ലണ്ടൻ: മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിനെതിരായ കേസിൽ പോലീസ് അന്വേഷണത്തിന് പൂർണ പിന്തുണയും സഹകരണവും വാഗ്ദാനംചെയ്ത് ബ്രിട്ടീഷ് രാജകുടുംബം. ആൻഡ്രൂവിന്റെ അറസ്റ്റിന് പിന്നാലെ ചാൾസ് മൂന്നാമൻ രാജാവ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അന്വേഷണവുമായി രാജകുടുംബം പൂർണമായും സഹകരിക്കുമെന്ന് അറിയിച്ചത്.

To advertise here,

അധികൃതരുടെ അന്വേഷണം നടക്കുന്നത് ശരിയായരീതിയിലാണ്. ഇക്കാര്യത്തിൽ താൻ മുൻപ് പറഞ്ഞതുപോലെ അന്വേഷണത്തിന് തങ്ങളുടെ പൂർണപിന്തുണയും സഹകരണവുമുണ്ട്. നിയമം അതിന്റെ വഴിക്ക് പോകണമെന്ന് താൻ വീണ്ടും വ്യക്തമായി പറയുകയാണെന്നും ആൻഡ്രൂവിന്റെ മൂത്ത സഹോദരനായ ചാൾസ് രാജാവ് പ്രസ്താവനയിൽ പറഞ്ഞു.

അന്വേഷണ നടപടികൾ തുടരുന്നതിനാൽ ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയുന്നത് ശരിയല്ല. അതേസമയം, താനും തന്റെ കുടുംബവും നിങ്ങൾക്കെല്ലാവർക്കും വേണ്ടി തങ്ങളുടെ കർത്തവ്യവും സേവനവും തുടരുമെന്നും രാജാവ് വ്യക്തമാക്കി.

Also Read: കോളിളക്കം സൃഷ്ടിച്ച് എപ്സ്റ്റീൻ ഫയൽസിലെ ചിത്രങ്ങൾ

ആരും നിയമത്തിന് അതീതരല്ല എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ പ്രതികരണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരേയുള്ള ആക്രമണങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്ന ഏതൊരാളും മുന്നോട്ടുവരണം. നമ്മുടെ നിയമത്തിന് കീഴിൽ എല്ലാവരും തുല്യരാണ്. ആരും നിയമത്തിന് മുകളിലല്ല. അത് എല്ലായിടത്തും നടപ്പാക്കേണ്ടത് വളരെ പ്രധാനമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമാണ് മുൻ രാജകുമാരനായ ആൻഡ്രൂവിന്റെ അറസ്റ്റിന് കാരണമായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. നേരത്തേ പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ ആൻഡ്രൂവിന്റെ നിരവധി ചിത്രങ്ങളും ഇതുസംബന്ധിച്ച ഒട്ടേറെ വിശദാംശങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ലൈംഗിക കുറ്റകൃത്യവുമായി ബന്ധപ്പെട്ടല്ല നിലവിലെ അറസ്റ്റെന്നാണ് വിവരം. ഔദ്യോഗിക പദവിയിലിരിക്കെ ആൻഡ്രൂ ജെഫ്രി എപ്സ്റ്റീന് രഹസ്യരേഖകൾ കൈമാറിയെന്ന കേസിലാണ് നിലവിൽ അറസ്റ്റുണ്ടായതെന്നാണ് റിപ്പോർട്ട്. പൊതുപദവി ദുരുപയോഗംചെയ്‌തെന്ന കുറ്റമാണ് ആൻഡ്രൂവിനെതിരേയുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നേരത്തെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ ആൻഡ്രൂവിന് രാജപദവികളും നഷ്ടമായിരുന്നു.

വ്യാഴാഴ്ച ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽനിന്നാണ് പോലീസ് ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സറിനെ അറസ്റ്റ്‌ചെയ്തത്. വ്യാഴാഴ്ച രാവിലെ മുതൽത്തന്നെ പോലീസ് വാഹനങ്ങൾ സാൻഡ്രിംഗ്ഹാം എസ്‌റ്റേറ്റിന് മുന്നിലുണ്ടായിരുന്നതായാണ് വിവരം. കൃത്യമായ വിലയിരുത്തലുകൾക്കും അന്വേഷണത്തിനും ശേഷമാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും പറയുന്നു.

ആൻഡ്രൂവിന്റെ 66-ാം പിറന്നാൾദിനമാണ് വ്യാഴാഴ്ച. ഇതേദിവസം തന്നെയാണ് ആൻഡ്രൂ പോലീസിന്റെ പിടിയിലായത്. അതേസമയം, ഒരാളെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചെങ്കിലും ബ്രിട്ടീഷ് നിയമപ്രകാരം പേരോ മറ്റുവിവരങ്ങളോ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.