
വാഷിങ്ടൺ: ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ നടപടി. സേവ് അമേരിക്ക ആക്ട് ബിൽ ഉടൻ പാസ് ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആ കുറിപ്പിൽ, എങ്ങനെയാണ് സാധുവായ വോട്ടർ ഐഡി കാർഡുകളില്ലാതെ അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ചോദിച്ചതായും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഗ്യാനേഷ് കുമാറിനെയും പുകഴ്ത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രതികരണത്തിനു പിന്നിലെന്താണ്? യുഎസിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ട്രംപ് എന്ത് മാറ്റമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്?
ട്രംപിന്റെ സേവ് അമേരിക്ക ആക്ട് ബിൽ
പൗരത്വത്തിനുള്ള തെളിവ്, വോട്ടർ ഐഡന്റിഫിക്കേഷൻ എന്നിവയിലൂടെ വോട്ട് രേഖപ്പെടുത്താനുള്ള യോഗ്യതയിൽ കണിശത വരുത്താനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ട്രംപിന്റെ സേവ് അമേരിക്ക ആക്ട് ബിൽ. തപാൽ വഴിയുള്ള വോട്ട് രേഖപ്പെടുത്തലിനും കർക്കശമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയേയും സിഇസിയെയും പുകഴ്ത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രതികരണം.
അതേസമയം, ഇന്ത്യയിലെ വോട്ടർപട്ടിക ശുദ്ധീകരണം ലക്ഷ്യമിട്ടുള്ള സ്പെഷൽ ഇന്റൻസീവ് റിവിഷൻ അഥവാ എസ്ഐആർ നടപ്പാക്കലിലാണ് ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആർ എന്ന രീതി ആകെമാനം ട്രംപ് കടമെടുത്തോ എന്നത് വ്യക്തമല്ലെങ്കിലും സുരക്ഷിതമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഉദാഹരണമായി വൈറ്റ് ഹൗസ് ഉയർത്തിക്കാണിച്ചത് ഇന്ത്യയേയാണ്. അങ്ങനെയെങ്കിൽ ഗ്യാനേഷ് കുമാറിന്റെ ചോദ്യത്തെ മാത്രമല്ല, ഇന്ത്യയയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തേയും ട്രംപ് ഉറ്റുനോക്കുന്നുണ്ടാവുമോ?
രണ്ടും ഒരുപോലെയോ?
അതേസമയം, ഇന്ത്യയുടെയും അമേരിക്കയുടെയും തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങൾ തമ്മിൽ വലിയ വ്യത്യാസമുള്ളതിനാൽ സേവ് അമേരിക്ക ആക്ട് ബില്ലിനെയും എസ്ഐആറിനേയും താരതമ്യം ചെയ്യുമ്പോൾ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. സേവ് അമേരിക്ക ആക്ട് ബിൽ, എസ്ഐആർ പ്രക്രിയയിൽനിന്ന് ഏറെ വ്യത്യസ്തവുമാണ്. എന്നാൽ ഇതിനു രണ്ടിനും പൗരത്വം, വോട്ടർ ആകാനുള്ള യോഗ്യത, ശുദ്ധീകരിക്കപ്പെട്ട വോട്ടർ പട്ടിക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സമാനതയുണ്ടുതാനും. ആരാണ് വോട്ടർ, ആരെയൊക്കെ വോട്ട് ചെയ്യാൻ അനുവദിക്കണം എന്നീ കാര്യങ്ങളും സേവ് അമേരിക്ക ആക്ട് ബില്ലിന്റെയും എസ്ഐആറിന്റെയും പൊതുവായ ആവശ്യങ്ങളാണ്.
ഓഗസ്റ്റ് 17-ാം തീയതിയാണ് ട്രംപിന്റെ സാമൂഹികമാധ്യമക്കുറിപ്പ് വന്നത്. അതിന് അഞ്ചുദിവസം മുൻപ് ഓഗസ്റ്റ് 12-ന് ഗ്യാനേഷ് കുമാർ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ബാഹുല്യത്തെക്കുറിച്ചും വോട്ടർമാരെ തിരിച്ചറിയാനുള്ള സംവിധാനത്തെക്കുറിച്ചും ഗോറുമായി ഗ്യാനേഷ് കുമാർ സംസാരിച്ചിരുന്നുവെന്നാണ് വിവരം. പിന്നാലെയാണ് ട്രംപിന്റെ പ്രശംസയെത്തുന്നത്.
ഇന്ത്യയുടെ എസ്ഐആർ അടിസ്ഥാനപരമായി വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയാണ്. യോഗ്യരായ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനും മരിച്ചവരും സ്ഥലംമാറിപ്പോയവരും ഇരട്ടിപ്പുള്ളവരും അയോഗ്യരായ മറ്റ് വോട്ടർമാരും (പൗരന്മാരല്ലാത്തവർ ഉൾപ്പെടെ) പട്ടികയിൽ തുടരുന്നില്ലെന്ന് ഉറപ്പാക്കലുമാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ വിഷയങ്ങളെ വ്യത്യസ്തമായ രീതിയിൽ സമീപിക്കുകയാണ് സേവ് അമേരിക്ക ആക്ട് ബില്ല്. ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ രജിസ്റ്റർ ചെയ്യുന്നതിന് അമേരിക്കൻ പൗരനാണെന്ന് രേഖാമൂലമുള്ള തിരഞ്ഞെടുപ്പ് നിർബന്ധമാക്കാനും വോട്ടർ പട്ടികയിലിടംപിടിച്ച പൗരന്മാർ അല്ലാത്തവരെ കണ്ടെത്താനുള്ള മാർഗങ്ങളും ഇത് മുന്നോട്ടുവെക്കുന്നു.
എന്നാൽ, സേവ് അമേരിക്ക ആക്ട് ബില്ലിനെ അമേരിക്ക എസ്ഐആർ എന്ന് വെറുതെ വിളിക്കാനാവില്ല. കാരണം, ഇന്ത്യയിൽ എസ്ഐആർ നടപ്പാക്കുന്നത് ഭരണഘടനയാൽ ശാക്തീകരിക്കപ്പെട്ട തിരഞ്ഞെടുപ്പു കമ്മിഷൻ മുഖേനെയാണ്. എന്നാൽ, അമേരിക്കൻ തിരഞ്ഞെടുപ്പുകൾ വികേന്ദ്രീകൃതമാണ്. അതിൽ സ്റ്റേറ്റുകൾക്കാണ് വലിയ ചുമതല. രജിസ്ട്രേഷൻ, വോട്ടിങ് ചട്ടങ്ങൾ എന്നിയിൽ മാറ്റംവരുത്തുന്നതിന് സേവ് അമേരിക്ക ബില്ലിന് ഫെഡറൽ നിയമനിർമാണം ആവശ്യമാണ്.
Content Highlights: Donald Trump praised India's election system and CEC Gyanesh Kumar on Truth Social., The praise follows discussions around voter identification and the Save America Act., India's Special Intensive Revision (SIR) and the US bill share similarities in wanting accurate voter rolls., US elections are decentralized, making the implementation of such a model distinct from India's centralized process.
Published: 21 Aug 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented