മനാമ: 2027 മാർച്ചോടെ ബഹ്റൈനിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ ലക്ഷ്യമിട്ട് എയർ ഏഷ്യ. ബഹ്റൈനെ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി എയർ ഏഷ്യ ബഹ്റൈൻ ഡയറക്ടർ ബോർഡിനെ നിയമിച്ചു. ഇതോടെ ബഹ്റൈനോടുള്ള ദീർഘകാല പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചിരിക്കുകയാണ് എയർ ഏഷ്യ.
ഡോ. സെറ കിർദാർ ബോർഡ് ചെയർപേഴ്സണായും ഡാറ്റോ ഫാം ലീ വൈസ് ചെയർമാനായും ചുമതലയേൽക്കും. ഡോ. ഫൈസൽ ഖാലിദ് കാനൂ, നവാഫ് അൽ സയാനി, അക്രം സഫ, വിംബിൾഡണിലെ ലോർഡ് അഹമ്മദ്, ടാൻ ശ്രീ ജമാലുദ്ദീൻ ഇബ്രാഹിം എന്നിവരും ബോർഡിൽ അംഗങ്ങളാകും. എല്ലാവരും നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ്.
2025 നവംബറിൽ ക്യാപിറ്റൽ എയും ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും ഒപ്പുവച്ച ലെറ്റർ ഓഫ് ഇന്റന്റിന്റെയും 2026 ഫെബ്രുവരിയിൽ ബഹ്റൈനെ മിഡിൽ ഈസ്റ്റ് ഹബ്ബായി പ്രഖ്യാപിച്ചതിന്റെയും തുടർച്ചയായാണ് പുതിയ നിയമനം.
ആസിയാൻ മേഖലയെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, മറ്റ് പ്രദേശങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന കവാടമെന്ന നിലയിൽ ബഹ്റൈൻ തങ്ങൾക്ക് തന്ത്രപരമായി ഏറെ പ്രധാനപ്പെട്ടതാണെന്ന് ക്യാപിറ്റൽ എ സിഇഒയും എയർ ഏഷ്യ ഗ്രൂപ്പിന്റെ ഉപദേഷ്ടാവുമായ ടോണി ഫെർണാണ്ടസ് പറഞ്ഞു. മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ പ്രാഥമിക പദ്ധതികളിൽ മാറ്റം വരുത്താൻ നിർബന്ധിതരാക്കിയെങ്കിലും ബഹ്റൈനോടുള്ള പ്രതിബദ്ധതയിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഗത്ഭരായ നേതാക്കളെ ഉൾപ്പെടുത്തി എയർ ഏഷ്യ ബഹ്റൈൻ ബോർഡ് രൂപീകരിച്ചത് ഈ പ്രതിബദ്ധതയുടെ തെളിവാണ്. ദീർഘകാലത്തേക്ക് ബഹ്റൈനിൽ തുടരാനാണ് കമ്പനിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാന സർവീസുകൾക്ക് പുറമെ ക്യാപിറ്റൽ എയുടെ വിവിധ ബിസിനസ് സംരംഭങ്ങളിലൂടെ ബഹ്റൈനിലെ വ്യോമയാന മേഖലയെ പിന്തുണയ്ക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഏഷ്യ ഡിജിറ്റൽ എൻജിനീയറിങ്ങിലൂടെ ബഹ്റൈനിൽ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) സൗകര്യങ്ങൾ വികസിപ്പിക്കാനാണ് പദ്ധതി. എയർ ഏഷ്യയ്ക്കു പുറമെ മേഖലയിലെ മറ്റ് വിമാനക്കമ്പനികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
പുതിയ സൗകര്യങ്ങൾ ഉയർന്ന മൂല്യമുള്ള എൻജിനീയറിങ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക സാങ്കേതിക വൈദഗ്ധ്യം വളർത്താനും വ്യോമയാന കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
ക്യാപിറ്റൽ എയുടെ ലോജിസ്റ്റിക്സ് വിഭാഗമായ ടെലിപോർട്ട് 2026 ഫെബ്രുവരി മുതൽ ബഹ്റൈനിലേക്ക് ആഴ്ചയിൽ രണ്ടുതവണ ചരക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഏഷ്യയും ഗൾഫ് മേഖലയുമായുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ ചരക്ക് വിമാനങ്ങൾ ഉപയോഗിച്ച് ശേഷി വർധിപ്പിക്കാനും കമ്പനി നടപടികൾ സ്വീകരിക്കുന്നുണ്ട്.
സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ 2027 മാർച്ചോടെ ബഹ്റൈനിലേക്കുള്ള എയർ ഏഷ്യ വിമാന സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടോണി ഫെർണാണ്ടസ് വ്യക്തമാക്കി.
തങ്ങളിലുള്ള വിശ്വാസത്തിന്റെ തെളിവായി ഗോൾഡൻ ലൈസൻസ് നൽകി ആദരിച്ചതിൽ സന്തോഷമുണ്ടെന്ന് എയർ ഏഷ്യ ബഹ്റൈൻ ചെയർപേഴ്സൺ ഡോ. സെറ കിർദാർ പറഞ്ഞു. ബഹ്റൈന്റെ വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്ന് രാജ്യത്ത് പ്രവർത്തനം വിപുലീകരിക്കുമ്പോൾ പങ്കാളിത്തം നിർണായകമായി തുടരുമെന്നും അവർ വ്യക്തമാക്കി.
നിർണായകമായ ഘട്ടത്തിൽ എയർ ഏഷ്യ ബഹ്റൈന്റെ ചെയർപേഴ്സണായി നിയമിതയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഏഷ്യയിലുടനീളം വിമാനയാത്ര ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രാപ്യമാക്കുന്നതിൽ എയർ ഏഷ്യ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും സെറ കിർദാർ പറഞ്ഞു.
ബഹ്റൈനിലും സമീപ മേഖലകളിലും സമാനമായ നേട്ടങ്ങൾ കൈവരിക്കാൻ എയർ ഏഷ്യയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഗൾഫ് രാജ്യങ്ങളും ഏഷ്യയും തമ്മിലുള്ള വിനോദസഞ്ചാര, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബഹ്റൈൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഈ സംരംഭം വലിയ അവസരങ്ങൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
ബഹ്റൈൻ സർക്കാരുമായും പങ്കാളികളുമായും സഹകരിച്ച് രാജ്യത്തിന് അഭിമാനിക്കാവുന്ന ഒരു എയർലൈൻ കെട്ടിപ്പടുക്കാൻ സഹ ബോർഡ് അംഗങ്ങളോടൊപ്പം പ്രവർത്തിക്കുമെന്നും സെറ കിർദാർ വ്യക്തമാക്കി.
Content Highlights: AirAsia aims to launch flights to Bahrain by March 2027, subject to favourable conditions. Dr. Sera Kirdar has been appointed chairperson, while Dato' Fam Lee will serve as vice chairman.Bahrain is being positioned as a strategic hub connecting ASEAN, the Middle East, Europe and Australia.
Published: 01 Nov 2026, 10:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented