ബ്രസല്‍സ്: യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച വാഷിങ്ടണില്‍ നടത്തുന്ന ചര്‍ച്ചയില്‍ യൂറോപ്യന്‍നേതാക്കളും പങ്കെടുക്കും. അലാസ്‌കയില്‍ വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ട്രംപ് നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍കാര്യത്തില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച.

To advertise here,

ഉടന്‍ വെടിനിര്‍ത്തല്‍ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്‌കയില്‍നിന്ന് വാഷിങ്ടണിലേക്ക് മടങ്ങവേ ട്രംപ് പറഞ്ഞിരുന്നു. അന്തിമ ഉടമ്പടിയില്‍ എത്തുംമുന്‍പ് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പുതിനും പറഞ്ഞു. പുതിന്റേത് യുക്രൈന്റെ കൂടുതല്‍പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള തന്ത്രമായാണ് യൂറോപ്യന്‍ സഖ്യകക്ഷികള്‍ കരുതുന്നത്.

ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക് മെര്‍ത്സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല ഫൊണ്ടെ ലെയ്ന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാന്‍ഡര്‍ സ്റ്റബ്‌സ് തുടങ്ങിയവരാണ് സെലെന്‍സ്‌കിയും ട്രംപും തമ്മിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

യുക്രൈന്റെ കിഴക്കുള്ള പ്രദേശങ്ങളായ ഡൊണെട്‌സ്‌കും ലുഹാന്‍സ്‌കും വിട്ടുകൊടുത്താല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന പുതിന്റെ നിര്‍ദേശം തനിക്കു സ്വീകാര്യമാണെന്ന് സെലെന്‍സ്‌കിയും യൂറോപ്യന്‍ നേതാക്കളുമായി ശനിയാഴ്ച നടത്തിയ ഫോണ്‍സംഭാഷണത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഈ പ്രദേശങ്ങള്‍ വിട്ടുനല്‍കുന്നതിനു പകരമായി ഹെര്‍സോണ്‍, സപോറീസിയ എന്നിവിടങ്ങള്‍ക്കായുള്ള യുദ്ധം നിര്‍ത്താമെന്നും പുതിന്‍ പറഞ്ഞു. യുക്രൈന്റെ ഭാവിസുരക്ഷയ്ക്കുവേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതിനിടെ, ഞായറാഴ്ചയും യുക്രൈനും റഷ്യയും പരസ്പരം ഡ്രോണ്‍ ആക്രമണം നടത്തി. അറുപതിലേറെ ഡ്രോണുകളും ഇസ്‌കന്ദര്‍ മിസൈലും റഷ്യ അയച്ചെന്ന് യുക്രൈന്‍ വ്യോമസേന പറഞ്ഞു. റഷ്യയുടെ അതിര്‍ത്തിമേഖലകളിലേക്ക് യുക്രൈന്‍ 46 ഡ്രോണുകളയച്ചു. ഡൊണെട്‌സ്‌കില്‍ ശനിയാഴ്ച റഷ്യ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു.