വാഷിങ്ടൺ: ഇറാനുമായി വീണ്ടും ചർച്ചകൾ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. എന്നാൽ പാകിസ്താനിൽവെച്ച് വീണ്ടും ചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അമേരിക്ക രണ്ട് പുതിയ നിബന്ധനകൾ കൂടി മുന്നോട്ടുവെച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

To advertise here,

ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകുക, ചർച്ചകളിൽ പങ്കെടുക്കുന്ന ഇറാനിയൻ പ്രതിനിധി സംഘം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) പിന്തുണയും തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും ഉറപ്പാക്കുക എന്നിവയാണ് യുഎസ് മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ എന്നാണ് വിവരം.

ഇറാനിലെ രാഷ്ട്രീയ നേതൃത്വവും സൈനിക വിഭാഗവും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ കരാറിലെത്തുന്നതിന് തടസ്സമാകും എന്ന ആശങ്കയാണ് ഇതിന് പിന്നിലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇസ്ലാമാബാദിൽവെച്ച് നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളിലൂടെ ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.

നിലവിൽ തകർന്നു കൊണ്ടിരിക്കുന്ന ഇറാന്റെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താൻ ഒരു നയതന്ത്ര പരിഹാരം അത്യാവശ്യമാണെന്ന് ഇറാനിയൻ ഭരണകൂടത്തിനുള്ളിലും അഭിപ്രായമുണ്ട്. ഇറാനുമായുള്ള പുതിയ ഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. 'ശരിയായ, അനുയോജ്യരായ ആളുകൾ' വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിട്ടുവെന്നും ഒരു കരാർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ പുതിയ ചർച്ചകൾ തുടങ്ങുന്നതിന് മുമ്പ്, ഹോർമുസ് കടലിടുക്ക് പൂർണമായും നിയന്ത്രണങ്ങളില്ലാതെ തുറന്നു കൊടുക്കണമെന്ന് വാഷിങ്ടൺ ആവശ്യപ്പെട്ടതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ ഹായോം റിപ്പോർട്ട് ചെയ്തു. മറ്റ് രാജ്യങ്ങളുടെ കപ്പലുകളുടെയും ടാങ്കറുകളുടെയും സഞ്ചാരം ഇനിയും ഇറാൻ തടയുകയാണെങ്കിൽ, ഇറാനിയൻ കപ്പലുകളെയും ആ വഴിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ല എന്ന നിലപാടാണ് യുഎസ് മുന്നോട്ടുവെക്കുന്നത്.

ഇസ്രായേലി മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ ഉടലെടുക്കുന്ന ധാരണകൾക്ക് ഇറാൻ ഭരണകൂടത്തിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരുടെയും അംഗീകാരം വേണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ, ചർച്ചകൾക്ക് വരുന്ന ഇറാനിയൻ പ്രതിനിധി സംഘത്തിന്, ഏതൊരു കരാറും അന്തിമമാക്കാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൽ (IRGC) നിന്നുള്ള പൂർണമായ പിന്തുണയും തീരുമാനം എടുക്കാനുള്ള അധികാരവും ഉണ്ടായിരിക്കണം എന്നതാണ് രണ്ടാമത്തെ നിബന്ധന.

പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരടങ്ങുന്ന രാഷ്ട്രീയ നേതൃത്വവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സും തമ്മിൽ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതാണ് യുഎസിനെ രണ്ടാമത്തെ നിബന്ധന മുന്നോട്ടുവെക്കാൻ പ്രേരിപ്പിക്കുന്നത്.

പാകിസ്താനിൽ ഇപ്പോൾ കഴിഞ്ഞ ചർച്ചയിൽ, യുഎസിന് മറുപടി നൽകാൻ ഇറാന്റെ രാഷ്ട്രീയ പ്രതിനിധി സംഘത്തിലെ രണ്ട് മുതിർന്ന റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥരായ അഹമ്മദ് വാഹിദിയും അലി അബ്ദുള്ളാഹിയും അനുവദിച്ചില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പിന്നാലെ, ഇറാനെ പൂർണമായ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കാൻ നിലപാടെടുക്കണമെന്ന് ഇറാനിയൻ പ്രതിനിധി സംഘത്തെ നയിക്കുന്ന പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിനോട് പെസെഷ്‌കിയാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇക്കാരണങ്ങളാൽതന്നെ, കരാറിലെത്താൻ അധികാരമുള്ള ഒരു രാഷ്ട്രീയ സംഘം വന്നാൽ മാത്രമേ തങ്ങൾ ചർച്ചകളിലേക്ക് മടങ്ങുകയുള്ളൂ എന്ന നിലപാടിലാണ് യുഎസ്.

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ കഴിഞ്ഞ വാരാന്ത്യത്തിൽ പാകിസ്താന്റെ തലസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്കൻ, ഇറാനിയൻ ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. കൂടാതെ 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള ഇടപെടലുമാണിത്.