സൗത്ത് കരോലൈന: ഒരു പകലും രാത്രിയും മണ്ണിനടിയിൽ. ചുറ്റും ഇരുട്ട്. ശ്വാസമെടുക്കാൻപോലും നന്നേപ്രയാസം. എന്നിട്ടും 11 മാസം പ്രായമുള്ള കുഞ്ഞുകോവ മരണത്തിനു കീഴടങ്ങിയില്ല. യു.എസിലെ സൗത്ത് കരോലൈനയിൽ ജീവനോടെ കുഴിച്ചുമൂടിയ കുഞ്ഞിനെ 24 മണിക്കൂറിനുശേഷം അദ്‌ഭുതകരമായി രക്ഷപ്പെടുത്തി. നായ്ക്കൾക്കുള്ള കൂട്ടിനുള്ളിലാക്കി തുണിയിൽ പൊതിഞ്ഞനിലയിലായിരുന്നു കുഞ്ഞ്.
ലെക്സിങ്ടൺ കൗണ്ടിയിൽ കാണാതായ കോവ ഷാർപ്പ് എന്ന കുഞ്ഞിനായി നൂറോളം രക്ഷാപ്രവർത്തകർ ഒരു പകൽ മുഴുവൻ തിരഞ്ഞു. ഒടുക്കം കാട്ടുപ്രദേശത്ത് പുതുതായി മണ്ണിട്ട ഒരിടം കണ്ടെത്തി. അവിടം കുഴിച്ചപ്പോഴാണ് കുഞ്ഞുകോവയെ കണ്ടെത്തിയത്. ഏകദേശം 24 മണിക്കൂറോളം മണ്ണിനടിയിൽ മരണത്തോടു മല്ലിടുകയായിരുന്നു കുഞ്ഞ്. നായ്‌ക്കൂടിനുചുറ്റും പൊതിഞ്ഞിരുന്ന തുണിക്കിടയിൽ രൂപപ്പെട്ട വായുസഞ്ചാരമുള്ള ചെറിയ ഇടവും തണുത്ത കാലാവസ്ഥയുമാകാം ജീവൻ നിലനിർത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ ചൊവ്വാഴ്ച രാത്രി വിട്ടയച്ചു. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ്.
സംഭവത്തിൽ അച്ഛൻ മൈക്കൽ കോമറിനെ (25) വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റുചെയ്തു. മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്ന കുഞ്ഞിനെ മറ്റൊരു പരിചാരകനെത്തുംവരെ അച്ഛനെ ഏൽപ്പിച്ചതായിരുന്നു. എന്നാൽ, ഇയാളെത്തിയപ്പോൾ അച്ഛനെയും കുഞ്ഞിനെയും കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. മണ്ണിനടിയിൽനിന്ന് പുറത്തെടുക്കുമ്പോൾ കുഞ്ഞ് കരയുന്നുണ്ടായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ അച്ഛനെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. കുഞ്ഞിന്റെ അമ്മയുമായുള്ള തർക്കങ്ങളും ഗാർഹികപീഡന പ്രശ്നങ്ങളും സംഭവത്തിനുപിന്നിലുണ്ടോ എന്ന കാര്യം അന്വേഷണസംഘം പരിശോധിക്കുന്നു. അമ്മയ്ക്കൊപ്പം ഒരേ സംസ്ഥാനത്ത് കഴിയാൻ താത്പര്യമില്ലെന്നും കുഞ്ഞിനെ ന്യൂയോർക്കിലേക്കു കൊണ്ടുപോകാൻ ആഗ്രഹമുണ്ടെന്നും മൈക്കൽ പറഞ്ഞിരുന്നതായി കുഞ്ഞിന്റെ വലിയമ്മ വെളിപ്പെടുത്തി.
Content Highlights: A baby buried underground in South Carolina was miraculously rescued alive after 24 hours, thanks to a dedicated search team and favorable conditions.
Published: 13 Nov 2026, 07:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented