
വാഷിങ്ടണ്‍: ഉന്നതോദ്യോഗസ്ഥരുടെ ഗ്രൂപ്പ് ചാറ്റ് പുറത്തുവന്ന സംഭവം യുഎസ്സിനെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഹൂത്തികള്‍ക്കെതിരെ യെമനില്‍ നടത്തേണ്ട ആക്രമണങ്ങളുടെ പദ്ധതി ചര്‍ച്ച ചെയ്യാനായുള്ള സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പ് ചാറ്റാണ് കഴിഞ്ഞദിവസം പുറത്തായത്. ദി അറ്റ്‌ലാന്റിക് മാഗസിന്റെ പത്രാധിപര്‍ ജെഫറി ഗോള്‍ഡ്‌ബെര്‍ഗിനെ അബദ്ധത്തില്‍ ഗ്രൂപ്പില്‍ ചേര്‍ത്തതോടെയാണ് ആക്രമണ പദ്ധതികള്‍ ചോര്‍ന്നത്. ഇപ്പോൾ ചാറ്റിലെ മുഴുവൻ വിവരങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ദി അറ്റ്ലാന്റിക്.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്കിള്‍ വാള്‍ട്ട്‌സാണ് ജെഫറിയെ അബദ്ധത്തിൽ ഗ്രൂപ്പില്‍ ചേര്‍ത്തത്. വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്തം വാള്‍ട്ട്‌സ് ഏറ്റെടുത്തിരുന്നു.
'ഹൂത്തി പിസി സ്‌മോള്‍ ഗ്രൂപ്പ്' എന്നാണ് മാര്‍ച്ച് 15-ലെ യെമന്‍ ആക്രമണ പദ്ധതി ചര്‍ച്ച ചെയ്യാനായുള്ള യുഎസ് ഉന്നതരുടെ ഗ്രൂപ്പിന്റെ പേര്. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായശേഷം ഹൂത്തികള്‍ക്കെതിരെ നടത്തുന്ന ആദ്യ ആക്രമണമാണ് ഇത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് എന്നിവര്‍ ഉള്‍പ്പെടെ 19 പേരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്.
ഉന്നതരുടെ രഹസ്യ ഗ്രൂപ്പ് ചാറ്റില്‍ തന്നെ ചേര്‍ത്ത സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ജെഫറി ഗോള്‍ഡ്‌ബെര്‍ഗ് ദി അറ്റ്‌ലാന്റിക്കില്‍ ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെയാണ് ഗ്രൂപ്പില്‍ പങ്കുവെച്ച ആക്രമണങ്ങളുടെ മുഴുവന്‍ പദ്ധതിയും അതേക്കുറിച്ചുള്ള ചര്‍ച്ചകളും ദി അറ്റ്‌ലാന്റിക് പുറത്തുവിട്ടത്. പീറ്റ് ഹെഗ്‌സെത്തും ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡും സിഐഎ ഡയറക്ടറും ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ കള്ളം പറയുകയാണെന്ന് പറഞ്ഞതിനാലാണ് ഗ്രൂപ്പ് ചാറ്റ് പൂര്‍ണമായി പുറത്തുവിടുന്നതെന്ന് അറ്റ്‌ലാന്റിക് വ്യക്തമാക്കി.
ആക്രമണ പദ്ധതികള്‍ ഇങ്ങനെ
ഗ്രൂപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ദി അറ്റ്‌ലാന്റിക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 11-ന് ഉണ്ടാക്കിയ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ ഒരാഴ്ച കഴിയുമ്പോള്‍ താനേ നീക്കം ചെയ്യപ്പെടുന്ന തരത്തിലാണ് മൈക്കിള്‍ വാള്‍ട്ട്‌സ് ആദ്യം ക്രമീകരിച്ചത്. പിന്നീട് അദ്ദേഹം തന്നെ ഇത് നാലാഴ്ചയാക്കി വര്‍ധിപ്പിച്ചതായും സ്‌ക്രീന്‍ഷോട്ടുകളില്‍ കാണാം.
ഹൂത്തികള്‍ക്കെതിരായ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാനായുള്ള 'പ്രിന്‍സിപ്പിള്‍സ് ഗ്രൂപ്പ്' എന്നാണ് വാള്‍ട്ട്‌സ് മാര്‍ച്ച് 13-ന് ഗ്രൂപ്പില്‍ അയച്ച സന്ദേശം. ഓരോരുത്തരും അവരവരുടെ സംഘത്തിലെ മികച്ചയാളെ 'പോയിന്റ് ഓഫ് കോണ്‍ടാക്റ്റ്' ആയി നിര്‍ദ്ദേശിക്കണമെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ഇതിനുശേഷം ഗ്രൂപ്പിലെ ഓരോരുത്തരും തങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരുടെ പേരുകളാണ് ഗ്രൂപ്പില്‍ അയച്ചത്.
ഹൂത്തികള്‍ക്കെതിരായ ആക്രമണത്തെ വൈസ് പ്രസിഡന്റ് വാന്‍സ് എതിര്‍ക്കുന്നതും ഗ്രൂപ്പില്‍ കാണാം. നമ്മള്‍ അബദ്ധമാണ് ചെയ്യുന്നതെന്നാണ് താന്‍ കരുതുന്നതെന്ന് വാന്‍സ് പറഞ്ഞു. 'യുഎസ്സിന്റെ വ്യാപാരത്തിന്റെ മൂന്ന് ശതമാനവും യൂറോപ്പിന്റെ വ്യാപാരത്തിന്റെ 40 ശതമാനവും സൂയസിലൂടെയാണ്. പൊതുജനങ്ങള്‍ക്ക് മനസ്സിലാകാത്ത അപകടം ഇതിലുണ്ട്. ഇത് ചെയ്യാനുള്ള ശക്തമായ കാരണം പ്രസിഡന്റ് പറഞ്ഞതുപോലെ ഒരു സന്ദേശം നല്‍കുകയാണ്. എന്നാല്‍ യൂറോപ്പിന് അദ്ദേഹം ഇപ്പോള്‍ നല്‍കിയ സന്ദേശവുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് ഇതെന്ന് പ്രസിഡന്റിന് അറിയാമോ എന്ന് വ്യക്തമല്ല. മറ്റൊരു അപകടം എന്താണെന്നാല്‍ എണ്ണ വില മിതമായോ അപകടകരമാം വിധമോ കുതിച്ചുകയറും.' -വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ചാറ്റില്‍ പറഞ്ഞു.
Related News: യുഎസ് ഉന്നതരുടെ ചാറ്റ്ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകനും; യെമൻ ആക്രമണ വിവരങ്ങള്‍ ചോര്‍ന്നു, ഗുരുതരവീഴ്ച
എന്നാല്‍ ആശങ്കകള്‍ മാറ്റിവെച്ച് ഗ്രൂപ്പിന്റെ പൊതു അഭിപ്രായത്തെ പിന്തുണയ്ക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. സമ്പദ് വ്യവസ്ഥ എവിടെയാണ് ഇപ്പോഴെന്നത് പരിഗണിച്ച് ആക്രമണം ഒരു മാസത്തേക്ക് നീട്ടിവെക്കണമെന്ന ശക്തമായ വാദം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ചെയ്യണമെന്നാണ് കരുതുന്നതെങ്കില്‍ മുന്നോട്ട് പോകൂ എന്ന് തുടര്‍ന്ന് വാന്‍സ് പീറ്റ് ഹെഗസെത്തിനോടായി പറഞ്ഞു. യൂറോപ്പിനെ സഹായിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് തുറന്ന് പറഞ്ഞ വാന്‍സ്, സൗദിയിലെ എണ്ണപ്പാടങ്ങള്‍ക്ക് എന്തെങ്കിലും ഭീഷണിയുണ്ടെങ്കില്‍ അതൊഴിവാക്കാന്‍ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം പറയുന്നു. ഈ ഗ്രൂപ്പിലെ സന്ദേശങ്ങള്‍ രഹസ്യമായിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നതും സ്‌ക്രീന്‍ഷോട്ടില്‍ കാണാം.

മാര്‍ച്ച് 15-ന് രാവിലെ 11:44-ന് പീറ്റ് ഹെഗ്‌സെത്ത് ആക്രമണം നടത്താന്‍ പോകുകയാണെന്ന വിവരം ഗ്രൂപ്പിനെ അറിയിച്ചു. 'കാലാവസ്ഥ അനുകൂലമാണ്. ദൗത്യം ആരംഭിക്കാന്‍ പോകുകയാണെന്ന് സെന്‍ട്രല്‍ കമാന്‍ഡുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചു.' -പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. സെന്‍ട്രല്‍ കമാന്‍ഡാണ് പശ്ചിമേഷ്യയിലെ യുഎസ്സിന്റെ സൈനിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.
ഇതിന് പിന്നാലെ ആക്രമണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം ഗ്രൂപ്പില്‍ പങ്കുവെച്ചു. (യുഎസ്സിലെ ഈസ്റ്റേണ്‍ സമയം) ഉച്ചയ്ക്ക് 12:15-ന് ആദ്യത്തെ ആക്രമണത്തിനായി എഫ്-18 യുദ്ധവിമാനങ്ങള്‍ പറന്നുയരും. 01:45-ന് എഫ്-18 വിമാനങ്ങള്‍ ആക്രമണം ആരംഭിക്കും. എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍ ഉപയോഗിച്ചും ആക്രമണം നടത്തും. 02:10-ന് കൂടുതല്‍ എഫ്-18 യുദ്ധവിമാനങ്ങള്‍ അടുത്ത ആക്രമണത്തിനായി പുറപ്പെടും. 03:36-ന് രണ്ടാമത്തെ ആക്രമണം ആരംഭിക്കും. -ഇതായിരുന്നു അദ്ദേഹം പങ്കുവെച്ച ആക്രമണ പദ്ധതി. പദ്ധതിയുടെ വിജയത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് പിന്നാലെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഗ്രൂപ്പില്‍ സന്ദേശമയച്ചു.
പിന്നീട് 01:48-ന് മെക്കിള്‍ വാള്‍ട്ട്‌സ് ആദ്യ ആക്രമണം വിജയകരമായി എന്ന വിവരം ഗ്രൂപ്പിനെ അറിയിച്ചു. കെട്ടിടം തകര്‍ന്നുവെന്നും ലക്ഷ്യമിട്ട അവരുടെ 'ഉന്നതനായ മിസൈല്‍ മനുഷ്യനെ' തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അയാള്‍ കാമുകിയുടെ വീട്ടിലേക്ക് കയറിപ്പോയെന്നും ആ കെട്ടിടം ആക്രമണത്തില്‍ തകര്‍ത്തുവെന്നും വാള്‍ട്ട്‌സ് ഗ്രൂപ്പിൽ പറഞ്ഞു. ആക്രമണം വിജയകരമായി നടത്തിയതിന് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിക്കുന്നതും സ്‌ക്രീന്‍ഷോട്ടുകളില്‍ കാണാം.
Content Highlights: Top Trump Officials Planning Attack On Houthis Completely Leaked
Published: 27 Mar 2025, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented