വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് ശേഷം ആദ്യമായി അഭിസംബോധന ചെയ്ത യു.എസ്. കോണ്‍ഗ്രസില്‍ പാകിസ്താന് നന്ദി അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്. 2021-ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെ പിടികൂടുന്നതിന് അമേരിക്കയെ സഹായിച്ചതിനാണ് പ്രസിഡന്റ് ട്രംപ് പാകിസ്താന് നന്ദി അറിയിച്ചിരിക്കുന്നത്. 13 യു.എസ്. സൈനികരാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

To advertise here,

അഫ്ഗാനിസ്ഥാനില്‍നിന്ന് യു.എസ്. സൈന്യത്തെ പിന്‍വലിക്കുന്നതിനിടെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ബോംബാക്രമണം ഉണ്ടാകുന്നത്. 170 അഫ്ഗാന്‍ പൗരന്മാരും 13 യു.എസ്. സൈനികരുമാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐ.എസ്. അനുഭാവികളായ ഭീകരസംഘമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു അമേരിക്കയുടെ ആരോപണം. വിമാനത്താവളത്തിലെ അബ്ബേ ഗേറ്റിന് സമീപത്തും ബാരണ്‍ ഹോട്ടലിന് സമീപത്തുമായി രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്. 

എന്നാല്‍, അമേരിക്ക അറസ്റ്റ് ചെയ്തിട്ടുള്ള ഭീകരരുടെ വിവരം വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയിലെ വാര്‍ത്ത മാധ്യമമായ ആക്‌സിയോസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജാഫര്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷരീഫുള്ളയാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് വിവരം. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവാണ് ഇയാളെന്നാണ് വിലയിരുത്തല്‍. ഇയാളെ പാകിസ്താനില്‍ നിന്ന് അമേരിക്കയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും സൈനികരെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തെ ബൈഡന്‍ സര്‍ക്കാരിന്റെ കഴിവില്ലായ്മയായാണ് ട്രംപ് കുറ്റപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തീരുമാനമായിരുന്നു അതെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്‍മാറ്റമല്ല, മറിച്ച് പിന്‍വാങ്ങിയ രീതിയാണ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി തുടരുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം ആക്രമണത്തിന് ഉത്തരവാദിയായവരെ ഞങ്ങള്‍ പിടികൂടിയെന്നും ട്രംപ് അവകാശപ്പെട്ടു.

2021 ഓഗസ്റ്റ് 26-നാണ് അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണമുണ്ടായത്. 2023 ഏപ്രില്‍ മാസത്തില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട ഐ.എസ്. ഭീകരന്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. അതേസമയം, പാകിസ്താന്റെ സഹായത്തോടെ ഈ ആക്രമണത്തിന് ഉത്തരവാദിയായ ആളെ പിടികൂടിയെന്നും ഇയാള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നുമാണ് ട്രംപ് യു.എസ്. കോണ്‍ഗ്രസില്‍ പറഞ്ഞത്.