വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് വ്യാപാര കോടതി. ട്രംപിന്റെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെ രാജ്യങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം പ്രസിഡന്റിനില്ലെന്നും കോടതി വിമര്‍ശിച്ചു. വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന യുഎസിലെ ഫെഡറല്‍ കോടതിയായ മാന്‍ഹാട്ടന്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടേതാണ് നടപടി.  10 ദിവസത്തിനുള്ളില്‍ നികുതി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

To advertise here,

യുഎസ് പ്രസിഡന്റിന് ദേശീയപ്രാധാന്യമുള്ള സാമ്പത്തിക അടിയന്തര പ്രശ്‌നങ്ങളില്‍ സ്വതന്ത്രമായി നടപടിയെടുക്കാന്‍ അനുവദിക്കുന്ന 1977-ലെ ഇന്റര്‍നാഷണല്‍ എക്കണോമിക് പവേര്‍സ് ആക്ട് ( ഐഇഇപിഎ) പ്രകാരമാണ് ട്രംപ് രാജ്യങ്ങള്‍ക്ക് നികുതി ചുമത്തിയത്. യുഎസിന് വ്യാപാര കമ്മിയുണ്ടാകുന്നത് ദേശീയ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് വ്യാഖ്യാനിച്ചാണ് ട്രംപ് ഈ നിയമം പ്രയോഗിച്ചത്. എന്നാല്‍, അങ്ങനെയൊരു അടിയന്തര പ്രാധാന്യം ഈ വിഷയത്തിലില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, ഈ നിയമം പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരങ്ങള്‍ നല്‍കുന്നില്ലെന്നും കോടതി വിധിച്ചു. 

ഭരണഘടന അനുസരിച്ച് യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസിന് മാത്രമേ അന്താരാഷ്ട്ര വ്യാപാരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരമുള്ളു. പ്രസിഡന്റിന് ഈ അധികാരത്തെ മറികടക്കാനാകില്ലെന്നും കോടതി വിധിച്ചു. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ട്രംപിനെതിരായ വിധി പ്രഖ്യാപിച്ചത്. 

അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സാമ്പത്തിക അനിവാര്യതയായിരുന്നു തീരുമാനമെന്നും അത് തടയാന്‍ തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വൈറ്റ് ഹൗസ് പറഞ്ഞു. ഇതോടെ ട്രംപിന്റെ നികുതി വിഷയം അന്താരാഷ്ട്ര പ്രശ്‌നം മാത്രമല്ല, ആഭ്യന്തര പ്രശ്‌നവും കൂടിയായി മാറി. വിഷയത്തില്‍ അപ്പീല്‍ കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയിലും വരെ നീളുന്ന നിയമയുദ്ധത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. 

കഴിഞ്ഞ ഏപ്രിലില്‍ ആണ് ലോകമാകെ വ്യാപാര അനിശ്ചിതത്വം നിറച്ച ട്രംപിന്റെ നികുതി പ്രഖ്യാപനം വന്നത്. യുഎസുമായി വ്യാപാര മിച്ചമുള്ള രാജ്യങ്ങള്‍ക്കെല്ലാം ട്രംപ് നികുതി ചുമത്തി. ഇതിനെതിരെ ചൈന പകരച്ചുങ്കം ഏര്‍പ്പെടുത്തി. പിന്നാലെ ഇരുരാജ്യങ്ങളും നികുതി പരസ്പരം വര്‍ധിപ്പിച്ച് വ്യാപാര യുദ്ധവും തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക നികുതി 90 ദിവസത്തേക്ക് നടപ്പിലാക്കില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. വ്യാപാര ചര്‍ച്ചകള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഈ ഇളവ്.