വാഷിങ്ടൺ: ഒരുകാലത്ത് അമേരിക്കയിലെ ഒരു ചെറിയ ഹോട്ടലിൽ പാത്രംകഴുകുകയും മേശ വൃത്തിയാക്കുകയും ചെയ്തിരുന്ന ബാലൻ. പിന്നീട് ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് കമ്പനിയുടെ അമരക്കാരനായി. നിർമിതബുദ്ധിയുടെ കുതിപ്പിന് കരുത്തേകിയ ചിപ്പുകളുടെ ലോകത്ത് സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത, എ.ഐ. വിപണിയുടെ ഗതിനിർണയിച്ച ജെൻസൻ ഹുവാങ്ങിന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ്.

To advertise here,

എൻവിഡിയയെ ലക്ഷംകോടി ഡോളർ മൂല്യമുള്ള സാമ്രാജ്യമാക്കി വളർത്തിയാണ് ജെൻസൻ ഹുവാങ്ങിന്റെ പടിയിറക്കം. വ്യക്തിജീവിതത്തിലെ വിവാദങ്ങൾ കമ്പനിയുടെ ഭരണസംവിധാനത്തെയും വിശ്വാസ്യതയെയും ബാധിച്ചതോടെ 63-കാരനായ ഹുവാങ്ങിന് രാജിയല്ലാതെ മറ്റുവഴിയുണ്ടായില്ല.

1963-ൽ തയ്‌വാനിലെ തായ്‌പേയിലാണ് ഹുവാങ്ങിന്റെ ജനനം. ബാല്യത്തിന്റെ ഒരു ഭാഗം തായ്‌ലൻഡിൽ ചെലവഴിച്ചു. ഒൻപതാം വയസ്സിൽ സഹോദരനൊപ്പം അച്ഛനമ്മമാർ അമേരിക്കയിലേക്കയച്ചു. കെന്റക്കിയിലെ വൺഐഡ ബാപ്റ്റിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിച്ചിരുന്ന കാലത്ത് സ്കൂളിലെ ശൗചാലയങ്ങൾ വൃത്തിയാക്കേണ്ട ചുമതലയും ഹുവാങ്ങിനായിരുന്നു. പിന്നീട് കുടുംബത്തോടൊപ്പം ഒറിഗണിൽ താമസമാക്കി. ഒറിഗൺ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദവും സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും നേടി.

പാത്രംകഴുകിയ ഹോട്ടലിൽനിന്ന് പിറന്ന കമ്പനി

അമേരിക്കയിലെ ഡെന്നീസ് റസ്റ്ററന്റിൽ ഡിഷ് വാഷറായും ബസ് ബോയായും വെയിറ്ററായും ജോലിചെയ്തു. 1978 മുതൽ 1983 വരെയായിരുന്നു അത്. വർഷങ്ങൾക്കുശേഷം അതേ ഡെന്നീസ് റസ്റ്ററന്റിൽെവച്ചാണ് ഹുവാങ്ങും ക്രിസ് മലാചോവ്സ്കിയും കർട്ടിസ് പ്രീമും ചേർന്ന് പുതിയൊരു കമ്പനി തുടങ്ങുന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്നത്. 1993-ൽ അങ്ങനെ പിറന്നതാണ് എൻവിഡിയ.

കറുത്ത ജാക്കറ്റിലെ വ്യത്യസ്തൻ

ടെക് ലോകത്തെ മറ്റുമേധാവികളിൽനിന്ന് ഹുവാങ്ങിനെ വേറിട്ടുനിർത്തിയ മറ്റൊരു അടയാളമാണ് അദ്ദേഹത്തിന്റെ കറുത്ത ലെതർ ജാക്കറ്റ്. ഉത്പന്നങ്ങൾ അവതരിപ്പിക്കുന്ന വേദികളിലും ഡെവലപ്പർ സമ്മേളനങ്ങളിലും സ്ഥിരം വേഷമായി മാറിയ ഈ ജാക്കറ്റ് അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായി. സ്റ്റീവ് ജോബ്സിന്റെ കറുത്ത ടർട്ടിൽനെക്ക് പോലെ ഹുവാങ്ങിന്റെ ജാക്കറ്റും ടെക് ലോകത്തെ തിരിച്ചറിയൽചിഹ്നമായി.

ഹുവാങ്ങിന്റെ എ.ഐ. സാമ്രാജ്യം

ടെക് കംപ്യൂട്ടർ ഗെയിമുകൾക്കായുള്ള ഗ്രാഫിക്സ് ചിപ്പുകൾ നിർമിച്ചുതുടങ്ങിയ എൻവിഡിയ പിന്നീട് എ.ഐ. വളർച്ചയിൽ നിർണായകശക്തിയായി. തുടക്കകാലത്ത് മൈക്രോചിപ്പുകളുടെ കിടമത്സരത്തിൽ അതിജീവനപാതയിലുള്ള ഒരു ചെറിയ സ്റ്റാർട്ടപ്പായിരുന്നു. എന്നാൽ, മൂന്നുപതിറ്റാണ്ടിനിടെ ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് കമ്പനികളിലൊന്നായി മാറ്റിയത് ഹുവാങ്ങിന്റെ ദീർഘകാല സാങ്കേതിക കാഴ്ചപ്പാടുകളാണ്.

1999-ൽ എൻവിഡിയ അവതരിപ്പിച്ച ജെഫോഴ്സ് 256-നെ കമ്പനി ലോകത്തെ ആദ്യ ജി.പി.യു. എന്നാണ് വിശേഷിപ്പിച്ചത്. സാധാരണ പ്രൊസസറുകൾക്കുപുറമേ ഗ്രാഫിക്സ് സംബന്ധമായ സങ്കീർണമായ കണക്കുകൂട്ടലുകൾ പ്രത്യേകം കൈകാര്യംചെയ്യാൻ കഴിയുന്ന പ്രൊസസറുകളായിരുന്നു ജി.പി.യു.കൾ. ഇതോടെ കംപ്യൂട്ടർ ഗെയിമുകളിലെ ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്നതിൽ എൻവിഡിയ നിർണായക സ്ഥാനത്തെത്തി. പിന്നീട് ഈ സാങ്കേതികവിദ്യ ഗെയിമിങ്ങിനപ്പുറം ശാസ്ത്രം, ഗവേഷണം, ഡേറ്റാ വിശകലനം തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചു.

2006-ൽ അവതരിപ്പിച്ച സി.യു.ഡി.എ. ആണ് എൻവിഡിയയുടെ വളർച്ചയിലെ ഏറ്റവും നിർണായകമായ വഴിത്തിരിവുകളിലൊന്ന്. ജി.പി.യു.കളെ ഗ്രാഫിക്സ് പ്രവർത്തനങ്ങൾക്കുമാത്രമല്ല, പൊതുവായ ശാസ്ത്രീയവും സാങ്കേതികവുമായ കണക്കുകൂട്ടലുകൾക്കും ഉപയോഗിക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണിത്.

ഇതോടെ ചിപ്പ് നിർമാതാവ് എന്നതിലുപരി സോഫ്റ്റ്‌വെയറും ഡെവലപ്പർ സംവിധാനങ്ങളും ഉൾപ്പെടുന്ന സമ്പൂർണ സാങ്കേതിക പ്ലാറ്റ്ഫോമായി മാറി. 

ജനറേറ്റീവ് എ.ഐ.യുടെ വളർച്ചയോടെ എൻവിഡിയയുടെ ജി.പി.യു.കൾക്ക് ആവശ്യകത കുതിച്ചുയർന്നു. ചാറ്റ്ജിപിടി പോലുള്ള വലിയ എ.ഐ. മോഡലുകൾ പരിശീലിപ്പിക്കാനും പ്രവർത്തിപ്പിക്കാനും വലിയ കംപ്യൂട്ടിങ് ശേഷി ആവശ്യമാണ്. എൻവിഡിയയുടെ ജി.പി.യു.കളും അവയെ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കിങ് സംവിധാനങ്ങളും ഡേറ്റാ സെന്ററുകളുടെ പ്രധാന ഘടകങ്ങളായി.

ഇന്ന് കമ്പനിയുടെ ബിസിനസിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ഡേറ്റാ സെന്റർ. ഹുവാങ്ങിന്റെ നേതൃത്വത്തിൽ ഗെയിമിങ്, പ്രൊഫഷണൽ വിഷ്വലൈസേഷൻ(സിനിമ, ആർക്കിടെക്ചർ, ഡിസൈൻ, ത്രീഡി സിമുലേഷൻ തുടങ്ങിയ മേഖലകൾക്കുള്ള സാങ്കേതികവിദ്യ), ഓട്ടോമോട്ടീവ് (സ്വയംനിയന്ത്രിത വാഹനങ്ങൾക്കും റോബോട്ടിക്സിനും ആവശ്യമായ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ) വിപണികളിലേക്കും കമ്പനി വളർന്നു. ഇതിനുപുറമേ ആരോഗ്യരംഗം, വ്യവസായം, ശാസ്ത്രഗവേഷണം, ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ മേഖലകളിലും സാന്നിധ്യമുണ്ട്.