വാഷിങ്ടൺ: ഫെബ്രുവരി 28-ന് ഇറാനെതിരായി സംയുക്ത സൈനികനടപടി ആരംഭിച്ചതിനുശേഷം ആദ്യമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കൂടിക്കാഴ്ചനടത്തി. പശ്ചിമേഷ്യാ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിന്റെപേരിൽ ഇരുനേതാക്കളും ആഭ്യന്തരമായി എതിർപ്പുകൾ നേരിടുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

To advertise here,

കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപ് ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ നെതന്യാഹുവിനെതിരേ ട്രംപ് പരസ്യമായി അസ്വസ്ഥത പ്രകടിപ്പിച്ചു. ഇറാനെതിരേ ആക്രമണം തുടരാൻ നെതന്യാഹു തന്നെ സ്വാധീനിക്കാൻ നോക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചു.

ഇറാനിലെ ‘പിക്കാക്സ്’ മലനിരകളിലുള്ള ദുരൂഹ ആണവകേന്ദ്രത്തിന്റെ പ്രവർത്തനംസംബന്ധിച്ച ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിവരങ്ങൾ നെതന്യാഹു ട്രംപുമായി ചർച്ചചെയ്തേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുമ്പോഴായിരുന്നു ഇത്. ‘‘പിക്കാക്സിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം. ഇറാൻ ചെയ്യുന്നതൊന്നും ഇപ്പോൾ വലിയ പ്രശ്നമല്ല. എന്നെ ഈ വിഷയത്തിൽ തുടർന്നും ഇടപെടാൻ നിർബന്ധിതനാക്കാനാണ് ബിബി (നെതന്യാഹു) ഇതെല്ലാം പറയുന്നത്. ലോകത്തോട് ഇതൊക്കെ എന്തിനാണ് പ്രഖ്യാപിക്കുന്നത്?’’ -ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യാ സംഘർഷവുമായി ബന്ധപ്പെട്ട് മുൻപും പലതവണ ട്രംപ് നെതന്യാഹുവിനെതിരേ വിമർശനമുന്നയിച്ചിരുന്നു. യു.എസ്.-ഇറാൻ വെടിനിർത്തൽക്കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു ലെബനനിലെ വെടിനിർത്തൽ. അതുലംഘിച്ച് ഇസ്രയേൽ ലെബനനിൽ സൈനികനടപടി തുടർന്നതാണ് അന്ന് ട്രംപിനെ ചൊടിപ്പിച്ചത്. നവംബറിൽ യു.എസിൽ ഇടക്കാല തിരഞ്ഞെടുപ്പും ഒക്ടോബറിൽ ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പും നടക്കാനിരിക്കേ ഇറാൻ വിഷയത്തിൽ നീക്കുപോക്കുണ്ടാക്കേണ്ടത് ഇരുവരെസംബന്ധിച്ചും നിർണായകമാണ്.

ഇറാന്റെ ആണവപരിപാടിയെക്കുറിച്ചും ഇസ്രയേൽ–ലെബനൻ വെടിനിർത്തൽ ധാരണയുടെ തുടർനടപടികൾ സംബന്ധിച്ചും ട്രംപുമായി ചർച്ചനടത്തുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിനെയും യുക്രൈനെയും ശക്തമായി പിന്തുണച്ചിരുന്ന യു.എസ്. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനുകൂടി വേണ്ടിയാണ് നെതന്യാഹു വാഷിങ്ടണിലെത്തിയത്. ചടങ്ങിനെത്തിയ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയും വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ടു.