ലണ്ടൻ: ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ടുള്ള ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യുഎസിന് അനുമതി നൽകി യുകെ. അടിയന്തര യോഗത്തിലാണ് ബ്രിട്ടീഷ് മന്ത്രിമാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ഹോർമുസിലൂടെ കടന്നു പോകുന്ന കപ്പലുകളുടെ സുരക്ഷയെന്നോണം കൂട്ടായ പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് ബ്രിട്ടൻ വെള്ളിയാഴ്ച പ്രതികരിച്ചത്. ബ്രിട്ടന്റെ താൽപ്പര്യങ്ങളോ പൗരൻമാരുടെ ജീവന് ഭീഷണിയാകുന്ന മിസൈലുകൾ ഇറാൻ വിക്ഷേപിക്കുന്നതിന്നതിനെ പ്രതിരോധിക്കാനുമായി തങ്ങളുടെ സൈനികതാവളങ്ങൾ ഉപയോഗിക്കാൻ യുഎസിന് യുകെ നേരത്തെ അനുമതി നൽകിയിരുന്നു.

ബ്രിട്ടന്റെ തീരുമാനത്തോട് രൂക്ഷഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ഇറാന് നേരെയുള്ള ഇസ്രായേൽ - യുഎസ് ആക്രമണങ്ങളിൽ പങ്കുചേരാൻ താൽപ്പര്യമില്ലാത്തവരാണ് ഭൂരിഭാഗം ബ്രിട്ടീഷുകാർ. സ്വന്തം ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ചെയ്തത്. സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.

എന്നാൽ ബ്രിട്ടീഷ് സൈനിക താവളങ്ങൾ കുറച്ചു കൂടി നേരത്തെ തന്നെ അമേരിക്കയ്ക്ക് ഉപയോഗിക്കാൻ അനുമതി നൽകേണ്ടതായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾ ട്രംപ് പ്രതികരിച്ചു.

ഇറാനെ ആക്രമിക്കുന്നതിനായി ഏതെങ്കിലും സേനാതാവളങ്ങൾ യു.എസിന് വിട്ടുനൽകിയാൽ യുദ്ധത്തിൽ നേരിട്ട് പങ്കാളിയായതായി കണക്കാക്കുമെന്ന് ബ്രിട്ടന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ തന്നെ മുന്നറിയിപ്പുനൽകിയിരുന്നു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി യ്വേറ്റ് കൂപ്പറുമായി നടത്തിയ ഫോൺ ചർച്ചയിലായിരുന്നു മുന്നറിയിപ്പ്.