കീവ്:  റഷ്യയുമായി യുദ്ധം തുടരണമെങ്കില്‍ അടുത്ത വർഷം 12000 കോടി ഡോളര്‍ ( ഏകദേശം പത്തുലക്ഷം കോടി രൂപയോളം) എങ്കിലും കുറഞ്ഞത് വേണമെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രി ഡെനിസ് ഷ്‌മൈഗള്‍. റഷ്യയുമായുള്ള യുദ്ധത്തില്‍ സൈന്യത്തെ നിലനിര്‍ത്താന്‍ അത്രയും പണം ആവശ്യമാണെന്നും യുദ്ധം അവസാനിച്ചാലും അത്രത്തോളം വേണ്ടിവരുമെന്നും ഷ്‌മൈഗള്‍  പറഞ്ഞു. 

To advertise here,

രാജ്യത്തിന്റെ വരുമാനത്തില്‍ മൂന്നിലൊന്നും പ്രതിരോധ ചിലവുകള്‍ക്കായാണ് വിനിയോഗിക്കുന്നത്. കൂടാതെ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളർ സാമ്പത്തിക സഹായവും ചേർന്നാണ് യുക്രൈന്റെ സമ്പദ്‌വ്യവസ്ഥയെ ഇപ്പോള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. കൂടുതല്‍ വിഭവങ്ങളും സമ്പത്തുമുള്ള റഷ്യ യുദ്ധക്കളത്തില്‍ അവ വിനിയോഗിക്കുന്നത് തുടര്‍ന്നാല്‍ ഇനിയും കൂടുതല്‍ ഭൂമി യുക്രൈന് നഷ്ടപ്പെടുമെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രി ഡെനിസ് ഷ്‌മൈഗള്‍ റോയിട്ടേഴ്‌സ് വാർത്താഏജൻസിയോട് പറഞ്ഞു. 

യുദ്ധം തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം കുറഞ്ഞത് 12000 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിച്ചാലും സൈന്യത്തെ സജ്ജരാക്കി നിര്‍ത്താനും റഷ്യയില്‍ നിന്നുള്ള ഭാവി ആക്രമണങ്ങളെ പ്രതിരോധിക്കാനും അത്രത്തോളം തന്നെ ആവശ്യമായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മൂന്നരവര്‍ഷമായി തുടരുന്ന യുദ്ധത്തെ തുടര്‍ന്ന് യുക്രൈന്‍ ജനത ഗണ്യമായ നികുതി ഭാരമാണ് വഹിക്കുന്നത്. യുദ്ധച്ചെലവുകള്‍ കണ്ടെത്താന്‍ പാശ്ചാത്യ രാജ്യങ്ങളിലുള്ള റഷ്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം തങ്ങളുടെ ആസ്തികള്‍ കണ്ടുകെട്ടുന്നത് മോഷണമായി കണക്കാക്കി നടപടിയെടുക്കുമെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ള റഷ്യയുടെ മരവിപ്പിച്ച ആസ്തികള്‍ ഉപയോഗിച്ച് യുക്രൈന് നഷ്ടപരിഹാര ഫണ്ട് കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിനോട് അംഗരാജ്യങ്ങള്‍ മുഖംതിരിച്ചിരുന്നു. തങ്ങളുടെ രാജ്യത്തുള്ള റഷ്യയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ അംഗരാജ്യങ്ങള്‍ തയ്യാറായിരുന്നില്ല.