വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ അമേരിക്ക നടത്തിയ അതീവ രഹസ്യമായ 'ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്' വൻ വിജയമായെങ്കിലും ട്രംപ് ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകൾ ഈ വിജയത്തിനിടയിലും ചർച്ചയാകുന്നു. രാജ്യത്തെ ഇന്റലിജൻസ് ഡയറക്ടറായ(ഡിഎൻഐ) തുൾസി ഗബ്ബാർഡിനെ മാസങ്ങൾ നീണ്ട ആസൂത്രണ പ്രക്രിയകളിൽ നിന്ന് വൈറ്റ് ഹൗസ് മനഃപൂർവ്വം മാറ്റിനിർത്തിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

To advertise here,

സൈനിക ഇടപെടലുകളോടുള്ള ഗബ്ബാർഡിന്റെ മുൻകാല നിലപാടുകളാണ് ഈ അകൽച്ചയ്ക്ക് പ്രധാന കാരണം. 2019-ൽ അമേരിക്ക വെനസ്വേലൻ ആഭ്യന്തര കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസവും വിദേശ രാജ്യങ്ങളുമായുള്ള യുദ്ധത്തിന് പ്രേരിപ്പിക്കുന്ന യുദ്ധക്കൊതിയന്മാരെ അവർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇവയെല്ലാം മുൻനിർത്തി മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനെ ഗബ്ബാർഡ് പൂർണ്ണമനസ്സോടെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ ട്രംപിന്റെ അടുത്ത വൃത്തങ്ങൾക്ക് സംശയമുണ്ടായിരുന്നു.

ഗബ്ബാർഡിനോടുള്ള അവഗണന എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വൈറ്റ് ഹൗസ് വൃത്തങ്ങളിൽ നിന്നുള്ള ചില റിപ്പോർട്ടുകൾ. ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് എന്നതിന്റെ ചുരുക്കപ്പേരായ DNI എന്നത് "Do Not Invite" (ക്ഷണിക്കരുത്) എന്നാണെന്ന് ചില ഉദ്യോഗസ്ഥർ പരിഹസിച്ച് പറയാറുണ്ടായിരുന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഓപ്പറേഷൻ സമയത്ത് വൈറ്റ് ഹൗസ് പുറത്തുവിട്ട വാർ റൂം ചിത്രങ്ങളിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവർ ട്രംപിനൊപ്പം ഉണ്ടായിരുന്നെങ്കിലും ഗബ്ബാർഡ് വിട്ടുനിന്നത് അഭ്യൂഹങ്ങൾ ശരിവെക്കുന്നു. രാജ്യത്തെ 18 ഇന്റലിജൻസ് ഏജൻസികളെ ഏകോപിപ്പിക്കേണ്ട പ്രധാന ഉപദേഷ്ടാവിനെ ഇത്തരം ഗൗരവമേറിയ നീക്കങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് അസാധാരണമാണ്.

അതേസമയം, ഗബ്ബാർഡിനെ മാറ്റിനിർത്തിയെന്ന വാർത്തകൾ വൈറ്റ് ഹൗസ് നിഷേധിച്ചു. താനോ ഗബ്ബാർഡോ പ്ലാനിങിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും രഹസ്യാത്മകത സൂക്ഷിക്കാനായി ചെറിയൊരു സംഘം മാത്രമാണ് ഇതിൽ പങ്കെടുത്തതെന്നുമാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറയുന്നത്. ഗബ്ബാർഡിൽ പ്രസിഡന്റിന് പൂർണ്ണ വിശ്വാസമുണ്ടെന്നും അവർ മികച്ച രീതിയിലാണ് ജോലി ചെയ്യുന്നതെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ്ങും വ്യക്തമാക്കി.