വാഷിങ്ടൺ: യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ജോ ബൈഡൻ തൻ്റെ കാലാവധി തീരും മുൻപ് കമല ഹാരിസിന് ഏർപ്പെടുത്തിയ സുരക്ഷയാണ് റദ്ദാക്കിയിരിക്കുന്നതെന്ന് അവരുടെ ഉപദേശകരിൽ ഒരാളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജനുവരിയിൽ പദവി ഒഴിഞ്ഞതിന് ശേഷം ആറുമാസത്തേക്ക് ഈ അധിക സുരക്ഷ ലഭിക്കാൻ നിയമപ്രകാരം കമല ഹാരിസിന് അർഹതയുണ്ടായിരുന്നു. അത് ജൂലായിയിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ജോ ബൈഡൻ ഒപ്പിട്ട ഒരു നിർദ്ദേശപ്രകാരം ഈ സുരക്ഷ രഹസ്യമായി ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു മെമ്മോയിലൂടെ ട്രംപ് ഇത് റദ്ദാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഓ​ഗസ്റ്റ് 28ൽ പുറത്തിറക്കിയ മെമ്മോയിൽ കമല ഹാരിസിനായി നിയമം അനുശാസിക്കുന്നതിനപ്പുറം എക്സിക്യൂട്ടീവ് മെമ്മോറാണ്ടം വഴി മുമ്പ് അംഗീകരിച്ചിട്ടുള്ള എല്ലാ സുരക്ഷാ നടപടികളും സെപ്റ്റംബർ 1 മുതൽ നിർത്തലാക്കാൻ സീക്രട്ട് സർവീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.   

ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ഈ നീക്കം സ്ഥിരീകരിച്ചതായി ബിബിസി വ്യക്തമാക്കുന്നു. നിയമപരമായി അവർക്ക് അർഹതപ്പെട്ട ആറ് മാസത്തിനപ്പുറം സുരക്ഷ നീട്ടുന്നതിനെ ന്യായീകരിക്കുന്ന തരത്തിൽ ആശങ്കാജനകമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇതോടെ ലോസ് ഏഞ്ചൽസിൽ കമല ഹാരിസിനെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഏജന്റുമാരെയും, ഭീഷണികൾ തിരിച്ചറിഞ്ഞ് മുൻകൂട്ടി തടയുന്നതിനുള്ള സുരക്ഷാ ഇന്റലിജൻസ് സംവിധാനങ്ങളെയും അവർക്ക് നഷ്ടമാകും. സമാനമായ സുരക്ഷ സ്വകാര്യമായി ഏർപ്പെടുത്തുകയാണെങ്കിൽ, വർഷം ദശലക്ഷക്കണക്കിന് ഡോളർ ചെലവ് വരും.

പദവിയിലിരുന്ന കാലത്ത് ഹാരിസ് നിരവധി സുരക്ഷാ ഭീഷണികൾ നേരിട്ടിരുന്നു.  കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസും ഈ പ്രഖ്യാപനത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി. പിരിച്ചുവിടലുകൾ, സുരക്ഷാ അനുമതികൾ റദ്ദാക്കൽ തുടങ്ങിയ ഒരു നീണ്ട പട്ടികയിലുള്ള രാഷ്ട്രീയ പ്രതികാര നടപടികളുടെ തുടർച്ചയാണിതെന്ന് ബാസ് വിമർശിച്ചു. ഈ നടപടി ഹാരിസിനെ അപകടത്തിലാക്കുമെന്നും ലോസ് ഏഞ്ചൽസിൽ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മേയർ പറഞ്ഞു.

യുഎസ് പ്രസിഡന്റായി അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ മക്കളായ ഹണ്ടർ, ആഷ്‌ലി ബൈഡൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിൻ്റെ മുൻ ഡയറക്ടർ ആന്റണി ഫൗച്ചി എന്നിവരുൾപ്പെടെ നിരവധി പേരുടെ സീക്രട്ട് സർവീസ് സുരക്ഷ ട്രംപ് റദ്ദാക്കിയിരുന്നു. മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ എന്നിവരുൾപ്പെടെ നിരവധി മുൻ ട്രംപ് ഉദ്യോഗസ്ഥരുടെയും സഖ്യകക്ഷികളുടെയും സുരക്ഷയും റദ്ദാക്കിയിട്ടുണ്ട്.