വാഷിങ്ടണ്‍: റഷ്യന്‍ സൈന്യം വളഞ്ഞുവെച്ചിരുന്ന യുക്രൈന്‍ പട്ടാളക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് വ്‌ളാദമിര്‍ പുതിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ റഷ്യ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കയും യുക്രൈനുമാണ് വെടിനിര്‍ത്തല്‍ കരാര്‍ എന്ന ആവശ്യം റഷ്യയോട് ഉന്നയിച്ചത്. 

To advertise here,

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുതിനുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു. രക്തരൂക്ഷിതമായ യുദ്ധം അവസാനിക്കാനുള്ള സാധ്യത തുറന്നിട്ട ചര്‍ച്ചയാണ് നടന്നത്. എന്നാല്‍, ആയിരക്കണക്കിന് യുക്രൈന്‍ സൈനികര്‍
റഷ്യന്‍ പട്ടാളത്തിന്റെ അധീനതയിലാണ്. അവരുടെ ജീവന് ആപത്തുണ്ടാകരുതെന്നാണ് പുതിനോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. അല്ലെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പോലുമുണ്ടായിട്ടില്ലാത്ത ഒരു കൂട്ടക്കുരുതിയായിരിക്കും സംഭവിക്കുകയെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു. 

2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രൈനും തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ട്രംപ്-പുതിന്‍ കൂടിക്കാഴ്ച സംഭവിക്കുന്നത്. അമേരിക്ക നിര്‍ദേശിച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുക്രൈന്‍ മുമ്പുതന്നെ അംഗീകരിച്ചിരുന്നു. അതേസമയം വ്യാഴാഴ്ചയാണ് റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. എന്നാല്‍ ഏതാനും ഉപാധികളോടെ മാത്രമായിരിക്കും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കൂവെന്നാണ് പുതിന്‍ അറിയിച്ചത്. 

യുക്രൈന്‍ സൈന്യം ഈ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ തയ്യാറാകുമോയെന്ന ആശങ്ക പ്രകടിപ്പിച്ച പുതില്‍ 30 ദിവസത്തേക്ക് പ്രഖ്യാപിക്കുന്ന വെടിനിര്‍ത്തല്‍ സെലന്‍സ്‌കിയുടെ സൈന്യത്തിന് വീണ്ടും സംഘടിക്കാനുള്ള സാഹചര്യം ഒരുക്കുമോയെന്ന ആശങ്കയും പങ്കുവെച്ചിരുന്നു. ഏതുവിധത്തിലാണ്‌ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് എന്നതിനെ കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങളുണ്ടെന്നും ഇതേക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹമുണ്ടെന്നും പുതിന്‍ അറിയിച്ചിരുന്നു. 

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ സമാധാനമുണ്ടാക്കാന്‍ ശ്രമം നടത്തിയതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് രാഷ്ട്രത്തലവന്മാര്‍ക്കും പുതിന്‍ നന്ദി അറിയിച്ചിരുന്നു. ശത്രുത അവസാനിപ്പിക്കുന്നതിനും മനുഷ്യരുടെ നാശനഷ്ടങ്ങള്‍ തടയുന്നതിനുമുള്ള മഹത്തായ ലക്ഷ്യത്തോടെയാണ് ഇതെല്ലാം നടപ്പാക്കുന്നതെന്നാണ് പുതിന്‍ പറഞ്ഞത്.