ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും വിമര്‍ശനവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുനേതാക്കളും ഒന്നും ചെയ്തില്ലെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. അടുത്ത ആഴ്ചയില്‍ ബ്രിട്ടീഷ്, ഫ്രഞ്ച് നേതാക്കള്‍ വൈറ്റ്ഹൗസ് സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

To advertise here,

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിക്ക് കാര്യമായ പങ്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് അദ്ദേഹം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ പ്രധാന്യമുള്ളതായി കരുതുന്നില്ലെന്നും അറിയിച്ചു.

യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് അധികാരമേറ്റ ശേഷം യു.എസും യൂറോപ്യന്‍ രാജ്യങ്ങളും രണ്ട് തട്ടിലാണ്. യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപ് മുന്‍കൈ എടുത്ത് സൗദി അറേബ്യയില്‍ യു.എസ്. സംഘം റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതില്‍ യു.എസിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളേയും യുക്രൈനേയും പങ്കെടുപ്പിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ പാരീസില്‍ യൂറോപ്യന്‍ നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു അഭിമുഖത്തില്‍ ട്രംപ് ഫ്രഞ്ച്, ബ്രിട്ടീഷ് ഭരണാധികാരികളെ വിമര്‍ശിച്ചിരിക്കുന്നത്.

അതേസമയം, വിമര്‍ശനങ്ങള്‍ക്കിടയിലും ഇരുവരേയും പ്രശംസിക്കാനും ട്രപ് തയ്യാറായി. താന്‍ മാക്രോണിനെ ഒരു 'സുഹൃത്ത്' ആയി കണക്കാക്കുന്നുവെന്നും സ്റ്റാര്‍മര്‍ 'വളരെ നല്ല വ്യക്തി' ആണെന്നും ട്രംപ് പറഞ്ഞു. ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ചയും കെയിര്‍ സ്റ്റാര്‍മര്‍ വ്യാഴാഴ്ചയും യു.എസ്. സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്.

മൂന്നാം ലോകയുദ്ധത്തിനുള്ള സാധ്യത അത്ര അകലെയല്ലെന്നും അത് തടയുമെന്നും ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബൈഡന്‍ ഭരണകൂടം ഒരു വര്‍ഷംകൂടി തുടര്‍ന്നിരുന്നെങ്കില്‍ യുദ്ധം ഉറപ്പായും ഉണ്ടാകുമായിരുന്നു. നിലവിലുള്ള ഒരു യുദ്ധത്തിലും യു.എസ്. ഭാഗമാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.