വാഷിങ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവിന് പിന്നാലെ അയല്‍രാജ്യമായ കാനഡയുമായുള്ള തീരുവ യുദ്ധം കനക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കനേഡിയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഫോണില്‍ സംസാരിച്ചതായി വിവരം. 50 മിനിറ്റോളം നീണ്ട ഈ ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷങ്ങളില്‍ ചൂടേറിയ ചര്‍ച്ച നടന്നതായാണ് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

To advertise here,

ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലെ പ്രധാന വിഷയം ഫെന്റനിൽ കള്ളക്കടത്തായിരുന്നെന്നാണ് വിവരം. അമേരിക്കയിലെ ആയിരകണക്കിന് ആളുകളുടെ ജീവനെടുത്തതിന് പ്രധാന കാരണം ഫെന്റനിൽ എന്ന മയക്കുമരുന്ന് ആണെന്നും അത് അമേരിക്കയില്‍ എത്തുന്നത് കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്നും ട്രംപ് യു.എസ്. കോണ്‍ഗ്രസില്‍ പ്രസംഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ജസ്റ്റിന്‍ ട്രൂഡോയുമായി ഫോണില്‍ സംസാരിച്ചിരിക്കുന്നത്. 

ഇതിനുപുറമെ, കാനഡയിലെ തിരഞ്ഞെടുപ്പും ഇവരുടെ ചര്‍ച്ചയിലെ വിഷയങ്ങളില്‍ ഒന്നായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തീരുവ തര്‍ക്കങ്ങള്‍ സംബന്ധിച്ച് വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിലയിരുത്തല്‍. ട്രംപ്-ട്രൂഡോ സംഭാഷണത്തിന് പുറമെ, യു.എസ്. വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുഡ്‌നി, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് തുടങ്ങിയവരും ട്രൂഡോയുമായി സംസാരിച്ചതായാണ് വിവരം.

ഫോണ്‍ സംഭാഷണത്തിന് പിന്നാലെ ട്രൂഡോയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. തീരുവ പ്രശ്‌നം അധികാരത്തില്‍ തുടരുന്നതിനുള്ള ആയുധമായാണ് ട്രൂഡോ ഉപയോഗിക്കുന്നതെന്നായിരുന്നു ട്രംപ് ആരോപിച്ചത്. കനേഡിയന്‍ തിരഞ്ഞെടുപ്പ് എപ്പോഴാണെന്ന് അദ്ദേഹത്തോട് ചോദിച്ചെങ്കിലും അത് വെളിപ്പെടുത്താന്‍ ജസ്റ്റിന്‍ ട്രൂഡോ തയാറായില്ലെന്നാണ് ട്രംപ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. 

തീരുവയുടെ കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് ചോദിച്ചാണ് ജസ്റ്റിന്‍ ട്രൂഡോ ഫോണില്‍ ബന്ധപ്പെട്ടത്. കാനഡയുടെയും മെക്‌സികോയുടെയും അതിര്‍ത്തികളിലൂടെ എത്തിയ ഫെന്റനിൽ മയക്കുമരുന്ന് മൂലം അമേരിക്കയില്‍ നിരവധി ആളുകള്‍ മരിച്ചിട്ടുണ്ട്. ഈ മയക്കുമരുന്ന്‌ കള്ളക്കടത്തിന് അറുതി വന്നതായി തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്ന് ട്രംപ് കുറിച്ചു. എന്നാല്‍, കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ മറുപടിയെന്നും ട്രംപ് പറയുന്നു.