണകൂടത്തിന് ജീവവായുവായിരിക്കുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളും വിച്ഛേദിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം', യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.

ഇറാനിയൻ എണ്ണ വാങ്ങുന്ന കമ്പനികളെയാണ് പുതിയ ഉപരോധത്തിലൂടെ യുഎസ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് സൂചന. യുഎസ് കോൺഗ്രസ് കമ്മീഷന്റെ ഒരു ഫാക്റ്റ് ഷീറ്റ് പ്രകാരം ചൈനയാണ് ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഏകദേശം 90% വാങ്ങുന്നത്. എന്നാൽ, ചൈന തങ്ങളുടെ കസ്റ്റംസ് ഡാറ്റയിൽ ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതായി സമ്മതിച്ചിട്ടില്ല.

ഇറാന്റെ എണ്ണ വാങ്ങുന്ന ചൈനയിലെ ചെറിയതും ഇടത്തരവുമായ സ്വകാര്യ റിഫൈനറികൾക്കുമേൽ ചില സമ്മർദ്ദങ്ങൾ ഉണ്ടാകുമെന്നാണ് മുൻ യുഎസ് ട്രഷറി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എണ്ണവില്പനയിലൂടെ ലഭ്യമാകുന്ന പണം രാജ്യത്തേക്ക് എത്തിക്കാനും വിദേശ കറൻസി സ്വന്തമാക്കാനും അവസരം നൽകുന്ന ബാങ്കുകൾക്കും എക്‌സ്‌ചേഞ്ച് ഹൗസുകൾക്കും മേൽ യുഎസ് ഉപരോധമേർപ്പെടുത്തിയേക്കും.

അതേസമയം, യുദ്ധം അന്തിമഘട്ടത്തിലേക്കെന്ന് പറഞ്ഞ് യുഎസ് ആരംഭിക്കുന്ന ഉപരോധം പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കാനാണ് സാധ്യത.

അമേരിക്ക കടുത്ത ഉപരോധം തുടരുകയാണെങ്കിൽ പേർഷ്യൻ ഉൾക്കടലിൽനിന്നും ഹോർമുസ് കടലിടുക്കിൽനിന്നുമുള്ള എണ്ണ കയറ്റുമതി പൂർണമായി തടയുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളോട് സഹകരിക്കുകയോ അത് നടപ്പിലാക്കാൻ സഹായിക്കുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തിന്റെ നീക്കവും യുദ്ധപ്രഖ്യാപനമായി കരുതുമെന്ന് ഇറാൻ വ്യക്തമാക്കുകയും ചെയ്തു. പുതിയ നീക്കങ്ങളും ഭീഷണികളും ആഗോള എണ്ണവില സംബന്ധിച്ചും ഇന്ധന സുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.