ലണ്ടൻ: എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി ബ്രിട്ടനിലെ അധികാര സമവാക്യങ്ങളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങൾ ബ്രിട്ടനിൽ വർധിച്ചുവരികയാണ്. ഇതുകൂടാതെ ലേബർ പാർട്ടിയിലെ മുൻ സഹപ്രവർത്തകനും പ്രമുഖ രാഷ്ട്രീയപ്രവർത്തകനുമായ പീറ്റർ മാൻഡൽസനെ യുഎസ് അംബാസഡറായി നിയമിച്ച സ്റ്റാർമറുടെ നടപടി സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നിട്ടും മാൻഡൽസനെ സ്റ്റാർമർ നിയമിച്ചത് വിവാദമായിരിക്കുകയാണ്. വ്യക്തിപരമായി തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കിലും സ്റ്റാർമറിൻ്റെ രാജി ആവശ്യപ്പെട്ട നിരവധി ലേബർ എംപിമാർ രംഗത്തെത്തിയിട്ടുണ്ട്.
മാൻഡൽസനെ നിയമിക്കാൻ സ്റ്റാർമറിന് ഉപദേശം നൽകിയതിൻ്റെ പേരിൽ പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫും കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും രാജിവെച്ചു. പക്ഷെ സ്റ്റാർമറിനെ പ്രധാനമന്ത്രി പദവിയിൽ നിലനിർത്താൻ ഈ രാജി മാത്രം പര്യാപ്തമാകില്ലെന്നാണ് സൂചന. പാർട്ടിക്കുള്ളിൽ പിന്തുണ നേടാൻ സ്റ്റാർമർ ശ്രമിക്കുമ്പോൾ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് സ്റ്റാർമറിന്റെ പിൻഗാമിയായേക്കുമെന്നുള്ള അഭ്യൂഹം വ്യാപകമായിരിക്കുകയാണ്. ആ പദവിയിലേക്കെത്തുകയാണെങ്കിൽ ബ്രിട്ടനിലെ മുസ്ലിം വംശജയായ ആദ്യത്തെ പ്രധാനമന്ത്രിയാകും ഷബാന മഹ്മൂദ്. സ്റ്റാർമറുടെ പ്രധാന അനുകൂലി കൂടിയാണ് ഷബാന.
പോലീസ്, കുടിയേറ്റം, ദേശീയ സുരക്ഷ എന്നിവയുടെ ചുമതലയുള്ള ആഭ്യന്തര വകുപ്പിൽ ഉന്നതസ്ഥാനം വഹിക്കുന്ന ആദ്യത്തെ മുസ്ലിം വനിതയാണ് മഹമൂദ്. 1980 സെപ്റ്റംബർ 17 ന് ബർമിങ്ഹാമിൽ ജനിച്ച ഷബാനയുടെ മാതാപിതാക്കൾ പാക് അധിനിവേശ കശ്മീരിൽ നിന്നുള്ളവരാണ്. അഞ്ച് വയസ്സുവരെ ഷബാന കുടുംബത്തോടൊപ്പം സൗദി അറേബ്യയിലാണ് താമസിച്ചത്. സ്മോൾ ഹീത്ത് സ്കൂളിലും കിങ് എഡ്വേർഡ് VI കാമ്പ് ഹിൽ സ്കൂൾ ഫോർ ഗേൾസിലും പഠിച്ച ശേഷം ഒക്സ്ഫോർഡ് ലിങ്കൺ കോളേജിൽനിന്ന് 2002 ൽ നിയമബിരുദം നേടി. 2003 ൽ ഇൻസ് ഓഫ് കോർട്ട് സ്കൂൾ ഓഫ് ലോയിൽ നിന്ന് ബാർ വൊക്കേഷണൽ കോഴ്സ് പൂർത്തിയാക്കി.
തുടർന്ന് 12 കിങ്സ് ബെഞ്ച് വാക്ക്, ബെറിമാൻസ് ലെയ്സ് മാവർ എന്നിവിടങ്ങളിൽ ബാരിസ്റ്ററായി പ്രവർത്തിച്ചു. 2010 ൽ ബർമിങ്ഹാം ലേഡിവുഡിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010 മുതൽ 2015 വരെ ഷാഡോ മിനിസ്റ്റർ ഫോർ പ്രിസൺസ്, ഷാഡോ മിനിസ്റ്റർ ഫോർ ഹയർ എജ്യുക്കേഷൻ, ഷാഡോ ഫിനാൻഷ്യൽ സെക്രട്ടറി ടു ദ ട്രഷറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015 ലെ തിരഞ്ഞെടുപ്പിന് ശേഷം, ഷാഡോ ചീഫ് സെക്രട്ടറി ടു ദ ട്രഷറിയായി ഷാഡോ കാബിനറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. യെവെറ്റ് കൂപ്പറിൻ്റെ ലേബർ നേതാവ് സ്ഥാനത്തേക്കുള്ള പ്രചാരണത്തിന് നേതൃത്വം നൽകി. 2015 ൽ ജെറിമി കോർബിൻ ലേബർ നേതാവായപ്പോൾ അദ്ദേഹത്തിൻ്റെ നയങ്ങളോടുള്ള വിയോജിപ്പ് കാരണം മഹമൂദ് തൻ്റെ ഷാഡോ കാബിനറ്റ് ജോലി ഉപേക്ഷിച്ച് എംപിയായി മാത്രമായി പ്രവർത്തിച്ചു.
2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ വിജയത്തെത്തുടർന്ന് നീതിന്യായ വകുപ്പ് സെക്രട്ടറിയും ലോർഡ് ചാൻസലറുമായി. 2025 ൽ മുൻ ആഭ്യന്തര സെക്രട്ടറി ഏയ്ഞ്ചല റെയ്‌നർ രാജി വെച്ചതിന് ശേഷം ആഭ്യന്തര സെക്രട്ടറിയായി നിയമിതയായി. ആഭ്യന്തര സെക്രട്ടറിയെന്ന നിലയിൽ, കുടിയേറ്റം, നിയമം, ക്രമം എന്നിവയുടെ ചുമതല വഹിച്ചു. അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും അനധികൃത കുടിയേറ്റത്തിനെതിരെ നടപടിയെടുക്കുന്നതിനും ഉള്ള അവരുടെ നീക്കങ്ങൾ ലേബർ പാർട്ടിയുടെ വലതുപക്ഷ വിഭാഗത്തിൻ്റെ പ്രിയങ്കരിയായി ഷബാനയെ മാറ്റി.
Content Highlights: UK political crisis deepens over Epstein files and Ambassador appointment. PM Starmer faces resignation calls. Is Shabana Mahmood the next leader? Read more.
Published: 10 Feb 2026, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented